തിരുവനന്തപുരം: ജനുവരി എട്ടു മുതല്‍ സംസ്ഥാനത്ത് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികളുമായി രംഗത്ത്. അടിയന്തരസാഹചര്യങ്ങളില്‍ മാത്രമേ ജീവനക്കാര്‍ക്ക് അവധി അനുവദിക്കൂ. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കു ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സമരത്തില്‍ പങ്കെടുക്കുകയും ജോലിക്കു ഹാജരാകാത്തതുമായ താത്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരത്തില്‍ പങ്കെടുത്ത് അക്രമം നടത്തുന്ന ജീവനക്കാരെ സസ്പെന്‍ഡു ചെയ്യുമെന്നും പ്രോസിക്യൂട്ട് ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു. സമര ദിവസങ്ങളിലെല്ലാം രാവിലെ പതിനൊന്ന് മണിക്ക് പൊതുഭരണവകുപ്പിനെ (രഹസ്യവിഭാഗം) ഓഫിസ് മേധാവികള്‍ അതത് ഓഫിസുകളിലെ ഹാജര്‍നിലയും സമരത്തില്‍ പങ്കെടുക്കുന്ന, അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യമെങ്കില്‍ രാത്രികാലങ്ങളില്‍ പ്രശ്നബാധിത പ്രദേശങ്ങളിലെ ഓഫിസുകള്‍ക്കു സംരക്ഷണം നല്‍കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഓഫീസുകള്‍ക്കു മുന്നില്‍ കൂട്ടംകൂടി നില്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കാണ് അവധിക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജീവനക്കാര്‍ക്ക് വ്യക്തിപരമായോ അമ്മ, അച്ഛന്, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കോ അസുഖം ബാധിച്ചാല്‍ കൃത്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ സമരദിനങ്ങളില്‍ അവധി അനുവദിക്കൂ. പ്രസവാവധി, പരീക്ഷാസംബന്ധിയായ കാര്യങ്ങള്‍ എന്നിവയ്ക്കും അവധി അനുവദിക്കും. അസുഖാവധിക്കു വേണ്ടി ജീവനക്കാരന് സമര്‍പ്പിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് അവധി അനുവദിക്കേണ്ടത് ഓഫീസ് മേധാവിയായിരിക്കണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തതയില്ലെങ്കില്‍ ജീവനക്കാരനെ മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കാം. അവധിക്കായി സമര്‍പ്പിക്കുന്ന അപേക്ഷ വിശ്വസനീയമല്ലെങ്കില്‍ അത് ഉടന്‍ തള്ളണമെന്നു ചീഫ് സെക്രട്ടറി ജോസ് സിറിയക് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഓഫീസ് മേധാവി അവധി നല്കിയ ജീവനക്കാരുടെ അപേക്ഷയും മറ്റു വിവരങ്ങളും വകുപ്പ് മേധാവിയെ അറിയിച്ചിരിക്കണം.
അവധിക്കായി പറഞ്ഞ കാര്യങ്ങള്‍ക്കല്ലാതെ നേരത്തേ അവധി ലഭിച്ചവരെ ആവശ്യമെങ്കില്‍ ജോലിക്കു തിരികെ വിളിക്കാം. നിബന്ധനകള്‍ക്കു വിധേയമല്ലാതെ അവധിയില്‍ പ്രവേശിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് ജീവനക്കാരെ മേധാവികള്‍ അറിയിച്ചിരിക്കണം. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുകയും ഓഫിസ് ജോലികള്‍ യഥാക്രമം നടത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താല്‍ ജീവനക്കാര്‍ ജില്ലാ ഓഫീസറുമായി ബന്ധപ്പെടണം. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്കു ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ജില്ലാ കളക്ടറും വകുപ്പ് മേധാവികളും സ്വീകരിക്കണം. ഓഫീസ് ഗേറ്റിനു സമീപം ജീവനക്കാരെ തടയാനോ കൂട്ടംകൂടാനോ ശ്രമിച്ചാല്‍ പൊലീസിന്റെ സഹായം തേടണമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പോലീസ് ക്രിയാത്മകമായി ഇടപെടണം. സമരത്തിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുയോ സ്ത്രീകളെ ആക്രമിക്കുകയോ ചെയ്താല്‍ അത്തരക്കാരെ സസ്പെന്‍ഡ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും വേണ്ടി നടപടി സ്വീകരിക്കണം. സസ്പെന്‍ഷനിലായ ഏതെങ്കിലും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായാല്‍ സസ്പെന്ഷന് റദ്ദാക്കിയുള്ള ഉത്തരവ് തടയാനും ഓഫീസ് മേധാവികള്‍ക്ക് നിര്‍ദേശമുണ്ട്. പ്രോബേഷന്‍ പിരീഡിലുള്ള ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്താല്‍ അവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. അവരുടെ പ്രൊബേഷന്‍ കാലാവധി നീട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: