ചടയമംഗലം: എംസി റോഡില്‍ നിലമേല്‍ ജംഗ്ഷനിലും സമീപത്തുമുള്ള അപകടങ്ങളില്‍ നടുങ്ങിയിരിക്കുകയാണ് സമീപവാസികള്‍. തുടരെയുണ്ടാകുന്ന ദുരന്തങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്.
ഏതാനും മാസംമുമ്പ് നിലമേലിനടുത്ത് കിളിമാനൂരില്‍ അഞ്ചല്‍ ഭാരതീപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വാഹനാപകടത്തില്‍ ജീവന് നഷ്ടപ്പെട്ടു. തിരുവനന്തപുരം ആശുപത്രിയില്‍ ചികിത്സയിലായ അമ്മയെ കാണാന്‍ പോയ ഭദ്രനും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. പിന്നീട് നിലമേല്‍ ജംഗ്ഷനിലെ ഫൗസിയാ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു.
ഷോപ്പിംഗ് കോംപ്ലക്സ് പൂര്‍ണമായി കത്തി നശിച്ചു. കൂടാതെ തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന പ്രൈവറ്റ് ബസും കത്തിപ്പോയി. കടയ്ക്കല്‍ ഫയര്‍ഫോഴ്സിന്റെ സമയോചിത ഇടപെടലാണ് പെട്രോള്‍ പമ്പിലേക്ക് തീപടരാതിരുന്നതും ആളപായം ഉണ്ടാകാതിരുന്നതും.
കെഎസ്ടിപി ഏറ്റെടുത്ത് ഉന്നത നിലവാരത്തിലാക്കിയ ശേഷം എംസി റോഡിലെ വാഹനങ്ങളുടെ സ്പീഡ് കൂടിയതാണ് റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനിടെയാണ് കഴിഞ്ഞദിവസം തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ക്വാളിസ് വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. ക്വാളിസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം ദുരന്തത്തിനു കാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: