നിഷ്പക്ഷവും നീതിപൂര്‍വ്വകവും കാര്യക്ഷമതയുമുള്ള പോലീസാണ് ശക്തിയുള്ള ഒരു നിയമവാഴ്ചയുടെ അടിക്കല്ല്. അഴിമതിക്കും രാഷ്ട്രീയ സ്വാധീനത്തിനും പോലീസ് വഴങ്ങുമ്പോള്‍ മൂക്കുകുത്തി നിലംപരിശാകുന്നത് നിയമവാഴ്ചതന്നെയാണ്. നിയമവാഴ്ചയുടെ ഏത് പതനവും നാടിനെ കൊണ്ടെത്തിക്കുക അരാജകത്വത്തിലേക്കാണ്. നാടിന്റെയും നാട്ടുകാരുടെയും ആന്തരീക സുരക്ഷ ഉറപ്പുവരുത്തുന്ന ‘സെന്ട്രിയായ ഡ്യൂട്ടി’ക്കാരനായാണ് സുപ്രീം കോടതി പോലീസിനെ ചിത്രീകരിച്ചിട്ടുള്ളത്. വേലി തന്നെ വിളവ് തിന്നുന്ന ആപത്കരമായ സ്ഥിതിവിശേഷത്തിലേക്കാണ് പോലീസ് ഇവിടെ ചാടിക്കടന്നു കൊണ്ടിരിക്കുന്നത്.
ഇന്ത്യാ രാജ്യത്ത് ഏറ്റവും മോശപ്പെട്ട പോലീസ് കേരളത്തിലാണുള്ളതെന്ന് തെളിയിക്കാന്‍ 2011 ല്‍ കൊല്ലത്ത് അരങ്ങേറിയ ഉണ്ണിത്താന് വധശ്രമക്കേസ്, ഹാപ്പി രാജേഷ് കൊലക്കേസ്സ് പോലീസുകാരനായ ബാബു കുമാറിന് കുത്തേറ്റ സംഭവം എന്നിവയുടെ നാള്വഴികളിലൂടെഒന്ന് കണ്ണോടിച്ചാല്‍ മതി. സാക്ഷരകേരളം ഈ മൂന്ന് കേസ്സുകളുടേയും അന്തര്‍ നാടകങ്ങള്‍ ഇന്നുവരെ വേണ്ട രീതിയില്‍ ചികഞ്ഞു കണ്ടെത്തിയിട്ടില്ല എന്നതാണ് നഗ്നസത്യം. നമ്മുടെ പോലീസ് കഴിവും പ്രാപ്തിയുമുള്ളവരാണെന്നതിന് ടി.പി.ചന്ദ്രശേഖരന് വധക്കേസ്സുപോലെയുള്ള എത്രയോ കുറ്റാന്വേഷണങ്ങളുടെ സാക്ഷ്യപത്രങ്ങളിവിടുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകനായ ഉണ്ണിത്താന് വധശ്രമക്കേസ്സിന്റെയുംമറ്റും ചുരുളുകളഴിയുമ്പോള്‍ പ്രതിക്കൂട്ടിലാവുന്നത് കേരള പോലീസിന്റെ വിശ്വാസ്യത തന്നെയാണ്.
2011 ഏപ്രിലില്‍ ഉണ്ണിത്താന് വധശ്രമ സംഭവം നടന്നതിന്റെ 14-ാം ദിവസം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിന് മുന്നില്‍ പൊതുവഴിയില്‍ ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നതായും അതിന്റെ പിന് സീറ്റില്‍ യാത്രക്കാരുടെ സീറ്റില്‍ ഡ്രൈവര്‍ രാജേഷ് ഇരിക്കുന്നതായും കാണപ്പെട്ടു. വളരെ സമയമായിട്ടും യാതൊരുവിധ ചലനങ്ങളുമില്ലാത്ത ഓട്ടോയേയും ഡ്രൈവറേയും കണ്ട് ചിലര്‍ അടുത്തെത്തിയപ്പോള്‍ രാജേഷ് കൊല്ലപ്പെട്ട അവസ്ഥയില്‍ ഓട്ടോയുടെ സീറ്റില്‍ ഇരിക്കുന്നതായി അവര്‍ക്ക് ബോധ്യപ്പെട്ടു. തലേദിവസം രാജേഷ് വീട്ടില്‍നിന്നും സാധാരണപോലെ തന്റെ ഓട്ടോറിക്ഷയുമായി രാത്രി ഓട്ടത്തിന് പോയതായിരുന്നു. പൈറ്റ് ദിവസം രാവിലെ രാജേഷ് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ഭാര്യ ബിന്ദുവുംമറ്റ് ബന്ധുക്കളും ടിയാനെ തിരഞ്ഞു നടക്കുകയായിരുന്നു. വൈകീട്ട് രാജേഷിന്റെ ഓട്ടോറിക്ഷയും ടിയാന് ഓട്ടോറിക്ഷയില്‍ ആസനസ്ഥനായിട്ടുള്ള സ്ഥിതിയുമറിഞ്ഞോടിയെത്തിയ ബന്ധുക്കള്‍ രാജേഷിനെ ആരോ കൂട്ടികൊണ്ടുപോയി കൊന്നശേഷം പൊതുവഴിയില്‍ ഉപേക്ഷിച്ചതാണെന്ന് തിരിച്ചറിഞ്ഞു. ഇതിനെ തുടര്‍ന്ന് കൊല്ലം നഗരം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയാണുണ്ടായത്.
കൊലപാതക സംഭവം വെളിപ്പെട്ടതിനെ തുടര്‍ന്ന് ആബാലവൃദ്ധം ജനങ്ങളും ഉണ്ണിത്താനെ അക്രമിക്കാന്‍ ഉന്നതര്‍ നിയോഗിച്ച ആളായിരുന്നു ഹാപ്പി രാജേഷ് എന്നറിഞ്ഞു. പ്രസ്തുത കേസിലുള്‍പ്പെട്ട ഉന്നതരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ അവര്‍ ആസൂത്രിതമായി രാജേഷിനെ വകവരുത്തിയതാണെന്നും അറിഞ്ഞു. രാജേഷിന്റെ ശവപരിശോധന സ്ഥലത്തും പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ആശുപത്രിയിലും ഉന്നതരായ പോലീസ് ഓഫീസര്‍മാര്‍ നേരിട്ടെത്തി കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ജനങ്ങള്‍ കണ്ടു. ക്രൈംബ്രാഞ്ചിന് പങ്കില്ലാത്ത രംഗത്താണ് ഉന്നത ക്രൈംബ്രാഞ്ചുകാര് എത്തിപ്പെട്ടത്. ക്രൈംബ്രാഞ്ച് ഇത്തരം സ്ഥലത്ത് ക്ഷണിക്കപ്പെടാത്ത അതിഥികളെപോലെ വന്നതിന്റെ പൊരുള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജനങ്ങള്‍ക്ക് അറിയാനും വിഷമമുണ്ടായില്ല.
മാതൃഭൂമിയിലെ സീനിയര്‍ ജേര്‍ണലിസ്റ്റായ ഉണ്ണിത്താന് ഉന്നത പോലീസുകാര്‍ക്കെതിരേ ചില വാര്‍ത്തകള്‍ നല്കിയ വിരോധത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഗുണ്ടകളെ ഉപയോഗിച്ച് അക്രമിച്ച് കൊലപ്പെടുത്താന്‍ സംഘടിത ശ്രമമുണ്ടായത്. ഇതിന് കളമൊരുക്കുകയും പങ്കാളിത്തം വഹിക്കുകയും ചെയ്ത ഉന്നത പോലീസുകാര്‍ കൊല്ലം ക്രൈംബ്രാഞ്ചിലെ രണ്ട് ഡി.വൈ.എസ്.പി.മാരും സഹയാത്രികരുമായിരുന്നു. ഹാപ്പി രാജേഷ് ജിവിച്ചിരുന്നാല്‍ തങ്ങളുടെ പേരുകള്‍ ഉണ്ണിത്താന് കേസ്സില്‍ പുറത്തുവരുമെന്ന് ഭയപ്പെട്ട ഉയര്‍ന്ന പോലീസ് ഓഫീസര്‍മാരാണ് ഹാപ്പി രാജേഷിനെ കൊലപ്പെടുത്തി സ്വയം രക്ഷപ്പെടാന്‍ പദ്ധതികളാവിഷ്കരിച്ചത്. രാജേഷിന്റെ ഭാര്യ ബിന്ദു ഈ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി ആക്ഷേപം ബോധിപ്പിച്ചുവെങ്കിലും അവയൊക്കെ വനരോദനങ്ങളായി പരിണമിക്കുകയാണുണ്ടായത്. തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷണത്തിന് വേണ്ടി രാജേഷിന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചത്.
ഉണ്ണിത്താന് കേസന്വേഷണം ജനസമ്മര്‍ദ്ദത്തെ തുടര്‍ന്ന് സി.ബി.ഐ.യെ ഏല്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഹാപ്പി രാജേഷ് കൊലക്കേസ്സ് അക്കൂട്ടത്തില്‍ സി.ബി.ഐ. അന്വേഷിക്കാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിയിലായിരുന്നു ഭരണകൂടം. ഹാപ്പി രാജേഷ് കൊലക്കേസ് അന്വേഷണം മിന്നല്‍ വേഗത്തില്‍ തട്ടികൂട്ടി കുറെ ഗുണ്ടകളെ പ്രതികളാക്കി അവരെ വിചാരണയില്‍ വിട്ടയക്കതക്കവിധം തെളിവുകളുടെ പശ്ചാത്തലമൊരുക്കി കൊല്ലം ക്രൈംബ്രാഞ്ച് കുറ്റപത്രം ഫയലാക്കുകയായിരുന്നു. എന്തിന് ഇത്ര തിടുക്കപ്പെട്ട് കേസ് കമ്മിറ്റ് ചെയ്ത് വിചാരണയ്ക്ക് സജ്ജമാക്കിയെന്ന ചോദ്യത്തിനൊരിക്കലും ഉത്തരമുണ്ടായില്ല. ബിന്ദുവിന്റെ ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ തങ്ങളുടെ ആവനാഴിയിലുള്ള എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചു. ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍തന്നെ നേരിട്ട് ഹാജരായി സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്തു എന്നാല്‍ നീതിയുടെ പെന്‍ഡുലം സത്യത്തിന്റെ പാതയിലേക്ക് നീങ്ങുകയും കുറ്റപത്രം റദ്ദ് ചെയ്ത് കേസ്സന്വേഷണം സി.ബി.ഐ.യ്ക്ക് നല്കുകയുമാണുണ്ടായത്. ഇനി ഈ കേസ്സില്‍ അനാവരണം ചെയ്യപ്പെടാന്‍ പോകുന്നത് ക്രൈംബ്രാഞ്ചിലെ ഉന്നതരുടെ കുറ്റകരമായ പങ്കായിരിക്കും. ഒരു ജില്ലയിലെ ക്രൈംബ്രാഞ്ച് സംവിധാനം ഒന്നടങ്കം കൊലക്കുറ്റത്തെ വെള്ളപൂശി യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തിയ നിഷ്ഠുര സമീപനമാണ് പൊളിച്ചെഴുതപ്പെടാന്‍ പോകുന്നത്.
സി.ബി.ഐ. അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ച ജ: സതീഷ് ചന്ദ്രന് തന്റെ വിധിന്യായത്തില്‍ ഈ കേസ്സും ഉണ്ണിത്താന് കേസ്സും തമ്മിലുള്ള ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നീതിയും പൊതു താല്പര്യവും പോലീസ് കണക്കിലെടുത്തില്ലെന്ന കാര്യവും വിധിയില്‍ പറയുന്നുണ്ട്. അന്വേഷണം എത്രയും പെട്ടെന്ന് സി.ബി.ഐ. പൂര്‍ത്തിയാക്കണമെന്നും കോടതി നിഷ്കര്‍ഷിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ വിധിന്യായം കേരള പോലീസിനേറ്റ മുഖത്തടിയാണ്.
ബിന്ദുവിനുവേണ്ടി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി മുമ്പാകെ റിട്ട് ഹര്‍ജി ബോധിപ്പിച്ചത് വാദം നടത്തിയ അഭിഭാഷകനാണ് ഈ ലേഖകന്‍. ഇന്നലെ ഹാപ്പി രാജേഷ് കേസ്സില്‍ വിധിവന്നശേഷം ഈ ലേഖകനെ കാണാനെത്തിയ കൊല്ലം കണ്ട്രോള് റൂമിലെ ഒരു എ.എസ്.ഐ. ആസുത്രിത വധശ്രമത്തില്‍ തന്റെ ദേഹത്തേറ്റ ഗുരുതരമായ പരിക്കുകളുടെ പാടുകള്‍ കാണിച്ചുതരുകയുണ്ടായി. താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരിക്കവെ ഉണ്ണിത്താന് കേസ്സില്‍ പിന്നീട് പ്രതികളാക്കപ്പെട്ട ഉയര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ക്കെതിരേ അവരുടെ ദുഷ്ചെയ്തികള്‍ റിപ്പോര്‍ട്ടു ചെയ്തതിന്റെപേരില്‍ പകപോക്കിയ സംഭവം ഈ ലേഖകനോട് വിശദീകരിച്ചു.
ഗുണ്ടകളെ ഉപയോഗിച്ചാണ് താന്‍ അക്രമിക്കപ്പെട്ടതെന്നും മരണകാരണമായ പരിക്കില്‍ തലനാരിഴ വ്യത്യാസത്തിലാണ് താന്‍ രക്ഷപ്പെട്ടതെന്നും ആ പോലീസുകാരന് വിശദീകരിച്ചു. ഉണ്ണിത്താന് ഗസ്റ്റ് ഹൗസിലെ പോലീസ് വേഴ്ചകള്‍ റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരിലും ഹെഡ് കോണ്‍സ്റ്റബിള്‍ ഇക്കാര്യം മേലധികാരികളെ അറിയിച്ചതിന്റെ പേരിലുമാണ് അക്രമിക്കപ്പെട്ടത്. എന്നാല്‍ ബാബുകുമാര്‍ കേസ്സില്‍ ഉന്നതന്മാരുടെ സ്വാധീനത്തിനുവഴങ്ങി ഫലപ്രദമായ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്ന സത്യം എന്നെ ഞെട്ടിപ്പിച്ചുകളഞ്ഞു. ഇപ്പോഴും പ്രസ്തുത കേസ് തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. ഹാപ്പി രാജേഷ് കൊലക്കേസ്സിനൊപ്പം ബാബുവിന്റെ കേസ്സും സി.ബി.ഐ.ക്ക് ഹൈക്കോടതി കൈമാറുമെന്ന് ന്യായമായ പ്രതീക്ഷയാണുള്ളത്.
2011 ജനുവരി 11 ന് ബാബുരാജ് അക്രമിക്കപ്പെട്ടു. ഏപ്രില്‍ 15 ന് ഉണ്ണിത്താന് വധശ്രമമുണ്ടായി. ഏപ്രില്‍ 28 ന് ഹാപ്പി രാജേഷ് കൊല്ലപ്പെട്ടു. ഉണ്ണിത്താന് കേസ്, ഹാപ്പി രാജേഷ് കേസ്, ബാബു കുമാര്‍ കേസ് എന്നിവ കൂട്ടിവായിക്കുമ്പോള്‍ എങ്ങനെയാണ് ഒരു നാട്ടിലെ പോലീസ് സംവിധാനം ക്രിമിനലുകളാകുന്നതെന്നത് വ്യക്തമാകുന്നു. എങ്ങനെ കേസ്സൊതുക്കാന്‍ ഇവര്‍ പരസ്പര സഹായികളായി സത്യത്തെ അട്ടിമറിക്കുന്നു എന്ന കാര്യവും തെളിയുന്നു. പണ്ടൊക്കെ കോടതികള്‍ പോലീസിനെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും വഴിവിട്ട് സഞ്ചരിക്കുമ്പോള്‍ അവര്‍ക്ക് കൂച്ചുവിലങ്ങുകളായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ നമ്മുടെ നിയമ നീതി സംവിധാനങ്ങള്‍ അന്ധമായി പോലീസിനെ വിശ്വസിക്കുകയും അവലംബിക്കുകയും ചെയ്യുകവഴി ക്രിമിനല്‍ നീതിയുടെ ഒഴുക്ക് തടയപ്പെട്ടുപോകുന്നു. ഹാപ്പി രാജേഷ് കേസ് കേരള പോലീസിനെകുറിച്ചുള്ള പുത്തന്‍ വിലയിരുത്തലിനും ദോഷപരിഹാരത്തിനും ഇടയാക്കട്ടേയെന്ന് നമുക്ക് പ്രത്യാശിക്കാം.
>> അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: