തിരുവനന്തപുരം: മാവേലിക്കര കോവിലകം ഭാസ്കര വര്‍മ്മയുടെ മകന് ഹരിഹരവര്‍മ്മ(55)യെ കൊലപ്പെടുത്തി മുന്നൂറ് കോടിയോളം രൂപ വിലവരുന്ന രത്നങ്ങള്‍ കവര്‍ന്നു. കാഞ്ഞിരംപാറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഹരിഹരവര്‍മ്മയെ അയല്‍വാസി കൂടിയായ സുഹൃത്ത് അഡ്വ.ഹരിദാസിന്റെ നെട്ടയം പുതൂര്‍ക്കോണത്തെ വീട്ടിലാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ വര്‍മ്മയെ ബോധരഹിതനാക്കി കെട്ടിയിട്ട ശേഷം കവര്‍ച്ച നടത്തുകയായിരുന്നെന്ന് കരുതുന്നു.
രത്നങ്ങള്‍ വില്‍ക്കാനുള്ള ഇടപാടിനിടെ വാങ്ങാനെത്തിയ മൂന്നംഗ സംഘം ക്ലോറോഫോം മണപ്പിച്ച ശേഷം തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് കൊല്ലപ്പെട്ട ഹരിഹരവര്മ്മയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അഡ്വ.ഹരിദാസ് പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പന്ത്രണ്ടോടെയാണ് പുതൂര്‍ക്കോണം കേരളാ നഗറിലെ വീട്ടില്‍ നടന്ന ദുരൂഹ മരണത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. അയല്‍പ്പക്കത്തെ വീട്ടിലേക്ക് ഓടിയെത്തിയ ഹരിദാസ് അവിടെ നിന്ന് മൊബെയില്‍ഫോണ്‍ വാങ്ങി ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. യോഗേശ്, പ്രേംരാജ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍, എന്നിവരാണ് രത്നം വാങ്ങാനായെത്തിയെന്ന് കൊലപാതക സംഘത്തെക്കുറിച്ച് ഹരിദാസ് നല്കുന്ന സൂചന. ഈ മൂന്നംഗ സംഘമാണ് കൊലനടത്തി രത്നങ്ങള്‍ കവര്‍ന്നതെന്ന് ഹരിദാസ് പോലീസിനോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ: രാവിലെ പന്ത്രണ്ടോടെയാണ് ഹരിഹരവര്‍മ്മയും ഹരിദാസും ഇടപാട് സംഘവും രണ്ടുകാറുകളിലായി കൈരളി നഗറിലെ വീട്ടിലെത്തുന്നത്. ഹരിഹരവര്‍മ്മയുടെ കൈവശമുണ്ടായിരുന്ന രത്നങ്ങളും വൈഢൂര്യങ്ങളും വില്‍ക്കുകയായിരുന്നു ലക്ഷ്യം. മുന്നൂറ് കോടിയോളം രൂപ വിലവരുന്നവയാണിതെന്നും പോലീസ് പറയുന്നു.
ഇടപാടു നടത്തുന്നതിനിടെ മൂന്നംഗ സംഘം ഹരിഹരവര്‍മ്മയെ ആക്രമിക്കുകയായിരുന്നുവത്രെ. ക്ലോറോഫോം മണപ്പിച്ച് ബോധരഹിതനാക്കി വര്‍മ്മയെ കിടപ്പുമുറിയില്‍ കെട്ടിയിടുകയായിരുന്നു. ശ്വാസം മുട്ടിയാണ് മരിച്ചത്.
തന്നെയും ബോധരഹിതനാക്കിയ ശേഷം കെട്ടിയിട്ടതായി ഹരിദാസ് പോലീസിനോട് പറഞ്ഞു. ബോധം വന്നപ്പോള്‍ കെട്ടുകള്‍ അഴിച്ച ശേഷം പിന്‍വാതിലിലൂടെ പുറത്തിറങ്ങിയെന്നും പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
വിമലാദേവിയാണ് ഹരിഹരവര്‍മ്മയുടെ ഭാര്യ. അഡ്വ. ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയിരിക്കുകയാണ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: