ചില പ്രക്ഷോഭങ്ങള്‍ അങ്ങനെയാണ്. ആന്തരിക വിക്ഷുബ്ധതകൊണ്ടും ആത്മവിശുദ്ധികൊണ്ടും സമൂഹവുമായി നേരിട്ട് സംവദിക്കും. ഗാന്ധിജി ഭാരതത്തോട് ഒറ്റയ്ക്ക് സംവദിച്ച ആളായിരുന്നു. അത് ജനത തിരിച്ചറിഞ്ഞപ്പോഴാണ് സമരവും സ്വാതന്ത്ര്യവും സാധ്യമായത്. ഇന്ത്യയിലെമ്പാടും പ്രത്യേകിച്ച് കേരളത്തില്‍ നടന്നുവരുന്ന നഴ്സുമാരുടെ അവകാശ സമരങ്ങളും ജനതയുടെ ഹൃദയത്തിലേക്ക് സ്വയം നടന്നു കയറുകയായിരുന്നു. സമര നേതൃത്വത്തിന്റെ പ്രത്യേക ശ്രമങ്ങളോ പ്രചാരണങ്ങളോ അതിന് ആവശ്യമായിരുന്നില്ല. അതില്‍ ജനകീയ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കോതമംഗലത്തെ സമരവും മൂന്നു പെണ്‍കുട്ടികളുടെ ആത്മഹത്യ സന്നദ്ധതയില്‍ അല്ലാതെകൂടി ജനങ്ങളിലേക്ക് വല്ലാതെയങ്ങ് എത്തിച്ചേര്‍ന്നു. ആത്മാര്‍ത്ഥതയും അനിവാര്യതയും കൊണ്ട് അത് ജനത്തെ നേരിട്ട് വിളിച്ചു. അതുകേട്ടവര്‍ രാഷ്ട്രീയ-മത ഭേദങ്ങളില്ലാതെ ഇറങ്ങിച്ചെന്നു. സഹജമായ ബധിരത പുലര്‍ത്തി. മതത്തിന്റേയും പണത്തിന്റേയും ഫോര്മലിനുകളില് മനുഷ്യത്വം മരവിപ്പിച്ചു സൂക്ഷിച്ചു. പിന്നെ ആ ഊര്‍ജ്ജം മുഴുവന്‍ സമരത്തെ പിന്തുണച്ച സാധാരണ ജനത്തിനു നേരെ പ്രയോഗിക്കപ്പെട്ടു.
നഴ്സുമാര്‍ക്കും നാട്ടുകാര്‍ക്കും എതിരായും മതമാനേജ്മെന്റിന് അനുകൂലമായും ഭരണകക്ഷി തന്നെ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. നിയമപാലന സംവിധാനം മതവ്യവസായമേലാളരുടെ തിരുസവിധങ്ങള്ക്ക് മുന്നില്‍ ഷൂവും സോക്സും അഴിച്ചുവച്ച് തൊപ്പിയെടുത്ത് കക്ഷത്തില്‍വെച്ച് വണങ്ങി നില്‍ക്കുകയും വെളുപ്പാന്‍ കാലത്ത് വീടു ചവുട്ടിത്തുറന്ന് സമരാനുകൂലികളായ സാധാരണക്കാരനെ പിടിച്ചുകൊണ്ടുപോയി തുറുങ്കിലടയ്ക്കുകയും ചെയ്തു. അങ്ങനെ വിധേയത്വം ഭരിക്കുന്നവരേയും കടന്ന് ‘ഭരിയ്ക്കുന്നവരെ ഭരിയ്ക്കുന്ന’വരോടാണെന്ന് തെളിയിച്ചു. എന്നിട്ടും കാലം ആവശ്യപ്പെടുന്ന എല്ലാ കലാപങ്ങളെയും പോലെ മാലാഖമാരുടെ സമരവും മുമ്പോട്ടുപോവുകയാണ്. ഏകതാന സ്വരൂപം ഇനിയും കൈവന്നിട്ടില്ലെങ്കിലും തൃശ്ശൂരില്‍ കണ്ണൂരില്‍ കാസര്‍കോട്ടില്‍ അങ്ങനെ ഒന്നടങ്ങുമ്പോള്‍ മറ്റൊരിടത്തായി അടിയില്‍ തിളയ്ക്കുന്ന ലാവ പുറത്തേക്ക് വമിച്ചുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയും കോടതി തന്നെയും ഇടപെട്ടിട്ടും വഴങ്ങാന്‍ കൂട്ടാക്കാത്ത മാനേജ്മെന്റുകള്‍ സമരം സംസ്ഥാനത്തിന്റെ സമാധാനത്തിലേക്ക് മൊത്തം വ്യാപരിപ്പിക്കാന്‍ വഴിവെക്കുന്നു.
ഇത്രയേറെ സമയം കിട്ടിയിട്ടും ഭാഗികമായിപ്പോലും നഴ്സിംഗ് മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്ക്കായില്ലെന്നത് വേദനാകരവും നിരാശാജനകവുമാണ്. അവരുടെ താല്പ്പര്യമില്ലായ്മയിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്. ഒരാശുപത്രിയില്‍ ഒരു രോഗിയെ ഒരുനേരം പിഴിഞ്ഞെടുക്കുന്ന പണത്തിനെക്കാള്‍ വളരെ വളരെ തുച്ഛമാണ് ഒരു നഴ്സിന്റെ ഒരുമാസത്തെ ശമ്പളമായി സംഘടനകള്‍ ആവശ്യപ്പെടുന്നത്. അങ്ങേയറ്റം ന്യായവും നിസ്സാരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഈ സമരം കേരളത്തിലൊട്ടാകെ ഒരു ദിവസം കൊണ്ടവസാനിപ്പിക്കാന്‍ ഭരണകൂടത്തിന് വേണ്ടത് ഇച്ഛാശക്തിയാണ്, സമ്മര്‍ദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാനുള്ള കരുത്താണ്. തര്‍ക്കങ്ങളെ തീര്‍പ്പിലെത്തിക്കാനുള്ള നേതൃപ്രഭാവമാണ്. നിര്‍ഭാഗ്യവശാല്‍ അതിപ്പോള്‍ വിനിയോഗിക്കപ്പെടുന്നത് അടിസ്ഥാന ജനതയ്ക്ക് വേണ്ടിയല്ല. ആറന്മുളയിലെ അനധികൃത വിമാനക്കമ്പനിയും സ്ഥലമുടമയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനും ഭൂമാഫിയയെ കര്‍ഷകരെന്ന് വിളിച്ച് വനഭൂമി വിട്ടുകൊടുക്കാനും വ്യവസായ മാഫിയകള്‍ക്ക് വയലും കരയും പതിച്ചു നല്‍കാനും ഒക്കെയാണ്. ഒരു ക്രൈസ്തവ സഭ നടത്തുന്ന ആശുപത്രിയുടെ അനീതികള്‍ക്കെതിരെ മിണ്ടാന്മടിച്ച മുഖ്യമന്ത്രി സ്വന്തം വിധേയത്വം വിളിച്ചറിയിച്ചു. അധികാരത്തിന്റെ നാക്ക് ആത്മവിശ്വാസത്തിന്റെ ആവണക്കെണ്ണയില്‍ ആറാടിയതാണെന്ന് തെളിയിച്ചു. പ്രതിപക്ഷമാകട്ടെ സ്വന്തം ആശുപത്രിയില്‍ കൊലയുടെ ഗൂഢാലോചനയും കോന്നിട്ടുവന്നവര്ക്ക് ചികിത്സയും ഒരുക്കിയതിന്റെ കോലാഹലങ്ങള്‍ ഒതുക്കുന്ന തെരക്കിലും. പിന്നെ ഭരിച്ചുമുടിച്ച സഹകരണാശുപത്രിയുടെ അരസഹസ്റംകോടി വരുന്ന കടവും അനര്‍ഹമായി തിരുക്കിക്കയറ്റിയ ഒരു പാര്‍ട്ടി ഗ്രാമത്തെ മുഴുവനും സംരക്ഷിച്ചു പിടിക്കാനുള്ള തത്രപ്പാടിലും. കേരള രാഷ്ട്രീയത്തിന്റെ ഈ സുഭഗസ്ഥലികളില്നിന്നും എത്രയോ കാതം അകലെയുള്ള പുറമ്പോക്കില്‍നിന്നാണ് മഴയിലും വെയിലിലും മരിയ്ക്കാന്‍ കിടന്ന മൂന്ന് പെണ്‍കുട്ടികളും ഇപ്പോഴും മരണത്തിനും ജീവിതത്തിനുമിടയില്നിന്ന് സമരം ചെയ്യുന്ന നിരവധി മാലാഖമാരും നില്‍ക്കുന്നത് എന്നന്വേഷിച്ചുപോയാല്‍ നാം ജനത്തിനും ജനാധിപത്യത്തിനുമിടയിലെ അന്തമില്ലാതെ അകലം കണ്ട് അമ്പരക്കും.
ആസൂത്രിതമോ തന്ത്രപരമോ ആയിരുന്നില്ല ആ ആത്മഹത്യാശ്രമം. ദാരിദ്ര്യവും യാതനയും അവഗണനയും നിസ്സഹായതയും രോഷവുമൊക്കെ അവരെ അതിന് സന്നദ്ധരാക്കുകയായിരുന്നു. അധികാരത്തിനു മുന്നില്‍, അതിന്റെ ഉപസംവിധാനങ്ങളായ പണത്തിനും സംഘടിത മതശക്തിക്കും മുന്നില്‍ നിസ്സഹായരായിവര്ത്തിക്കുന്ന കേരളത്തിലെ അടിസ്ഥാന ജനതയുടെ പ്രതിനിധികളായിരുന്നു ആ മൂന്ന് പെണ്‍കുട്ടികള്‍. മന്ത്രിമാരും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും സ്വകാര്യദൂതന്മാരുമൊക്കെ എന്തൊക്കെയോ ഗുണകരമായ ഒത്തുതീര്പ്പുകളിലെത്തിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുട്ടികളെ താഴെയിറക്കിയത്.
എന്നാല്‍ കാലങ്ങളായി ജനാധിപത്യത്തില്‍ കണ്ടുവരുന്നതുപോലെ മാലാഖമാരും ദയാരിഹതമായി വഞ്ചിക്കപ്പെട്ടു. ഒത്തുതീര്പ്പിലെത്തിയവരെയും ഭരണകൂടത്തെ തന്നെയും വെല്ലുവിളിച്ചുകൊണ്ട് ഒത്തുതീര്‍പ്പു വ്യവസ്ഥകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ആശുപത്രിയുടെ വക്താവ് ഉറക്കെ വിളിച്ചു പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷ രാഷ്ട്രീയാതീതവിധേയത്വത്തോടെ അതുകേട്ടുനിന്നു. അനുകമ്പാ ശൂന്യരായി പെരുമാറിക്കൊണ്ടും നുണകള്‍ ആവര്ത്തിച്ചുകൊണ്ടും സേവനത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച് നേടിയെടുക്കുന്ന കോടിക്കണക്കായ പണത്തിന്റെ ഹുങ്കില്‍ ഭരണകൂടത്തെപ്പോലും അവഗണിച്ചുകൊണ്ടും മാനേജുമെന്റുകള്‍ പലതും തനിസ്വരൂപം കാണിക്കുന്നു. നഴ്സുമാരുടെ ഇത്തിരി വറ്റില് കയ്യിട്ടുവാരി അവനവന്റെ അരമനകള്‍ നിറയ്ക്കുന്നു. ഭരണകൂടം നിസ്സഹായത നടിക്കുന്ന വെള്ളാനയും ആരെയെങ്കിലും അയച്ച് മാധ്യസ്ഥം വഹിക്കുന്ന മൂന്നാമന്മാരുമാകുന്നു. അങ്ങനെ തൊഴില്‍നിയമങ്ങളുടെയും ലേബര്കോടതിയുടേയും സങ്കീര്ണതയില്പ്പെടുത്തി നഴ്സസിന്റെ ജീവിതങ്ങള്‍ അഴിക്കാനാവാത്തവിധം കുരുക്കിയിടാം എന്ന ഭീതികരമായ സാദ്ധ്യത ഉണ്ടായിത്തീരുന്നു. രാഷ്ട്രീയം അണികളുടെ വാല് മാലാഖമാര്ക്കൊപ്പവും നേതൃത്വത്തിന്റെ തല മാനേജ്മെന്റുകള്ക്കൊപ്പവും കാട്ടി ഉടന്‍ സംരക്ഷിച്ചു പിടിക്കുന്നു. രാഷ്ട്രീയാതീതമായ ഒരു സമര സാഹചര്യം അങ്ങനെ പതിയെ ഉരുത്തിരിഞ്ഞുവരികയാണ്. മനഃസാക്ഷിയുണരാത്ത മാനേജ്മെന്റുകളും കടമ നിര്‍വഹിക്കാത്ത ഭരണകൂടവും ഇരുവശത്തുനിന്ന് അതിന് ജനതയെ നിര്‍ബന്ധിതരാക്കുന്നു.
പ്രതികാരബുദ്ധിയോടെയാണ് മിക്ക മാനേജ്മെന്റുകളും സമരം ചെയ്യുന്ന നഴ്സുമാരോട് പെരുമാറുന്നത്. സമരം അവസാനിപ്പിച്ചാലും കുറ്റപ്പെടുത്തലും കുത്തുവാക്കും മാനസിക പീഡനങ്ങളും തുടരുന്നു. മാനേജ്മെന്റുകളുടെ മുതലാളിത്ത മനോഭാവമാണ് ഇതിനുകാരണം. അടിമകളോടെന്നവിധമാണ് അവര്‍ നഴ്സുമാരോട് പെരുമാറുന്നത്. തുടക്കം തൊട്ടിന്നോളം സംഘടിക്കാതെ കഴിഞ്ഞ ഒരു വിഭാഗം, ചവിട്ടിനെയും തൊഴിയെയും സഹജമായ സഹിഷ്ണുതയാല്‍ സഹിച്ചുജീവിച്ച ഒരു വിഭാഗം, കടമകളെക്കുറിച്ചല്ലാതെ അവകാശങ്ങളെപ്പറ്റി ചിന്തിക്കാതിരുന്ന ഒരു വിഭാഗം സംഘടിക്കുന്നതും ശക്തരാകുന്നതും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതും അസഹിഷ്ണുതയോടെയാണ് ഭൂരിപക്ഷം മാനേജ്മെന്റുകളും കണ്ടത്. രോഗികളോട് നേരിട്ടിടപെടുകയും നിസ്വാര്‍ത്ഥമായി സഹായിക്കുകയും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമിടയില്‍ പാലങ്ങളായി വര്‍ത്തിക്കുകയും ചെയ്യുന്ന മാലാഖമാരെ ജനത്തിന് ഇഷ്ടമാണെങ്കിലും ഡോക്ടര്‍മാരില്‍ മിക്കവര്‍ക്കും അങ്ങനെയല്ല. വരുമാനംകൊണ്ടും ജീവിതനിലവാരം കൊണ്ടും ഡോക്ടര്‍മാര്‍ക്ക് മാനേജ്മെന്റുകളോടാണ് ആഭിമുഖ്യം. നഴ്സുമാരുടെ സമരത്തിലും അവര്‍ നിശ്ശബ്ദരോ മുതലാളിത്തത്തോടൊപ്പം നില്ക്കുന്ന പാര്‍ശ്വവര്‍ത്തികളോ ആയത് അതുകൊണ്ടാണ്. ലാഭേച്ഛയോടൊപ്പം തന്നെ തരംതാണ വാശിയും ഈഗോയുമാണ് മാനേജ്മെന്റുകളുടെ മറ്റു പ്രശ്നങ്ങള്‍; ലോകത്തെവിടെയും അധഃസ്ഥിതവര്‍ഗ്ഗം സംഘടിപ്പിച്ചപ്പോള്‍ മുതലാളിത്തത്തിനുണ്ടായ അതേ വികാരം.
ഉത്ഥാനം ശക്തവും വ്യവസ്ഥാപിതവുമായിക്കഴിയുമ്പോള് എതിര്‍പ്പുകള്‍ താനേ അടങ്ങിക്കൊള്ളും. അതാണ് ചരിത്രം. അതിന് ജനപിന്തുണയുള്ള തീവ്രവും നിരന്തരവുമായ സമരവും വിവേകവും ശേഷിയുമുള്ള നേതൃത്വവും അടിത്തട്ടുവരെയെത്തുന്ന സംഘടനാ സംവിധാനവും ആവശ്യമാണ്. ശക്തമായ നേതൃത്വമുണ്ടെങ്കില്‍ അത് ഇടനിലകളൊഴിവാക്കി സംഘടനയും മാനേജ്മെന്റുകളും നേരിട്ട് ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കുന്ന നിലയിലെത്തിക്കും. അതിനുവേണ്ടുംവിധം സമഗ്രവും ശക്തവുമായി സംഘടനകള്‍ മാറുംവരെ നഴ്സിംഗ് മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിയ്ക്കപ്പെടുകയില്ല. അത് പരിഹരിക്കയ്ക്കപ്പെടേണ്ടത്. ഓരോ സാധാരണ പൗരന്റേയും വരെ ആവശ്യമായി വരുന്നു. കാരണം ആരോഗ്യമേഖലയില്‍ നേരിടുന്ന ഏതൊരു പ്രതിസന്ധിയും നിഷേധിക്കുന്നത് സാധാരണ ജനത്തിന്റെ ചികിത്സാ സ്വാതന്ത്ര്യമാണ്.
>> വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: