കൊച്ചി: ലോക ചലച്ചിത്ര ഭൂപടത്തിലേക്ക് കൊച്ചിയേയും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഈ മാസം 16ന് തുടക്കം കുറിച്ച പ്രഥമ കൊച്ചി രാജ്യാന്തര ചലചിത്ര മേളയ്ക്ക് എറണാകുളം ചില്‍ഡ്രന്‍സ് തിയേറ്ററില്‍ സമാപനം. സരിത, സവിത, സംഗീത, ശ്രീധര്‍, ചില്‍ഡ്രന്‍സ് തീയറ്റര്‍ എന്നിവിടങ്ങളില്‍ എട്ടു ദിവസങ്ങളിലായി നടന്ന മേള കൊച്ചിയുടെ ചലചിത്ര സ്വപ്നങ്ങള്‍ക്ക് നിറംപകരുന്നതായിരുന്നു.
രണ്ടാമത് ചലചിത്രോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു മുതല്‍ തുടക്കംകുറിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് കുട്ടികളുടെ തിയേറ്ററില്‍ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാമത് കൊച്ചി രാജ്യാന്തര ചലചിത്രോസവം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കും. ആദ്യ കൊച്ചി ചലചിത്രമേളയുടെ എല്ലാ പോരായ്മകളും രണ്ടാമത് സീസണില്‍ ഒഴിവാക്കും. സിനിമ മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്കുന്ന തരത്തിലാണ് രണ്ടാമത് ചലചിത്രോത്സവം ആസൂത്രണം ചെയ്യുക. മേളയില്‍ ആകെ 60 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ചില സാങ്കേതിക പ്രശ്നങ്ങളാല്‍ 11 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇത്തരം സാങ്കേതിക പ്രശ്നങ്ങളെല്ലാം അടുത്ത സീസണില്‍ ഒഴിവാക്കും. 45 ലോക സിനിമകള്‍, 11 മലയാള സിനിമകള്‍, തമിഴ്-1, തുളു-1 മറാഠി-1, പതിനഞ്ചോളം ഡോക്യുമെന്ട്രികള് എന്നിങ്ങനെയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. അടുത്ത സീസണ് മുതല്‍ വ്യക്തമായ ഒരു പ്രമേയത്തെ മുന്‍നിര്‍ത്തിയാകും മേള സംഘടിപ്പിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.
രണ്ടാമത് ചലചിത്ര മേളയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ കൈവശമുള്ള കോക്കേഴ്സ് തിയേറ്റര്‍ പ്രദര്‍ശന സജ്ജമാക്കുമെന്ന് മേയര്‍ ടോണി ചമ്മിണി പറഞ്ഞു. കൊക്കോഴ്സ് തിയേറ്ററിന്റെ ലീസ് കാലാവധി അവസാനിച്ചതിനാല്‍ നഗരസഭ ഏറ്റെടുത്ത് പ്രദര്‍ശന സജ്ജമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചലചിത്ര വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ തിയേറ്റര്‍ കൂടുതല്‍ മെച്ചപ്പെടുത്തി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥിരം പ്രദര്‍ശന വേദിയാക്കി കോക്കേഴ്സിനെ മാറ്റാനും ആലോചിക്കുന്നുണ്ടെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു.
സമാപന ദിവസമായ ഇന്നലെ രാവിലെ 11ന് സമീറ മക്മല്‍ ബഫ് സംവിധാനം ചെയ്ത ‘ഹൗ സമീറ മെയ്ഡ് ബ്ലാക്ക് ബോര്‍ഡ്’ എന്ന സിനിമയായിരുന്നു സമാപന ചിത്രം. ചില്‍ഡ്രന്‍സ് തിയേറ്ററില്‍ ലളിതമായി നടന്ന സമാപന ചടങ്ങില്‍ ഡൊമിനിക്ക് പ്രസന്റേഷന് എംഎല്‍എ, മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, മേളയുടെ മുഖ്യാതിഥികളായിരുന്ന മക്മല്‍ ബഫും കുടുംബവും, ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററായ മുന്‍ ജില്ലാ കളക്ടര്‍ കെ.ആര്.വിശ്വംഭരന്, അസി.കളക്ടര്‍ ജി.ആര്.ഗോകുല്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന്, റാഫി മെക്കാര്‍ട്ടിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: