കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ടി.കെ.രജീഷിനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇന്നലെ രാവിലെയാണ് വന്‍സുരക്ഷാ സന്നാഹത്തോടെ രജീഷിനെ മാറ്റിയത്. രജീഷുള്പ്പെടെയുള്ള സിപിഎം തടവുകാരെ സന്ദര്‍ശിക്കാന്‍ നേതാക്കള്‍ നിരന്തരമായെത്തുന്നത് ജയില്‍ അന്തരീക്ഷത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.
ടി.പി.വധക്കേസില്‍ അറസ്റ്റിലായ രജീഷിനെ നേരത്തെ കോഴിക്കോട് സബ്ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. പിന്നീട് തലശ്ശേരി കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. നിരവധി കേസുകളില്‍ പ്രതിയാണ് രജീഷ്.
ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണത്തിന്റെ ഭാഗമായി രണ്ട് തവണ സെന്‍ട്രല്‍ ജയിലില്‍ രജീഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രജീഷിനെതിരെ പോലീസ് മൂന്നാംമുറ പ്രയോഗിച്ചുവെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചശേഷം ഇന്നലെ എം.വി.ജയരാജന് ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലിയുടെ പേരെടുത്ത് എം.വി.ജയരാജന് ഭീഷണി മുഴക്കുകയും ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തിലാണ് രജീഷിനെ കോഴിക്കോട് ജയിലിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: