ന്യൂദല്‍ഹി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തെ ശരാരശി വാര്‍ഷിക വളര്‍ച്ചാ നിരക്ക് ആസൂത്രണ കമ്മീഷന് താഴ്ത്തി. നേരത്തെ നിശ്ചയിച്ചിരുന്ന 8.2 ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായിട്ടാണ് നിരക്ക് താഴ്ത്തിയത്. വളര്‍ച്ചാ നിരക്ക് പുനര്‍നിര്‍ണയിക്കുന്നതിനായി ചേര്‍ന്ന ദേശീയ വികസന സമിതി (എന്‍ഡിസി)യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്മോഹന് സിംഗാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
നിലവിലെ സാമ്പത്തിക സ്ഥിതി പ്രയാസം നിറഞ്ഞതാണെന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്മോഹന് സിംഗ് പറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തെ വളര്‍ച്ചാ ലക്ഷ്യം ഇത് രണ്ടാമത്തെ തവണയാണ് ആസൂത്രണ കമ്മീഷന് കുറയ്ക്കുന്നത്.
ദേശീയ വികസന സമിതിയുടെ സമീപന രേഖയില്‍ വളര്‍ച്ചാ നിരക്ക് 9 ശതമാനമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ സപ്തംബറില്‍ ഇത് 8.2 ശതമാനമായി താഴ്ത്തി. ആഗോള സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര വളര്‍ച്ചാ മുരടിപ്പുമാണ് വളര്‍ച്ചാ നിരക്ക് കുറയ്ക്കാന്‍ കാരണമായി പറയുന്നത്.
പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 7.9 ശതമാനമായിരുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആദ്യ വര്‍ഷമായ 2012-13 ല്‍ വളര്‍ച്ചാ നിരക്ക് 5.7-5.9 ശതമാനമായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. 2001-05 കാലയളവില്‍ ബീഹാറാണ് വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. 2.9 ശതമാനമായിരുന്നു ജിഡിപി നിരക്ക്. 2006 നും 2010 നും ഇടയില്‍ 10.9 ശതമാനം വളര്‍ച്ചാ നിരക്കോടെ അതിവേഗം പുരോഗതി പ്രാപിക്കുന്ന സംസ്ഥാനമായി ബീഹാര്‍ മാറി. ഗുജറാത്ത്, ഛത്തീസ്ഗഡ്, ഹരിയാന, മഹാരാഷ്ട്ര, ഒറീസ എന്നീ സംസ്ഥാനങ്ങളുടേയും സാമ്പത്തിക വളര്‍ച്ച അതിവേഗത്തിലാണെന്നും മന്മോഹന് സിംഗ് അഭിപ്രായപ്പെട്ടു. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഈ സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ചാ നിരക്ക് 9.10 ശതമാനമായിരുന്നു. 9-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനവും പത്താം പദ്ധതിക്കാലത്ത് വളര്‍ച്ചാ നിരക്ക് 7 ശതമാനവുമായിരുന്നു.
അതേസമയം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5-5.5 ശതമാനമായിരിക്കുമെന്നാണ് ആസൂത്രണ കമ്മീഷന് ഡപ്യൂട്ടി ചെയര്മാന് മോണ്ടേക് സിംഗ് ആലുവാലിയ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: