കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതം പ്രബുദ്ധതയോടെ രൂപപ്പെടുത്തുന്നതില്‍ ഗ്രന്ഥശാലകള്‍ വഹിച്ച പങ്ക് ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്തതാണ്. പ്രത്യേകിച്ച് ഗ്രാമീണ ഗ്രന്ഥശാലകളിലൂടെ കേരളത്തില്‍ സാധ്യമായ സാംസ്കാരിക മുന്നേറ്റം മലയാളികളുടെ സാമൂഹ്യ ജീവിതത്തെയാകെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രബുദ്ധതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവും വായനയോടുള്ള കമ്പവുമെല്ലാം മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ വളരാന്‍ ഇടയായത് ഗ്രാമീണ ഗ്രന്ഥശാലകളോടനുബന്ധിച്ചു നടന്ന നിശബ്ദമായ പ്രവര്‍ത്തനത്തിലൂടെയാണ്. സമൂഹത്തില്‍ വായനാ സംസ്കാരം വളര്‍ത്തുന്നതിനൊപ്പം ഉന്നതനിലവാരത്തിലുള്ള ചിന്തയും സ്വഭാവവും രൂപപ്പെടുത്തുന്നതിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു കഴിഞ്ഞു. സാക്ഷരതാ പ്രസ്ഥാനത്തിന് കേരളത്തിന്റെ മണ്ണില്‍ വേരോട്ടമുണ്ടാകാനിടയാക്കിയതും ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തിലൂടെയാണ്.
കേരളത്തിലെപ്പോലെ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ച്ച പ്രാപിച്ച മറ്റു സംസ്ഥാനങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി, ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരളത്തില്‍ വായനശാലകള്‍ പലതും സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സാക്ഷരതാ പ്രവര്‍ത്തനം, ഹിന്ദി പ്രചാരണം എന്നിവയൊക്കെ വായനശാലകള്‍ കേന്ദ്രീകരിച്ചു നടക്കുകയുണ്ടായി. ഗ്രാമീണ സര്‍വ്വകലാശാലകള്‍ എന്ന് വിളിക്കപ്പെട്ട ഗ്രന്ഥശാലകളുടെ ഇന്നത്തെ ദൗത്യം അനൗപചാരിക വിദ്യാഭ്യാസം, വിദ്യാര്‍ഥികളുടേയും യുവാക്കളുടെയും കലാ സാംസ്കാരിക അഭ്യുന്നതിയോടൊപ്പം, അവര്‍ക്ക് അറിവ് വിതരണം ചെയ്യുക, തൊഴില്‍ ലഭിക്കാന്‍ അവരെ സഹായിക്കുക എന്നതൊക്കെയാണ്.
1945ല്‍ അമ്പലപ്പുഴയില്‍ വെച്ചാണ് ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യരൂപം ഉണ്ടായത്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം എന്നായിരുന്നു പേര്. പി.എന്‍.പണിക്കര്‍ ഈ പ്രസ്ഥാനത്തിന് നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. 1989 ല്‍ കേരള നിയമസഭ ഗ്രന്ഥശാലാനിയമം പാസ്സാക്കി. ഗ്രന്ഥശാലാ നിയമം അവതരിപ്പിച്ചത് അന്നത്തെ വിദ്യാഭാസമന്ത്രി കെ. ചന്ദ്രശേഖരനായിരുന്നു. 1994 ലാണ് നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട സമിതി നിലവില്‍ വന്നത്. കേരള സ്റ്റേറ്റ് പബ്ലിക് ലൈബ്രറീസ് ആക്റ്റ് പാസ്സാക്കിയത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയുടെ കാലത്താണ്. ഇപ്പോള്‍ 6000ത്തോളം ലൈബ്രറികള്‍ ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്.
ലൈബ്രറി ആക്റ്റ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പിരിക്കുന്ന കെട്ടിട നികുതിയുടെ 5 ശതമാനം ലൈബ്രറി കൗണ്‍സിലിനു സര്‍ക്കാര്‍ നല്‍കണമെന്നാണ്. ഇത് ഏകദേശം 1820 കോടി രൂപ വരും. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി നീക്കി വെക്കുന്ന തുകയുടെ ഒരു ശതമാനത്തിലധികം വരാത്ത തുകയാണ് മറ്റൊരു ധനാഗമ മാര്‍ഗ്ഗം. അത് 150 കോടിയോളം രൂപ വരും. 4 ഗഡുക്കളായാണ് ഗവര്‍മെന്റ് ഗ്രാന്റ് നല്‍കുന്നത് ഏപ്രില്‍, ജൂലായ്, ഒക്ടോബര്‍, ജനുവരി എന്നീ മാസങ്ങളില്‍. പക്ഷെ സര്‍ക്കാര്‍ ഈ നിയമം കൃത്യമായി നടപ്പാക്കുന്നില്ലന്നു മാത്രമല്ല, ഗ്രന്ഥശാലകളെ തകര്‍ക്കുന്ന തരത്തിലാണ് പെരുമാറുന്നതും. നാലു ഗഡുക്കളായി നല്‍കേണ്ട ഗ്രാന്റില്‍ ഒരു ഗഡുമാത്രമാണ് നല്‍കിയിരിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തെ ഒട്ടുമിക്ക ഗ്രന്ഥശാലകളുടെയും പ്രവര്‍ത്തനം നിലച്ച മട്ടാണ്.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭരണം നടത്തുന്നത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ്. നിര്‍ഭാഗ്യവശാലോ, അതോ ഭാഗ്യവശാലോ കാലങ്ങളായി ഭരണം ഇടതുപക്ഷ അനുഭാവികളുടെ പക്കലാണ്. അതിനാല്‍ തന്നെ സര്‍ക്കാരുകളുടെ മാറിമറിച്ചില്‍ ഗ്രന്ഥശാലാസംഘത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഗ്രാന്റുകള്‍ കൃത്യമായി നല്‍കുകയും കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ അതു നല്‍കാതിരിക്കുകയും ചെയ്യുന്നത് പതിവാണ്.
ലൈബ്രറികളെ അവയുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി, എന്നീ ഗ്രേഡുകളാക്കി തിരിച്ചിട്ടുണ്ട്. 8,000ത്തിനു മുകളില്‍ പുസ്തകങ്ങളും, സ്വന്തം കെട്ടിടവും, നിശ്ചിത എണ്ണം ആനുകാലികങ്ങളും ഉണ്ടെങ്കില്‍ എ ഗ്രേഡ് ആയിരിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ വായനശാലകളുടെ ഗ്രേഡ് നിര്‍ണ്ണയിക്കാന്‍ വേണ്ടി വായനശാല സന്ദര്‍ശിച്ചു റെക്കോഡുകള്‍ പരിശോധിക്കും. എ ഗ്രേഡ് ലൈബ്രറികള്‍ക്കു ഇപ്പോള്‍ വാര്‍ഷിക ഗ്രാന്റ് 20,000 രൂപയാണ് നല്‍കുന്നത്. ഇതില്‍ 75 ശതമാനം തുകക്ക് നിര്‍ബന്ധമായും പുസ്തകം വാങ്ങിയിരിക്കണമെന്നാണ് വ്യവസ്ഥ. ബാക്കിയുള്ള 25 ശതമാനത്തിനു വായനശാലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാം. കെട്ടിടം നിര്‍മ്മിക്കാന്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖാന്തിരം സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനും ഗ്രാന്റ് നല്‍കുന്നുണ്ട്. കെട്ടിട നവീകരണം, ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ വാങ്ങുവാന്‍ ധനസഹായം നല്‍കുന്നുണ്ട്.
ആദ്യകാലത്ത് ഗ്രാന്റിന് പുസ്തകം വാങ്ങിയിരുന്നത്, പ്രധാനപ്പെട്ട പുസ്തകശാലകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ജില്ലാ ലൈബ്രറി കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ കേരളത്തിലെ ചെറുതും വലുതുമായ പുസ്തക പ്രസാധകരുടെ മേള സംഘടിപ്പിക്കുന്നുണ്ട്. ഗ്രാന്റിനുള്ള പുസ്തകങ്ങള്‍, ഗ്രന്ഥശാലകള്‍ ഇവിടെ നിന്നാണ് വാങ്ങുന്നത്. ഇതുകൊണ്ട് ചെറിയ പ്രസാധകര്‍ക്ക് പോലും പുസ്തകം വിറ്റഴിക്കാന്‍ കഴിയുന്നു. കേരളത്തില്‍ ചെറുതും വലുതുമായി നിരവധി പ്രസാധക സംഘങ്ങളുണ്ട്. നല്ല പുസ്തകങ്ങള്‍ കൂടുതലായി വിപണിയിലെത്തുന്നു എന്നതിനപ്പുറം, ഈ പ്രസാധകരിലൂടെ വലിയ സമൂഹം തൊഴില്‍ ചെയ്തു ജീവിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്റുനല്കാതെ സര്‍ക്കാര്‍ അവരെ പീഡിപ്പിക്കുമ്പോള്‍ പീഡന വിധേയരാകുന്നത് പ്രസാധകരും അതില്‍ പണിയെടുക്കുന്ന ആയിരങ്ങളുമാണ്.
ഓരോ സര്‍ക്കാരും അധികാരത്തിലെത്തുമ്പോള്‍ ഗ്രന്ഥശാലാ സംഘത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കാറുണ്ട്. ഇടതും വലതുമെല്ലാം അത്തരം ശ്രമങ്ങളില്‍ മുന്‍നിരയിലാണ്. അങ്ങനെയൊരു ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഗ്രാന്റ് തടഞ്ഞതും. കഴിഞ്ഞ സര്‍ക്കാരിന്റെ അധികാരകാലത്ത് കുറെ ആള്‍ക്കാരെ സംഘത്തില്‍ ജോലിക്കെടുത്തു. താല്‍ക്കാലിക ജീവനക്കാരായി എടുത്ത അവരെ പിരിച്ചു വിടണമെന്ന് ഈ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത് അനുസരിക്കാന്‍ ഗ്രന്ഥശാലാസംഘം ഭാരവാഹികള്‍ കൂട്ടാക്കിയില്ല. സര്‍ക്കാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും ജീവനക്കാരെ പിരിച്ചുവിടാന്‍ അവര്‍ തയ്യാറായില്ല. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ജോലിക്കുകയറിയ അവരെല്ലാം ഇടത് ആഭിമുഖ്യമുള്ളവരാണെന്ന കണക്കുകൂട്ടലാണ് ഇപ്പോഴത്തെ സര്‍ക്കാരിനുള്ളത്. ഇപ്പോഴുള്ള താല്‍ക്കാലികക്കാരെ പിരിച്ചുവിട്ടാല്‍ ആ സ്ഥാനത്തേക്ക് സര്‍ക്കാര്‍ അനുകൂലികളായ കുറെപ്പേരെ തിരുകിക്കയറ്റാമെന്ന തീരുമാനവും സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം സംഘം ഭാരവാഹികള്‍ കൂട്ടാക്കാത്തതാണ് ഗ്രാന്റ് തടയുന്നതിനു പിന്നിലെന്നാണ് ആരോപണം.
സാംസ്കാരിക നയം ആവിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച പി.ടി.തോമസ് എം.പി അധ്യക്ഷനായ സമിതി ലൈബ്രറി സെസ്സ് സംബന്ധിച്ചു നല്കിയ ശുപാര്‍ശകളും പ്രതിഷേധത്തിനുകാരണമായിട്ടുണ്ട്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകര്‍ക്കുന്നതാണ് ഈ ശുപാര്‍ശകളെന്നാണ് പറയുന്നത്. സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 1989ലെ കേരളാ പബ്ലിക് ലൈബ്രറീസ് ആക്ട് വഴി ഏര്‍പ്പെടുത്തിയ ലൈബ്രറി സെസ്സിന്റെ സിംഹഭാഗവും സാംസ്കാരിക വകുപ്പിനു നല്‍കണമെന്നാണ് ശുപാര്‍ശ. നിയമസഭ പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരം നേടിയ ആക്ടിലെ വ്യവസ്ഥകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി ലൈബ്രറി സെസ്സ് ഒരു ശതമാനമായി നിജപ്പെടുത്തണമെന്നും പി.ടി.തോമസ് കമ്മറ്റി ശുപാര്‍ശ ചെയ്യുന്നു. ലൈബ്രറികള്‍ക്കുള്ള ധനസഹായം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നതിനു പകരം അത് വെട്ടിക്കുറക്കുവാനുള്ള നീക്കമാണിപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ശുപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടാല്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക ബജറ്റ് ഇന്നുള്ളതിന്റെ പകുതിയാക്കി വെട്ടിക്കുറയ്ക്കേണ്ടി വരും. അങ്ങനെ വന്നാല്‍ കേരളത്തിലെ ഗ്രന്ഥശാലകളെ മാത്രമായിരിക്കില്ല അതു ബാധിക്കുന്നത്. കേരളത്തിലെ പുസ്തക പ്രസാധക വ്യവസായവും തകരും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് ഗ്രന്ഥശാലാ സംഘത്തിനുള്ള ഗ്രാന്റ് നല്കാന് നിര്‍ദ്ദേശം നല്‍കിയെങ്കിലും അതു നടപ്പിലായില്ല. ഗ്രന്ഥശാലകളെ തകര്‍ക്കണമെന്ന് കച്ചകെട്ടിയിറങ്ങിയവര്‍ മുഖ്യമന്ത്രിയുടെ നിര്ദ്ദേശത്തെപ്പോലും അംഗീകരിക്കുന്നില്ല. ഇതിലൂടെ നഷ്ടമാകുന്നത് കേരളം കാലങ്ങളായി നേടിയെടുത്ത വലിയൊരു സംസ്കാരം തന്നെയാകും. ആരുഭരിച്ചാലും ഗ്രന്ഥശാലകള്‍ സമൂഹത്തില്‍ വരുത്തുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം. വായനയിലൂടെയും ഗ്രന്ഥശാലകളുടെ മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിലുണ്ടായിട്ടുള്ള ഗുണകരമായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നവരും അതിനെ ഭയപ്പെടുന്നവരുമാണ് ഗ്രന്ഥശാലകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത്തരക്കാര്‍ക്ക് കേരള ജനത മാപ്പ് നല്‍കില്ലെന്ന് തീര്‍ച്ച.
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: