സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ദൗത്യം പേറുന്ന ശിവഗിരി തീര്‍ത്ഥാടനം ഇന്ന് മഹാ പ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു കഴിഞ്ഞു. ശ്രീനാരായണഗുരുവിന്റെ ആശിര്‍വാദത്തോടും അനുഗ്രഹത്തോടും കൂടി ആരംഭിച്ചതാണ് ഇത്. പക്ഷെ അദ്ദേഹത്തിന്റെ സമാധിക്കുശേഷം മാത്രമാണ് ഈ ആശയം അനുയായികള്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുള്ളൂ എന്നുമാത്രം.
ശിവഗിരി തീര്‍ത്ഥാടനം ഏതെങ്കിലും വിശ്വാസത്തിന്റേയോ ഐതിഹ്യത്തിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല. ഗുരുദേവനെക്കുറിച്ചുള്ള മായാത്ത സ്മരണകള്‍ മുറ്റിനില്ക്കുന്ന കൃതജ്ഞതയുടേയും കടപ്പാടിന്റേയും പ്രകടമായ രൂപമാണ് ഇതിലൂടെ ദര്‍ശിക്കാന്‍ കഴിയുന്നത്.
1928 ജനുവരി 16 ന് (1103 മകരം 3) ശ്രീനാരായണ ഗുരു സ്വാമികള്‍ കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തിലുള്ള ഒരു മാവിന് ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു. ഗുരുസ്വാമികളെ കാണാനും അനുഗ്രഹം വാങ്ങാനുമായി വലിയൊരു ജനക്കൂട്ടം അവിടെ കൂടിയിരുന്നു. അക്കൂട്ടത്തില്‍ വല്ലഭശ്ശേരി ഗോവിന്ദന് വൈദ്യര്, ടി.കെ.കിട്ടന് റൈറ്റര്‍ എന്നിവരുമുണ്ടായിരുന്നു. അവരാണ് സ്വാമികളെ സമീപിച്ച് ശിവഗിരി തീര്‍ത്ഥാടന കാര്യം തീരുമാനമാക്കിയത്. ഈ വിവരം ശിവഗിരി മഠത്തില്‍നിന്നും അച്ചടിച്ച് ഇറക്കിയിരുന്ന ‘ധര്‍മ്മം’ വാരികയിലും ശ്രീധര്‍മ്മ തീര്‍ത്ഥസ്വാമികള്‍ പ്രസിദ്ധപ്പെടുത്തിയ ‘തിരുവചനങ്ങള്‍’ എന്ന പുസ്തകത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യവും വ്രതാചാരണരീതിയും തീയതിയുമെല്ലാം ഗുരുദേവന് തന്നെ ഭക്തന്മാര്ക്കായി നിര്‍ദ്ദേശിക്കുകയുണ്ടായി.
“തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വരുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറവി ദിനമായ ജനുവരി ഒന്നാം തീയതി ആയിരിക്കണം. അത് ധനുമാസം 16, 17 തീയതികളിലായിരിക്കും. നീണ്ട വ്രതവും കഠിന വ്യവസ്ഥകളും ഇക്കാലത്ത് ആരും ആചരിച്ചു എന്നുവരില്ല. അതിനാല്‍ പഞ്ചശുദ്ധിയുടെ (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മ്മ ശുദ്ധി) ആചരിച്ചാല്‍ മതിയാകുമെന്ന് ഗുരുദേവന് അരുളി ചെയ്തു. തീര്‍ത്ഥാടകര്‍ മഞ്ഞ വസ്ത്രം (പീതാംബരം) ധരിക്കണം. ഈശ്വര സ്തോത്രങ്ങള്‍ ഭക്തിയോടെ ഉച്ചരിക്കണം. തീര്‍ത്ഥാടനത്തിന്റെ പേരില്‍ ആര്‍ഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളും ഉണ്ടാക്കി പ്രസ്ഥാനത്തെ മോശമാക്കരുത്. അനാവശ്യമായി പണം ചെലവ് ചെയ്യരുത്” എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ശ്രീനാരായണ ഗുരുദേവന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചും സാധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ചും ഗുരുസ്വാമി വ്യക്തമായി പറഞ്ഞിട്ടുണ്ട്. “വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ച് വിദ്ഗദ്ധന്മാരെ വരുത്തി പ്രസംഗിപ്പിക്കണം. ജനങ്ങള്‍ അച്ചടക്കത്തോടെ അത് ശ്രദ്ധിക്കണം. കേട്ടതെല്ലാം പ്രവൃത്തിയില്‍ വരുത്താന്‍ ശ്രമിക്കണം. അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. ഈഴവര്‍ക്ക് മാത്രമല്ല ഈഴവരിലൂടെ മറ്റ് എല്ലാ സമുദായങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകണം. അങ്ങനെ ജീവിതം മാതൃകാപരമാക്കണം.” ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണമെന്നാണ് ഗുരുദേവന് അരുളി ചെയ്തിട്ടുള്ളത്.
1103 ല്‍ ഗുരുദേവന്റെ അനുവാദം ലഭിച്ചിരുന്നെങ്കിലും സ്വാമികളുടെ മഹാ സമാധിക്കുശേഷം ശ്രീനാരായണ ധര്‍മ്മ സംഘവും എസ്എന്‍ഡിപി യോഗവും തമ്മിലുള്ള ചില അവകാശ തര്‍ക്കങ്ങള്‍ മൂലം തീര്‍ത്ഥാടനം പിന്നെ വൈകുകയാണുണ്ടായത്.
1932 ലാണ് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചത്. ഇലവന്തിട്ടയില് മൂലൂര്‍ എസ്.പത്മനാഭ പണിക്കരുടെ വസതിയില്‍നിന്നും അഞ്ചു ഗുരുദേവ ഭക്തന്മാര് പീതവസ്ത്രം ധരിച്ച്, ഗുരുദേവ കീര്‍ത്തനങ്ങള്‍ ആലപിച്ച് അനേക ദൂരം സഞ്ചരിച്ച് ശിവഗിരിയില്‍ എത്തിച്ചേര്‍ന്നതാണ് ഇന്ന് പ്രസിദ്ധമായ തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച ആദ്യ സംഭവം. 1932 ഡിസംബര്‍ 28 ന് ബുധനാഴ്ച (1108 ധനു 14) ആയിരുന്നു അത്. അന്നത്തെ ധര്‍മ്മ സംഘം സെക്രട്ടറിയായിരുന്ന സുഗുണാനന്ദ സ്വാമികളില്‍നിന്നും തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തിരിക്കുന്നതായി ഒരു സാക്ഷി പത്രവും സമ്പാദിച്ചു.
കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍നിന്നും ടി.കെ.കിട്ടന് റൈറ്ററുടെ നേതൃത്വത്തില്‍ പുറപ്പെട്ട നാലു ഭക്തന്മാര് ചേര്‍ന്ന തീര്‍ത്ഥാടക സംഘം 1108 ധനു 18 ന് (1.1.1933) ന് ഞായറാഴ്ച ശിവഗിരിയില്‍ എത്തിച്ചേരുകയുണ്ടായി.
ശിവഗിരി തീര്‍ത്ഥാടന ചടങ്ങ് വര്‍ഷംതോറും വളര്‍ന്ന് കേരളത്തിന്റേയും അയല്‍ സംസ്ഥാനങ്ങളുടേയും ഒരു സാമൂഹ്യ സാംസ്ക്കാരിക പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തന്മാരുടെ സംഖ്യ വര്‍ഷംതോറും വര്‍ധിച്ചുവരികയാണ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന ഒരു മഹത് പ്രസ്ഥാനമായി ശിവഗിരി തീര്‍ത്ഥാടനം വളര്‍ന്നതോടുകൂടി ഇത് സമുചിതമായി ആഘോഷിക്കുന്നതിനും വിജയിപ്പിക്കുന്നതിനുംവേണ്ടി ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ ട്രസ്റ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ വ്യവസ്ഥ അനുസരിച്ച് സന്ന്യാസിമാരും തീര്‍ത്ഥടക ഭക്തന്മാരും അടങ്ങിയ ഒരു ജനറല്‍ കമ്മറ്റിയും എല്ലാ വര്‍ഷവും രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30, 31 ജനുവരി 1 എന്നീ മൂന്ന് തീയതികളിലായി സ്വാമി തൃപ്പാദങ്ങളുടെ കല്‍പ്പന അനുസരിച്ചാണ് നടത്തുന്നത്. തീര്‍ത്ഥാടക സമ്മേളനം, ശ്രീനാരായണ ധര്‍മ്മ ചര്‍ച്ച സമ്മേളനം, സര്‍വമത സമ്മേളനം തുടങ്ങി ഗുരുദേവ ധര്‍മ്മ പ്രചരണം, സര്‍വമത സിദ്ധാന്തം എന്നീ വിഷയങ്ങളുമാണ് പ്രധാനമായും സമ്മേളനങ്ങളില്‍ പ്രാമുഖ്യം നല്കി വരുന്നത്. ഇത് കൂടാതെ വിദ്യാഭ്യാസ സമ്മേളനം, സാഹിത്യ സമ്മേളനം, വ്യവസായ സമ്മേളനങ്ങള്‍ എന്നിവയും നടത്തുന്നു. കാര്‍ഷിക-വ്യവസായ പ്രദര്‍ശനം, ഘോഷയാത്ര, കലാപരിപാടികള്‍ എന്നിവയും ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തുന്നുണ്ട്.
സ്നേഹത്തിലൂടെയും സഹകരണ മനോഭാവത്തിലൂടെയും ത്യാഗ ബുദ്ധിയിലൂടെയും മാത്രമേ ശാശ്വതമായ നന്മയും ശാന്തിയും കൈവരികയുള്ളൂ. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാനും മനുഷ്യത്വം ഉരുത്തിരിയുവാനും ഉതകുന്ന അതിന് പ്രചോദനമരുളുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രം ശിവഗിരിപോലെ മറ്റൊരിടത്തുമില്ല.
ലോകത്തിനു മുഴുവന്‍ പ്രകാശം ചൊരിയുന്ന അത്ഭുതജ്യോതിസ്സായ ശ്രീനാരായണ ഗുരുവിന്റെ തൃപ്പാദങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് ആരാധിക്കുന്ന ശ്രീനാരായണ ഭക്തജനങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രമായ ശിവഗിരിയില്‍ മുഴങ്ങുന്നത് മനുഷ്യ മത മന്ത്രധ്വനിയാണ്.
>> കലൂര്‍ ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: