പട്ടാഴി: വെട്ടിക്കവല പഞ്ചായത്തിലെ തലച്ചിറയില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള സിപിഎം ശ്രമത്തിനും അക്രമണങ്ങള്‍ക്കുമെതിരെ പ്രതിഷേധം ഇരമ്പി. തലച്ചിറ ക്ഷേത്രപരിസരത്തു നിന്നും ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും തലച്ചിറ ജംഗ്ഷനില്‍ സമാപിച്ചു.
തലവൂര്‍ ജംഗ്ഷനില്‍ സാധനം വാങ്ങുവാനെത്തിയ രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലെത്തി സംസാരിച്ചുപോന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ വീടാക്രമിച്ചു എന്ന് കള്ളക്കേസില്‍ കുടുക്കാനാണ് സിപിഎം ശ്രമിച്ചത്. തുടര്‍ന്ന് തലച്ചിറയില്‍ പ്രകോപനപരമായി പ്രകടനം നടത്തി അക്രമത്തിന് ആക്കം കൂട്ടുകയാണ് സിപിഎം ചെയ്തത്. ഭരണത്തിലല്ലാതിരിക്കുമ്പോഴും സിപിഎം ആജ്ഞാനുവര്‍ത്തികളായി മാറുന്ന പോലീസ് നാടിന് അപകടമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പറഞ്ഞു.
സ്ഥലത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത് അക്രമം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ എന്തുവിലകൊടുത്തും അതിനെ നേരിടുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സമ്പര്‍ക്കപ്രമുഖ് വി. പ്രതാപന് പറഞ്ഞു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സേതു നെല്ലിക്കോട്, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ശങ്കര്‍, യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് രതീഷ് ഇരണൂര്‍, ആദര്‍ശ്, സാബു നെല്ലിക്കോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: