ഇന്ത്യയില്‍ തന്നെ മേല്‍ത്തരം സ്റ്റേഡിയമാണ് അഹമ്മദാബാദ് നഗരത്തിലെ നവരങ്കപുരത്തുള്ള സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം. ഇന്ത്യയില്‍ ആദ്യത്തെ ഏകദിന ക്രിക്കറ്റ് അരങ്ങേറിയ സ്റ്റേഡിയം. ഇന്ത്യയുടെ ചരിത്രത്തില്‍ ഉരുക്കു മനുഷ്യനെന്ന് പരക്കെ അംഗീകരിക്കപ്പെട്ട സര്‍ദാര്‍ പട്ടേലിന്റെ നാമധേയത്തിലുള്ള ഈ സ്റ്റേഡിയത്തിലാണ് സമകാലീന ഭാരതത്തിലെ ഉരുക്കുമനുഷ്യനായ നരേന്ദ്രമോദി നാലാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വാര്‍ത്താ ഏജന്‍സിയുടെ കണക്കനുസരിച്ച് രണ്ടരലക്ഷം പേരാണ് സത്യ പ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ ഈ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്. സ്റ്റേഡിയത്തിനകത്തും പുറത്തുമായി വിജയഭേരി മുഴക്കിയ ജനലക്ഷങ്ങള്‍ ഉയര്‍ത്തിയ ആരവങ്ങള്‍ക്കിടയില്‍ നടന്ന സത്യപ്രതിജ്ഞയ്ക്ക് പ്രതീക്ഷിക്കാത്ത പല പ്രമുഖരുമെത്തി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇന്ത്യയുടെ ഒരു പരിഛേദം തന്നെയാണ് അഹമ്മദാബാദ് നഗരത്തില്‍ ഇന്നലെ പ്രകടമായത്. ഗവര്‍ണര്‍ കമല ബേനിവാള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അടക്കം ആറ് മുഖ്യമന്ത്രിമാരും ബിജെപിയുടെ മുഴുവന്ദേശീയ നേതാക്കളും ചടങ്ങിനെത്തി. കോണ്‍ഗ്രസ് ചടങ്ങില്‍ നിന്നും വിട്ടുനിന്ന് അവരുടെ സങ്കുചിതത്വം ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പദത്തില്‍ പന്ത്രണ്ട് വര്‍ഷം പിന്നിടുന്ന നരേന്ദ്രമോദി തുടര്‍ച്ചയായി നാലാം തവണയാണ് ഗുജറാത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ഗുജറാത്ത് ജനത സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയ സംഭവമാക്കി മാറ്റി. എന്‍ഡിഎ ഘടകകക്ഷിയല്ലാതിരുന്നിട്ടും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മോദിയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍പങ്കെടുത്തു. മധ്യപ്രദേശ്, കര്‍ണാടക, പഞ്ചാബ്, ഛത്തീസ്ഗഢ്, ഗോവ മുഖ്യമന്ത്രിമാരും വേദിയിലെത്തി. എല്‍.കെ.അദ്വാനി, സുഷമ സ്വരാജ്, നിതിന്‍ഗഡ്കരി, അരുണ്‍ജെയ്റ്റലി, രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു തുടങ്ങി ബിജെപിയുടെ ദേശീയ നേതൃത്വമൊന്നടങ്കം സത്യപ്രതിജ്ഞാ ചടങ്ങില്‍പങ്കെടുത്തു.
‘ഭാരത്മാതാ കീ ജയ്’ വിളി ഇന്നലെ അഹമ്മദാബാദ് നഗരത്തെ കോള്മയിര്കൊള്ളിച്ചു. രാവിലെ മുതല്‍ തന്നെ ഭാരതാംബയ്ക്ക് ജയ് വിളിയുമായി പതിനായിരങ്ങള്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകുകയായിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കൂട്ടംകൂട്ടമായി എത്തുന്നു എന്നതിനാല്‍ ശാക്തമായ സുരക്ഷാസംവിധാനങ്ങള്‍ തന്നെയാണ് അഹമ്മദാബാദ് നഗരത്തിലും സ്റ്റേഡിയത്തിലും ഒരുക്കിയിരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ചടങ്ങിനെത്തിയില്ലെന്നത് എന്തോ പന്തികേടുള്ളതായി ചില വാര്‍ത്താ മാധ്യമങ്ങള്‍ അടിക്കടി പ്രചരിപ്പിക്കുകയാണ്. എന്നാല്‍ ബീഹാറിലെ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി. താക്കൂര്‍ എന്നിവര്‍ പങ്കെടുത്തതിനെക്കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്തിരിക്കുന്നു. നേരത്തെ പറഞ്ഞ നേതാക്കള്‍ക്ക് പുറമെ മുന്‍ ഹരിയാനാ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല, മുന്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രാംദാസ് അത്വാലെ, ബിജെപി നേതാക്കളായ ഷാനവാസ് ഹുസൈന്, മുക്താര്‍ അബ്ബാസ് നഖ്വി, അനുരാഗ് താക്കൂര്‍, സ്മൃതി ഇറാനി, നവജ്യോത്സിംഗ് സിദ്ധു എന്നിവരും ബോളിവുഡ് താരം വിവേക് ഒബ്റോയി, പിതാവ് സുരേഷ് ഒബ്റോയി, നടന് കിരണ്‍ ഖേര്‍ തുടങ്ങിയവരെല്ലാം പങ്കെടുത്ത് ചടങ്ങിന് താരപ്പൊലിമയും ചാര്‍ത്തി. നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെനും ചടങ്ങ് വീക്ഷിക്കാനെത്തി. 182 അംഗ നിയമസഭയില്‍ 115 സീറ്റ് നേടിയാണ് ബിജെപിയുടെ മുഖ്യമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേല്‍ക്കുന്നത്. ഇക്കുറി നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ പ്രതിയോഗികള്‍ ചെയ്യാവുന്ന വേലത്തരങ്ങളെല്ലാം പ്രയോഗിച്ചുനോക്കി. ബിജെപിയില്‍ പിളര്‍പ്പുണ്ടാക്കാനുള്ള ശ്രമവും നടത്തി. അതൊന്നും ലവലേശം പൊറലേല്പ്പിക്കാതെ അമ്പതുശതമാനം വോട്ടര്‍മാരുടെ പിന്തുണയോടെയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്. ബിജെപിയുടെ ഉന്നതനായ നേതാവുമാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന നരേന്ദ്ര മോദി.
നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേല്‍ രാജിവച്ചതിനെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതല്‍ തുടര്‍ച്ചയായി ഭരണം നടത്തി വരികയാണ്. 1990കളുടെ ആദ്യം മുതല്‍ 1995ലെ തെരഞ്ഞെടുപ്പുവരെ ഗുജറാത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന നരേന്ദ്ര മോദി ഗുജറാത്തില്‍ ബിജെപി ഒരു പ്രമുഖ ശക്തിയാവുന്നതില്‍ വഹിച്ച പങ്ക് നിസ്തുലമാണ്. പഴയ ബോംബെ സംസ്ഥാനത്തിലെ മെഹ്സാന ജില്ലയിലെ വട്നഗറില് ഒരു ഇടത്തരം കുടുംബത്തിലാണ് മോദി ജനിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം ആര്‍എസ്എസ്സില്‍ ആകൃഷ്ടനായി പ്രചാരക് ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥി പരിഷത്തിലും അഴിമതി വിരുദ്ധ പ്രസ്ഥാനമായ നവ നിര്മാണിലും സജീവമായി. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നാണ് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ കച് പ്രദേശവും സംസ്ഥാനത്തെ തകര്‍ന്ന സാമ്പത്തിക നിലയും പുനരുദ്ധരിക്കുക എന്നതായിരുന്നു 2001ല്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത നരേന്ദ്ര മോദി നേരിട്ട വന്‍ വെല്ലുവിളി. 12220 പേര് മരിക്കുകയും, പതിനായിരങ്ങള്‍ ഭവന രഹിതരായി അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയുമുണ്ടായി. ബാധിത പ്രദേശത്തെ 80 ശതമാനം ഭക്ഷണ സാധനങ്ങളും ജല സ്രോതസ്സുകളും ഉപയോഗശൂന്യമായിരുന്നു. ജനജീവിതം തിരികെ കൊണ്ടുവരാനും,പുനരധിവസിപ്പിക്കാനും, നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമായിരുന്നു. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ദുരന്ത മേല്‍നോട്ടത്തിനും, പുനരധിവാസം, അപകട സാധ്യത നിര്‍മാര്‍ജനം എന്നിവയ്ക്ക് സംയുക്ത രാഷ്ട്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് 2003 അടക്കം നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടാനായി. കരുത്തേറിയ സംസ്ഥാനത്തിലൂടെ കരുത്തുറ്റ രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള പ്രയത്നത്തിന് ശക്തമായ ചുവടുവയ്പാണ് ഗുജറാത്തില്‍ നിന്നും ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: