കൊല്ലം: നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. ശിവജി സുദര്ശന് ആവശ്യപ്പെട്ടു. നിര്‍മാണ മേഖലയെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് ദിവസവേതനക്കാരായ തൊഴിലാളികളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്ലം ജില്ലാ നിര്‍മ്മാണ തൊഴിലാളി സംഘം (ബിഎംഎസ്) താലൂക്ക് ഓഫീസ് പടിക്കല്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 18കോടി വരുന്ന പാവപ്പെട്ട ജനവിഭാഗത്തെ തെറ്റായ നയങ്ങളും നിലപാടും കൊണ്ട് ദുരിതത്തിലേക്ക് വലിച്ചെറിയുന്ന സര്‍ക്കാര്‍ റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്ക്കായി നിലകൊള്ളുകയാണ്. ഓരോ മാസവും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു.
വിലവര്‍ധനവിന് പരിഹാരമുണ്ടാക്കാതെ ചില്ലറ വ്യാപാര രംഗത്ത് പണിയെടുക്കുന്ന പൗരന്മാരുടെ വയറ്റത്തടിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുതലാളിത്തത്തിനായി നിലകൊള്ളുന്ന ഭരണകൂടത്തില്‍ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടതായും ശിവജി സുദര്ശന് കൂട്ടിച്ചേര്‍ത്തു.
യൂണിയന് ജില്ലാ പ്രസിഡന്റ് ജെ. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ബി. ശശിധരന്, ജി. മാധവന്‍പിള്ള, ടി.ആര്. രമണന്, കെ. ശിവരാജന്, എസ്. മുരളീധരന്‍പിള്ള, സുധീഷ് കരുനാഗപ്പള്ളി, ചവറ ഗോപാലകൃഷ്ണന്, ഡി.എസ്. ഉണ്ണി, രാജലക്ഷ്മിശിവജി, എം. ഓമനക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: