ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുമായി യുദ്ധം ചെയ്യുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്. ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. ഇതിനു തെളിവാണു രാജ്യതലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടി. സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെയാണു പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേജ്രിവാള് പ്രതികരണം നടത്തിയത്. ദല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ബസില്‍ കൂട്ടമാനഭംഗത്തിനിരായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു കേജ്രിവാള്.
നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയെ ശക്തമായി എതിര്‍ക്കും. ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടും. സമരം ചെയ്യുന്നവര്‍ക്കൊപ്പം താനുമുണ്ടാകുമെന്നും കേജ്രിവാള് പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി വിരുദ്ധ പ്രവര്ത്തകന് അണ്ണാ ഹസാരെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്ത്രികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട ഹസാരെ കേസ് അതീവേഗ കോടതിയിലേക്ക് മാറ്റി കുറ്റക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും പറഞ്ഞു. ദല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് അര്‍ഹിക്കുന്ന നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ നടത്തുന്ന പ്രതിഷേധം ദേശാഭിമാനികളുടേതാണ്. അക്രമരഹിതമായ സമരമാണ് അവര്‍ നടത്തുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ഹസാരെ പറഞ്ഞു. റലേഗന്‍ സിന്ധിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സംവിധാനത്തില്‍ ഭയപ്പെടുന്നില്ല എന്നതിനുളള തെളിവാണ് ദല്‍ഹിയില്‍ ഉണ്ടായ ക്രൂര സംഭവമെന്നും അതുകൊണ്ട് തന്നെ നിയമസംവിധാനങ്ങളില്‍ മാറ്റം വരുത്തി കുറ്റക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഹസാരെ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് രാജ്യത്ത് അതീവേഗകോടതികള് ആവശ്യമാണെന്നും ഹസാരെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: