കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണം പുരോഗമിക്കവെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം മുന്നൊരുക്കം ആരംഭിച്ചു. കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ടി.കെ. രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്വേഷണസംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാരോപിച്ച് പാര്‍ട്ടി പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഇതിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുകയാണെങ്കില്‍ പോലീസ് മര്‍ദ്ദനം കാരണം രജീഷിന് തെറ്റായ മൊഴി കൊടുക്കേണ്ടി വന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമം. കേസന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എ.പി.ഷൗക്കത്തലി രണ്ട് തവണ രജീഷിനെ സെന്‍ട്രല്‍ ജയിലില്‍ ചോദ്യം ചെയ്തു കഴിഞ്ഞ സാഹചര്യത്തിലാണിത്.
ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യവെ താനുള്‍പ്പെടെയുള്ള സംഘമാണ് കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നതെന്നും നേരത്തെ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ അച്ചാരമ്പത്ത് പ്രദീപന് മാത്രമേ യഥാര്‍ത്ഥ പ്രതിയായുള്ളൂവെന്നും രജീഷ് പറഞ്ഞിരുന്നു. എന്നാല്‍ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ രജീഷ് ഇത് നിഷേധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് രണ്ട് മൊഴിയിലുമുള്ള വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് രജീഷിനെ വീണ്ടും ചോദ്യം ചെയ്തത്.
കേസന്വേഷണത്തില്‍ ചോദ്യം ചെയ്യലിനോട് എങ്ങനെ പ്രതികരിക്കണമെന്ന് രജീഷിന് പാര്‍ട്ടി ശക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് സൂചന. കൊലപാതക കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന കാരായി രാജന്, പി.കെ. കുഞ്ഞനന്തന് ഉള്‍പ്പെടെയുള്ളവരെയാണ് പാര്‍ട്ടി ഇതിന് ചുമതലപ്പെടുത്തിയത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ അല്ല, അറിയില്ല, ഓര്‍മ്മയില്ല എന്ന ഉത്തരം മാത്രമാണ് രജീഷ് നല്കിയതത്രെ. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെ രജീഷ് നിര്‍ണായകമായ വിവരങ്ങള്‍ നല്കുകയായിരുന്നുവത്രെ. ഇതില്‍ ജയകൃഷ്ണന് മാസ്റ്ററുടെ വധവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയെ കുറിച്ചും മൊഴി നല്‍കിയതായി സൂചനയുണ്ട്.
തുടക്കം മുതല്‍ തന്നെ അന്വേഷണസംഘം ശാസ്ത്രീയമായ രീതിയില്‍ എഴുതി തയ്യാറാക്കിയ ചോദ്യങ്ങളാണ് രജീഷിനോട് ചോദിച്ചത്. പല ചോദ്യങ്ങളോടും രജീഷ് വൈകാരികമായ രീതിയിലാണ് പ്രതികരിച്ചതെന്നും പറയപ്പെടുന്നു. കൊലക്കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെന്ന നിലയ്ക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ബന്ധപ്പെട്ട ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് രജീഷിനെ വീണ്ടും ചോദ്യം ചെയ്തത്. അന്വേഷണം പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിയുമെന്ന ഘട്ടത്തിലാണ് മര്‍ദ്ദനമെന്ന നുണപ്രചരണവുമായി പാര്‍ട്ടി പത്രം ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തതെന്ന് കരുതുന്നു. ചോദ്യം ചെയ്യല്‍ നടന്ന ദിവസം തന്നെ താന്‍ നല്കിയ മൊഴി സംബന്ധിച്ച് രജീഷ് ജയിലിലുള്ള സിപിഎം നേതാക്കളോട് വിശദീകരിച്ചിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ തനിക്ക് പിടിച്ചുനില്‍ക്കാനായില്ലെന്ന് രജീഷ് കുറ്റസമ്മതം നടത്തിയത്രെ. ജയിലില്‍ നിന്നും ഇത് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
ടി.പി.ചന്ദ്രേശഖരന് വധക്കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന പാര്‍ട്ടി നേതൃത്വം ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണത്തില്‍ ഏറെ അസ്വസ്ഥരാണ്. കേസന്വേഷണത്തെ പ്രതിരോധിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം.
ജയകൃഷ്ണന് വധക്കേസില്‍ വിധി പറഞ്ഞ കോടതികള്‍ ചൂണ്ടിക്കാട്ടിയതുപോലെ എല്ലാ സ്വാധീനമുപയോഗിച്ച് വീണ്ടും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രജീഷിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന ആരോപണത്തിന് പിന്നിലുമെന്ന് വ്യക്തമാണ്.
>> കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: