കൊച്ചി: വല്ലാര്‍പാടം റോഡ്, റെയില്‍ ബന്ധങ്ങള്‍ക്ക് വേണ്ടി ചേരാനല്ലൂര്‍ വില്ലേജില്‍ നിന്ന് വഴിയാധാരമാക്കപ്പെട്ട 83 കുടുംബങ്ങള്‍ക്ക് അനുവദിച്ച വടുതലയിലെ പുനരധിവാസഭൂമി വൃശ്ചികവേലിയേറ്റത്തില് മുങ്ങിത്താണുകൊണ്ടിരിക്കുകയാണെന്ന് കോര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അഭിപ്രായപ്പെട്ടു. പുഴ പുറമ്പോക്ക് ഭൂമി നികത്തിയെടുത്തിട്ടുള്ള നാലേ കാല് ഏക്കര്‍ ഭൂമിയുടെ സംരക്ഷണഭിത്തി ഇനിയും നിര്‍മ്മിക്കാത്ത പശ്ചാത്തലത്തില്‍ കൂടിയ പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരക്ഷണഭിത്തി നിര്‍മ്മിക്കാത്തതിനാല്‍ വേലിയേറ്റത്തു കയറുന്ന വെള്ളം പുനരധിവാസഭൂമി ചെളിക്കുളമാക്കി മാറ്റുകയാണ്. 30 ലക്ഷം രൂപ വരുന്ന എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ട് ഒരു വര്‍ഷം തികയുമ്പോഴും ആവശ്യമായ ഫണ്ടില്ല എന്ന കാരണത്താല്‍ ജില്ലാ ഭരണകൂടം നിര്‍മ്മാണ അനുമതി നിഷേധിച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതുവരെ വാടകയിനത്തില്‍ പ്രതിമാസം 5000 രൂപ വീതം കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന ഉറപ്പും കാറ്റില്‍ പറത്തപ്പെട്ടിരിക്കുകയാണ്.
പുനരധിവാസ പ്രക്രിയ വീണ്ടും വലിച്ചു നീട്ടാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ആല്‍ഫി പൊടുത്താസ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: