ഒരു വര്‍ഷംകൂടി കടന്നുപോവുന്നു. പിന്നിട്ട വര്‍ഷങ്ങള്‍ പോലെ അനുഭവങ്ങളുടേയും പാളിച്ചകളുടേയും നേട്ടങ്ങളുടേയും കോട്ടങ്ങളുടേയും മറ്റൊരു വര്‍ഷം. എല്ലായിടത്തും എല്ലാവര്ക്കും അതേതാണ്ട് അങ്ങനെയാണ്. ഇതിനിടെ മണ്മറഞ്ഞവരേറെ. നേട്ടങ്ങള്‍ എന്നു കരുതിയവയില്‍ ചിലത് കോട്ടങ്ങളായും കോട്ടങ്ങള്‍ ചിലപ്പോള്‍ നേട്ടങ്ങളായും കാലക്രമേണ അനുഭവപ്പെടാം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നടപ്പുവര്‍ഷം അതിവേഗം കടന്നുപോവുന്നതായി പലരും പറയാറുണ്ട്. രണ്ടായിരത്തിപന്ത്രണ്ടിലും അതായിരുന്നു അനുഭവം. ഏതാണ്ട് എല്ലാ വര്‍ഷങ്ങളും മനുഷ്യായുസ്സില്‍ സംഭവബഹുലമാണ്. അങ്ങനെ തന്നെ പിന്നിടുന്ന വര്‍ഷവും. വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും മാനവരാശിക്കും ഒക്കെ; പ്രത്യേകിച്ചും മാധ്യമങ്ങള്‍ക്ക്. പിന്നിടുന്ന വര്‍ഷത്തിന്റേതായി, പക്ഷെ, പ്രത്യേകതകള്‍ എടുത്തു പറയേണ്ടതുണ്ട്. സഹസ്രാബ്ദത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന 12.12.12 എന്ന ദിവസം അവയില്‍ പ്രധാനം. ആ അപൂര്വദിനം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിക്കയായിരുന്നു ആഗോളതലത്തില്‍. മായന്‍ പഞ്ചാംഗപ്രകാരം അന്ത്യദിനം എന്ന് കരുതിയിരുന്ന 2012 ലെ ഡിസംബര്‍ ഇരുപത്തൊന്നും കടന്നുപോയി. ലോകം അവസാനിച്ചില്ലെന്ന് മാത്രമല്ല കാര്യമായ പ്രകൃതി ദുരന്തമോ പ്രതിസന്ധിയോ ഒന്നും അനുഭവപ്പെട്ടില്ലെന്നതും ആശ്വാസകരം.
പതിവ് പോലെ പ്രത്യാശകളും പ്രതീക്ഷകളും ഏറെയാണ് പുതുവര്‍ഷം പുലരുമ്പോള്‍. ഒപ്പം ആശങ്കകളും ഉത്കണ്ഠകളും. ഇന്ത്യയുടെയാകെ ശ്രദ്ധ പിടിച്ചുപറ്റിയതും ഇന്ദ്രപ്രസ്ഥത്തെ പിടിച്ചു കുലുക്കിയതുമായ പ്രതിഷേധ സമരമായിരുന്നു പിന്നിടുന്ന വര്‍ഷത്തിലെ ഏറ്റവും ഒടുവിലത്തെ പ്രതിഭാസം. ഒരുവശത്ത് രാഷ്ട്രീയ കക്ഷികളിലും നേതാക്കളിലും പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുകയും മറുവശത്ത് ആഗോളീകരണത്തിന്റേയും കമ്പോളവല്‍ക്കരണത്തിന്റേയും ഫലമായി പണാധിപത്യം അനുദിനം ശക്തിപ്പെടുകയും ചെയ്തതോടെ ഇന്ത്യന്‍ ജനത, പ്രത്യേകിച്ചും നഗരങ്ങളില്‍ അരാഷ്ട്രീയവല്ക്കരിക്കപ്പെടുന്നതായി അനുഭവപ്പെടുന്ന അന്തരീക്ഷത്തിലാണ് അപ്രതീക്ഷിതവും അഭൂതപൂര്‍വവുമായ ഈ പ്രതിഷേധത്തിന്റെ ഈ പ്രതിഭാസം. അനീതിയ്ക്കെതിരെ പ്രതികരിക്കാനുള്ള ശേഷിയും ശേമുഷിയും സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന പ്രതീതി പരക്കെവെയാണ് പുത്തന്‍ പ്രത്യാശ ഉയര്‍ത്തുന്ന ഈ പ്രതിഷേധം. ശക്തമായ നേതൃത്വമോ വ്യക്തമായ പരിപാടിയോ ഇല്ലാത്ത ഈ സ്വാഭാവിക ജനമുന്നേറ്റം എത്ര സാര്‍ത്ഥകവും ശാശ്വതവുമാവുമെന്നതില് സംശയമുയരാം. എന്നിരുന്നാലും അധികാരത്തിന്റെ അരമനകളില്‍ സുരക്ഷിതരായി ഉറങ്ങുന്നവരില്‍ അരക്ഷിതബോധം ഉണര്‍ത്താനും അവരുടെ മിണ്ടാവ്രതം മുടക്കാനും ദല്‍ഹിയിലെ ജനക്കൂട്ടത്തിന് കഴിഞ്ഞു എന്നത് അംഗീകരിക്കാതെ വയ്യ.
ഇഷ്ടപ്പെടാത്തതും ഇംഗിതത്തിന് വിരുദ്ധമായതും മാധ്യമസൃഷ്ടി എന്ന് വിശേഷിപ്പിച്ച് തള്ളുകയാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പതിവ്. ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറിയ അഭൂതപൂര്‍വമായ പ്രതിഷേധ സമരവും ഒരര്‍ത്ഥത്തില്‍ മാധ്യമ സൃഷ്ടി തന്നെ. പരമ്പരാഗത മാധ്യമങ്ങളല്ല സാമൂഹ്യ മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന നവമാധ്യമങ്ങളായിരുന്നു ആ കൂട്ടായ്മയുടെ പിന്നില്‍. അവയെ നവമാധ്യമങ്ങള്‍ എന്ന് തന്നെ വിളിക്കാനാണ് എനിക്കിഷ്ടം. സൈബര്‍ മാധ്യമങ്ങളെ സാമൂഹ്യ മാധ്യമങ്ങള്‍ എന്ന് വിളിക്കുമ്പോള്‍ പരമ്പരാഗത മാധ്യമങ്ങള്‍ സാമൂഹ്യേതരമോ സാമൂഹ്യ വിരുദ്ധമോ ആണെന്ന് സമ്മതിക്കേണ്ടി വരുമല്ലൊ. ഒരര്‍ത്ഥത്തില്‍ പിന്നിടുന്ന വര്‍ഷം ഇന്ത്യയില്‍ നവമാധ്യമങ്ങളുടെ വര്‍ഷമായിരുന്നു. അണ്ണാ ഹസാരെ പ്രസ്ഥാനത്തിന്റെ പിന്നിലും വലിയൊരളവ് വരെ പ്രവര്‍ത്തിച്ചത് നവമാധ്യമ കൂട്ടായ്മ തന്നെ. നരേന്ദ്രമോഡിയുടെ മൂന്നാമൂഴത്തിനും ഈ കൂട്ടായ്മ കാര്യമായി സംഭാവന ചെയ്തിരുന്നു. വരും വര്‍ഷത്തില്‍ നവമാധ്യമ ശൃംഖലയിലൂടെയുള്ള ഈ ജനകീയ കൂട്ടായ്മ നാടാകെ ഉയരുമെന്നും ഒരു പുത്തന്‍ ഉയിര് നാട്ടിനേകിക്കൊണ്ട് പടരും എന്നും പണ്ട് കവി പാടിയതുപോലെ നമുക്ക് പ്രത്യാശിക്കാം.
അച്ചടി മാധ്യമങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് ആഗോളീകരണവും വിവര വിസ്ഫോടനവും ഉയര്‍ത്തിയത്. പുത്തന്‍ മാധ്യമങ്ങളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പാശ്ചാത്യ രാഷ്ട്രങ്ങളില്‍ പ്രസിദ്ധിയും പഴക്കവും ഉള്ള പത്രങ്ങള്‍ പലതും അടച്ചുപൂട്ടാനാണ് അത് ഇടയാക്കിയത്. അതിജീവനത്തിനായി അനാരോഗ്യകരവും അധാര്‍മികവുമായ മാര്‍ഗങ്ങള്‍ അവലംബിക്കാനും അച്ചടി മാധ്യമങ്ങള്‍ നിര്‍ബന്ധിതമായി. ഇന്ത്യയിലെ ഒരു പത്രമുത്തശ്ശി ഇതിനിടയിലും ഇപ്പോഴും തഴച്ചു കൊഴുത്ത് വളരുന്നതെങ്ങനെ എന്ന് ഒരു അമേരിക്കന്‍ മാധ്യമം പഠനം നടത്തി നിഗമനങ്ങള്‍ പ്രസിദ്ധീകരിച്ചത് ഈ പംക്തിയില്‍ മുമ്പൊരിക്കല്‍ പരാമര്‍ശിച്ചിരുന്നു. അതിജീവനത്തിനായുള്ള അത്തരം ശ്രമങ്ങള്‍ ഇന്ന് എല്ലാ മാധ്യമങ്ങളും ആവേശത്തോടെ പിന്തുടരുന്നുവെന്നതാണ് വസ്തുത. ഈ പശ്ചാത്തലത്തിലാണ് നവമാധ്യമങ്ങള്‍ക്ക് വിശ്വാസ്യത വര്‍ധിക്കുന്നത്. ജനങ്ങളെ പ്രബുദ്ധരാക്കുക, ശാക്തീകരിക്കുക, അവരില്‍ പ്രതികരണശേഷി ഉളവാക്കുകയെന്നീ മൗലിക മാധ്യമ ധര്‍മ്മം പാലിക്കാന്‍ പുത്തന്‍ മാധ്യമങ്ങള്‍ക്ക് ഫലപ്രദമായി കഴിയുന്നു. കണ്ടറിഞ്ഞത് കൂടുതല്‍ വിശ്വസിക്കുകയെന്നത് മനുഷ്യസഹജമെന്നതിനാലാണ് ദൃശ്യമാധ്യമങ്ങള്‍ക്ക് വളരെ വേഗം ഇന്ത്യയില്‍ വളരാനും ഏറെ വിശ്വാസ്യത നേടാനുമായത്. പക്ഷെ ആ വിശ്വാസ്യതയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നവയായിരുന്നു ചില അനുഭവങ്ങള്‍. അവയില്‍ ഒടുവിലത്തേത് സീ ടിവിക്കെതിരെ ജിണ്ടാല്‍ ഗ്രൂപ്പ് ഉന്നയിച്ച ആരോപണം. ചില ദൃശ്യമാധ്യമ വിഗ്രഹങ്ങള്‍, അതിന് മുമ്പ് തന്നെ നീരാറാഡിയാ ടേപ്പുകള്‍ പുറത്തുവന്നതോടെ നമ്മുടെ മുന്നില്‍ തകര്‍ന്നു വീണിരുന്നു.
താരതമ്യേന പ്രായം കുറഞ്ഞ മലയാള ദൃശ്യമാധ്യമ രംഗം വരും വര്‍ഷത്തില്‍ ഒരു വമ്പിച്ച വികാസനത്തിന് തയ്യാറെടുക്കുകയാണ്. ദൂര്‍ദര്‍ശന്റെ മലയാള സംപ്രേഷണം കണക്കിലെടുത്താല്‍ കൂടി കാല് നൂറ്റാണ്ടിന്റെ ചരിത്രമേ മലയാളം ടെലിവിഷനുള്ളൂ. തൊണ്ണൂറുകളിലാണ് സ്വകാര്യ ദൃശ്യമാധ്യമങ്ങള്‍ മലയാളത്തില്‍ എത്തിനോക്കുന്നത്. ദൃശ്യവാര്‍ത്താ മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ പിന്നെയും വര്‍ഷങ്ങള്‍ വൈകി. എന്നാല്‍ ഇന്ന് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഏറ്റവുമധികം വാര്‍ത്താചാനലുകള്‍ മലയാളത്തിന് സ്വന്തം. എണ്ണമേറെ എങ്കിലും മലയാള ദൃശ്യമാധ്യമ രംഗത്തിന്റെ മൊത്തം ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പരസ്പ്പര മത്സരം സഹായകമാവുന്നില്ലെന്നത് മറച്ചുവക്കാനാവില്ല. ഒരേ പരിപാടി പല ചാനലുകള്‍ പല പേരില്‍ അവതരിപ്പിക്കുകയും ദേശീയ, അന്തര്‍ദ്ദേശീയ ചാനലുകളെ അതേപടി അനുകരിക്കുകയും ചെയ്യുമ്പോള്‍ മലയാളത്തിന്റേതായി യാതൊന്നും മുന്നോട്ട് വയ്ക്കാനില്ലാതെ വരുന്നു. മലയാണ്മയും ഭാരതീയതയും മറ്റും സംരക്ഷിക്കാനെന്ന പേരില്‍ തുടങ്ങിയ ചാനലുകള്‍ പോലും ആ മഹനീയ ലക്ഷ്യങ്ങളൊക്കെ എന്നേ മറന്നിരിക്കുന്നു. മലയാളത്തിലെ ദൃശ്യ മാധ്യമ രംഗം ഇങ്ങനെ മുരടിക്കുമ്പോഴും മലയാള ദൃശ്യ മാധ്യമങ്ങള്‍ വളരുക തന്നെയാണ്. വരും വര്‍ഷത്തില്‍ അരഡസനിലേറെ പുതിയ ചാനലുകളാണ് ഇവിടെ സംപ്രേഷണം ആരംഭിക്കുന്നത്. മിക്ക അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമ രംഗത്തേക്കും വൈവിധ്യവല്‍ക്കരിക്കുകയാണ്. ഇത്രയേറെ ചാനലുകള്‍ക്ക് മലയാളത്തില്‍ ഇടമുണ്ടോ എന്ന സംശയമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ. മലയാള ദൃശ്യമാധ്യമ രംഗത്ത് വരുംവര്‍ഷത്തില്‍ വരാനിരിക്കുന്ന ഈ വിസ്ഫോടനം പ്രേക്ഷകന് പ്രേക്ഷകന് എത്ര ഗുണം ചെയ്യുമെന്ന ചിന്ത പ്രസക്തമാണ്. തെരഞ്ഞെടുക്കാന്‍ കൂടുതല്‍ ചാനലുകള്‍ കാഴ്ചവെയ്ക്കുമെന്നത് ഉറപ്പ്. പക്ഷെ അവതരണത്തിലും ഉള്ളടക്കത്തിലും ഈ വൈവിധ്യം അനുഭവപ്പെടുമോ എന്നതാണ് പ്രധാനം. അന്താരാഷ്ട്ര ചാനലുകളില്‍ വാര്‍ത്താവതാരകന്റെ/വാര്‍ത്താവതാരകയുടെ വ്യക്തിപരമായ രാഷ്ട്രീയം തെല്ലും പ്രകടമല്ല. വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നുവെന്നതാണ് അതിന് കാരണം. എന്നാല്‍ വാര്‍ത്താവതാരകന്റെ/വാര്‍ത്താവതാരകയുടെ രാഷ്ട്രീയം വിളിച്ച് പറയുന്നവയാണ് ഇന്ത്യന്‍ വാര്‍ത്താ ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനുകളും വാര്‍ത്താധിഷ്ഠിത പരിപാടികളും. വാര്‍ത്ത പവിത്രവും വീക്ഷണം സ്വതന്ത്രവുമാവണമെന്ന മാധ്യമപ്രവര്‍ത്തനത്തിലെ മൗലികതത്വം മറന്നോ മനഃപൂര്‍വം മറച്ചുവച്ചോ ആണ് ഈ ഇന്ത്യന്‍ വാര്‍ത്താവതരണ ശൈലി. പ്രേക്ഷകര്‍ വിഡ്ഡികളല്ലെന്നതും അവതാരകര്‍ എത്ര ശ്രമിച്ചാലും പ്രേക്ഷകരെ വിഡ്ഢികളാക്കാനാവില്ലെന്നതും മാത്രമാണ് പ്രത്യാശയ്ക്കും പ്രതീക്ഷയ്ക്കും ഇനിയും ഇടം നല്‍കുന്നത്.
ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: