ന്യൂദല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനു ഇരയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളേയും സ്ത്രീകളേയും മാവോയിസ്റ്റുകളോടു ഉപമിച്ച് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വിവാദ പ്രതികരണം. നാളെ മാവോയിസ്റ്റുകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചാല്‍ അവരുമായി എങ്ങനെ ചര്‍ച്ച നടത്തുമെന്ന് ഷിന്‍ഡെ ചോദിച്ചു. പ്രതിഷേധക്കാരുമായി എന്തുകൊണ്ട് ചര്‍ച്ച നടത്തിയില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഷിന്‍ഡെയുടെ മറുപടി. പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ പ്രതിഛായ തകര്‍ത്തു. ഗുണ്ടകളെപ്പോലെയാണ് ഇവര്‍ പെരുമാറിയതെന്നും ഷിന്‍ഡെ കുറ്റപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ ഷിന്‍ഡെ ആഞ്ഞടിച്ചത്.
ദല്‍ഹിയിലെ പ്രതിഷേധക്കാര്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചു. ഇത് അംഗീകരിക്കാനാവില്ല. നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ കഴിയില്ല. ഇന്ത്യാ ഗേറ്റില്‍ അക്രമം നടത്തിയവരെ അറസ്റ്റു ചെയ്യും. ദല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ പോലീസ് മേധാവിയെ മാറ്റുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.
ദല്‍ഹിയില്‍ പ്രതിഷേധം നടത്തിയതില്‍ യാതൊരു പ്രശ്നവും ഇല്ല. എന്നാല്‍ ഞായറാഴ്ച്ചയുണ്ടായ പ്രതിഷേധം ന്യായീകരിക്കാനാവില്ല. പ്രതിഷേധം അതിരുകടക്കുകയും അക്രമാസക്തമാവുകയും ചെയ്തു. രാഷ്ട്രപതി ഭവനിലേക്ക് തള്ളിക്കയറാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. ഇത് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കുമെന്നും ഷിന്‍ഡെ ചോദിച്ചു. പോലീസ് നടപടിയെ ന്യായീകരിക്കാനാണ് ഷിന്‍ഡെ ശ്രമിച്ചത്. പ്രതിഷേധം ശക്തമായപ്പോള്‍ സേനയെ വിന്യസിക്കാനാണ് തങ്ങള്‍ തീരുമാനിച്ചത്. ഇതിനിടെ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നില അതീവ ഗുരുതരമാണെന്നും ഷിന്‍ഡെ പറഞ്ഞു. ഇന്ത്യാ ഗേറ്റിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കും, അവിടെ എന്താണ് സംഭവിച്ചതെന്നും ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അന്വേഷിക്കും. സമരത്തില്‍ പങ്കെടുത്തവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഷിന്‍ഡെ പറഞ്ഞു. പ്രതിഷേധക്കാരുമായി ഇപ്പോഴത്തെ അവസ്ഥയില്‍ ചര്‍ച്ച നടത്താന്‍ സാധിക്കില്ല. അവര്‍ അനാവശ്യമായി പൊതുമുതല്‍ നശിപ്പിച്ചു. പ്രതിഷേധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാനുള്ള ദല്‍ഹി പോലീസ് കമ്മീഷണറുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഷിന്‍ഡെ തയ്യാറായില്ല.
രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തങ്ങള്‍ക്കെല്ലാവര്‍ക്കും പെണ്മക്കളുണ്ട്. അവരുടെ സുരക്ഷ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് മാധ്യമങ്ങളുടെ സഹായവും തങ്ങള്‍ ആവശ്യപ്പെടുകയാണെന്ന് ഷിന്‍ഡെ പറഞ്ഞു. മാനഭംഗക്കേസുകളില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടുത്തമാസം നാലിന് ഉന്നതതലയോഗം ചേരും. സംസ്ഥാന ചീഫ് സെക്രട്ടറിമാരും, ഡിജിപിമാരും യോഗത്തില്‍ പങ്കെടുക്കും. കനത്ത സുരക്ഷാ വലയത്തിലാണ് ദല്‍ഹി. ഇന്ത്യാഗേറ്റില്‍ നിന്നു മുഴുവന്‍ പ്രതിഷേധക്കാരെയും പോലീസ് ഒഴിപ്പിച്ചു. ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: