ന്യൂദല്‍ഹി: ഒരു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും പ്രധാനമന്ത്രി മന്മോഹന് സിംഗുമായി കുടിക്കാഴ്ച്ച നടത്തി. കൂടംകുളം ആണവനിലയത്തിലെ ആണവബാധ്യതാ പ്രശ്നവും പ്രതിരോധ ഇടപാടുകളും ഇരുവരും ചര്‍ച്ചചെയ്തു. കോടികളുടെ പ്രതിരോധ ഉടമ്പടിക്കാണ് റഷ്യയും ഇന്ത്യയും ഇന്നലെ ഒപ്പുവെച്ചത്. 42 സുകോയി എസ്.യു-30 യുദ്ധവിമാനം വാങ്ങുന്നതിന് 1.6 ബില്യണ്‍ ഡോളറിന്റെ ഉടമ്പടിയ്ക്കാണ് ഇന്ത്യ ഒപ്പുവെച്ചത്. 71 മില്‍ മി-17 സൈനിക വിമാനങ്ങള്‍ വാങ്ങുന്നതിന് 1.3ബില്ല്യണ്‍ ഡോളറിന്റെ ഉടമ്പടിയിലും ഒപ്പുവെച്ചിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ കോടികളുടെ ഉടമ്പടിയില്‍ ഒപ്പുവെക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇന്ത്യയും റഷ്യയും തമ്മില്‍ ഇതാദ്യമായാണ് ഇത്രയും വലിയ തുകയുടെ കരാറിന് ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കുന്നത്. പ്രതിരോധമേഖലയിലുള്പ്പെടെ പത്തോളം കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചിരിക്കുന്നത്.
ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് പുടിന് ഉറപ്പ് നല്‍കിയതായി സംയുക്തവാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. അഫ്ഗാനിസ്ഥാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സുരക്ഷാസ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ റഷ്യ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പുടിന് പറഞ്ഞു. രാജ്യത്തെ ഭീകരവാദത്തില്‍ നിന്നും സ്വതന്ത്രമാക്കുന്നതിന് റഷ്യയുമായി സഹകരിക്കുമെന്ന് മന്മോഹന് പറഞ്ഞു.
കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടറിന്റെ ഉത്പാദനം അടുത്തമാസം പ്രവര്‍ത്തനമാരംഭിക്കുമെന്ന് റഷ്യയ്ക്ക് ഉറപ്പ് നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു. മൂന്നും നാലും റിയാക്ടറുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മന്മോഹന് പുടിനെ അറിയിച്ചു. 2000നു ശേഷം റഷ്യ- ഇന്ത്യ വ്യാപാരം ആറു മടങ്ങ് വര്‍ധിച്ചതായും ഈ വര്‍ഷം ഇതു 10 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയില്‍ നിന്നു ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: