ഇനി എട്ടുദിവസമേയുള്ളൂ ഈ വര്‍ഷം അവസാനിക്കാന്‍. നക്ഷത്രങ്ങള്‍ നമ്മെ വേദനയിലേക്കും ആഹ്ലാദത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു. ഇരട്ടമുഖമുള്ള മാസമാണല്ലോ ഡിസംബര്‍. മഞ്ഞിന്റെ മുഖാവരണമണിഞ്ഞ് നമ്മെ യാത്രയാക്കുകയും ഒപ്പം ജനുവരിയിലേക്കുവന്ന് നമ്മെ പൂണ്ടടക്കം പിടിക്കുകയും ചെയ്യുന്നു ഈ മാസം. ഏതായാലും 2012 അവസാനിക്കുമ്പോള്‍ തീര്‍ത്താലും തീരാത്ത ഒരു വേദന നമ്മെ വിടാതെ പിന്തുടരും. അത് ഇന്ദ്രപ്രസ്ഥത്തില്‍ അഭിമാനവും ശരീരവും അപമാനിക്കപ്പെട്ട ഒരു 24 കാരിയുടെ വേദനയാണ്. മറ്റൊന്ന് താലിബാനിന്റെ കൊടിയ ശിക്ഷയ്ക്ക് വിധേയയായ മറ്റൊരു 18 കാരിയുടേതും. മലാല കരുത്തിന്റെ പ്രതീകമായി അക്രമികളെ പ്രകോപ്പിച്ചുവെങ്കില് ഇന്ദ്രപ്രസ്ഥത്തിലെ 24 കാരി നിസ്സഹായയായി അവര്‍ക്ക് വിധേയയാകുകയായിരുന്നു. എന്നുവെച്ചാല്‍ സ്ത്രീത്വം കാപാലികര്‍ക്ക് പ്രലോഭനമായെന്ന്!
നേരത്തെ പറഞ്ഞതുപോലെ ഇരട്ട മനസ്സുള്ള, ഇരട്ടവ്യക്തിത്വമുള്ള മാസമാണ് ഡിസംബര്‍. ഏതാണ്ട് അതേപോലെയാണെന്നു തോന്നുന്നു ഇപ്പോഴത്തെ മനുഷ്യരും. (അതില്‍ പുരുഷന്മാര് പ്രത്യേകിച്ചും) സംസ്കാരസമ്പന്നരായാലും സമൃദ്ധസാക്ഷരരായാലും സ്ത്രീത്വത്തെ തന്റെ ഇംഗിതത്തിനനുസരിച്ച് ഉപയോഗിക്കാനുള്ള ഒരു ഉപകരണമാണെന്ന ധാരണയാണുള്ളത്. യോഗങ്ങളില്‍ ഘോരഘോരം പ്രസംഗിക്കുമ്പോഴും ചര്‍ച്ചകള്‍ നടത്തുമ്പോഴും ഒരു വ്യക്തിത്വം ഒളിച്ചുവെക്കുക. തരംകിട്ടുമ്പോള്‍ വന്യമൃഗങ്ങളുടെ നഖങ്ങള്‍പോലെ ഒളിയിടത്തില്‍നിന്ന് അത് പുറത്തു വരിക. ഈയൊരു സ്ഥിതിവിശേഷം അറിഞ്ഞോ അറിയാതെയോ ഇവിടെയൊക്കെ നടമാടുന്നുണ്ട്. എത്ര കടുത്ത ശിക്ഷ ശുപാര്‍ശ ചെയ്യപ്പെട്ടാലും ഫലത്തില്‍ അതൊക്കെ നടപ്പിലാകാതെയും പോകുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ മലയാള മനോരമ (ഡിസം.19)യുടെ മുഖപ്രസംഗം അര്‍ഥസമ്പുഷ്ടവും ഇരുത്തിച്ചിന്തിപ്പിക്കുന്നതുമാണ്. ഇരയാകേണ്ടവളല്ല അവള് എന്ന തലക്കെട്ടില്‍ വന്ന പത്രാധിപക്കുറിപ്പ് ഒട്ടേറെ കാര്യങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ആധുനിക സംവിധാനങ്ങളുമായി നാം മുന്നോട്ടുപോവുമ്പോഴും കിരാതവന്യതയിലേക്കും ഇടക്കിടെ തിരിഞ്ഞുനോക്കുന്നു എന്നതാണ് പ്രശ്നം. സാക്ഷരതയുടെ ധവളപ്രഭയില്‍ നെഞ്ചുവിരിച്ചുനില്ക്കുന്ന കേരളത്തില്‍, തൊട്ടുപിന്നില്‍ ഇരുട്ടുനിറഞ്ഞ ക്രൂരത ചോര രുചിച്ച് പതുങ്ങുന്നത് കാണുന്നില്ല. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ 371 സ്ത്രീകളാണ് ഇവിടെ കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ പീഡനത്തിനുമിരയായി! ഇതിന് ഒത്താശ ചെയ്തുകൊടുത്തവരില്‍ അച്ഛനും അമ്മയും സഹോദരനും അടുത്ത ബന്ധുക്കളും ഉണ്ടെന്ന ഞെട്ടിക്കുന്നയാഥാര്ത്ഥ്യവുമുണ്ട്.
സ്ത്രീശരീരത്തിന്റെ നിമ്ന്നോന്നതങ്ങളിലേക്ക് ചെന്നായ്ക്കണ്ണെറിഞ്ഞ് നാവില്‍ ഉപ്പുരുചിക്കുന്ന അവസ്ഥാവിശേഷം മാറിയെങ്കില്‍ മാത്രമേ ഈ കൊടിയ പാപത്തിന് അറുതി വരൂ. ശക്തമായ നിയമനടപടികള്‍ നടപ്പാക്കലും ബോധവല്‍ക്കരണവും ക്രിയാത്മക പ്രവര്‍ത്തനങ്ങളും അതിന് വേണ്ടിവരും. ഒപ്പം ഒരു തിരിച്ചറിവും. അത് മനോരമ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെ: ഇന്നു മറ്റൊരാളുടെ മകളുടെ നേര്‍ക്കു നീളുന്ന കൈ നാളെ തന്റെ മകളുടെ, അല്ലെങ്കില്‍ സഹോദരിയുടെ നേരെയും നീളും എന്ന തിരിച്ചറിവാണ് ഏതൊരു പരിഷ്കൃത സമൂഹത്തെയും നയിക്കേണ്ടത്; ഭാരതീയത എന്നാല്‍ മറ്റൊന്നല്ലതാനും. ഈ തിരിച്ചറിവ് ഒരു തോട്ടിയാണ്. അതുകൊണ്ടേ പ്രാകൃതവികാരങ്ങളെ നിയന്ത്രിച്ചുനിര്ത്താനാവൂ. അധികൃത കേന്ദ്രങ്ങള്‍ ആ തോട്ടി ശരിക്കുപയോഗിക്കുക കൂടി വേണം. അല്ലാതെ അത് പരണത്ത് വെക്കരുത്.
അത്തരമൊരു തോട്ടി പരണത്ത് വെക്കുകമാത്രമല്ല, അത് വാരിക്കുഴിയിലേക്ക് വലിച്ചെറിയാന്‍ കൂടി സന്നദ്ധരായി നമ്മുടെ പോലീസുകാര്‍ എന്നറിയുക. അതിന് കിട്ടി; കണക്കിനുതന്നെ. അത് മനുഷ്യാവകാശ കമ്മീഷന് വക. 2010 മാര്‍ച്ചില്‍ കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ ബാത്ത്റൂമില്‍ മൊബെയില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതാണ് വിവാദമായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ബന്ധുവിനെ വിവരമറിയിക്കുകയും പൊടുന്നനെ പോലീസ് എത്തുകയും ചെയ്തു. ആശ്വാസംകൊണ്ട പെണ്‍കുട്ടിയെയും ബന്ധുവിനെയും കുറ്റം ചാര്‍ത്തി മര്‍ദ്ദിക്കാനും മറ്റുമാണ് കുപ്രസിദ്ധിയുടെ പര്യായമായ നടക്കാവ് പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ തയ്യാറായത്. പെണ്‍കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്ത പോലീസ് ലോക്കപ്പിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
സംഭവത്തിലെ കാടത്തം ബോധ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് അതിശക്തമായ വിധിയാണ് പുറപ്പെടുവിച്ചത്. ഉത്തരവാദികളായ രണ്ട് എസ്ഐമാരില്‍നിന്ന് 50,000 രൂപ വസൂല്‍ചെയ്ത് വാദികള്‍ക്ക് നല്‍കണം. അതിനേക്കാളുപരി കമ്മിഷന്റെ കര്‍ക്കശ നിരീക്ഷണം വരികയുംചെയ്തു. അത് ഇങ്ങനെയാണ്: പരിചയസമ്പന്നരായ സീനിയര്‍ ഓഫീസറെക്കൊണ്ട് ഗൗരവമായ അന്വേഷണം നടത്തണം. യഥാര്‍ത്ഥ പോലീസ് ഓഫീസര്‍മാരുടെ കര്‍ത്തവ്യവും ഉത്തരവാദിത്വവും ബോധ്യമല്ലാത്തവരെ ക്രമസമാധാനപാലനത്തില്നിന്നും ഒഴിവാക്കിയാല്‍ പരിചയമില്ലാത്ത ഓഫീസര്‍മാരുടെ മനുഷ്യത്വരഹിതമായ സമീപനം മൂലമുള്ള പോലീസ് മൃഗീയത ഒഴിവാക്കാം. അതിനുള്ള അവസരമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇത് സ്വീകരിക്കുമോ എന്ന് കണ്ടറിയണം. കാരണം, ഇത്രയും സംഘര്‍ഷാത്മകവും ക്രൂരയാഥാര്ത്ഥ്യങ്ങളും നിറഞ്ഞ സമൂഹത്തില്‍നിന്ന് തന്നെയാണല്ലോ പോലീസ് സേനയിലേക്കും ഉദ്യോഗാര്‍ത്ഥികള്‍ വരുന്നത്.
അപ്പോള്‍ മേപ്പടി വിഷം അവരിലും ഉണ്ടാവുമല്ലോ. ഇത് നമുക്ക് ശരിവെച്ചുകൊടുക്കുമ്പോഴും ഒരു ചോദ്യം ചോദിക്കാമല്ലോ. മേപ്പടി വിഷം ചോര്‍ത്തിയെടുത്ത് അമൃത് നിറയ്ക്കാനുള്ള സംവിധാനമല്ലേ ഒരുക്കേണ്ടത്? ഏറ്റവും കുറഞ്ഞത് മനുഷ്യനാക്കാനല്ലേ ശ്രമിക്കേണ്ടത്? ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ലെങ്കിലും അത്തരം ഉത്തരങ്ങള്‍ മനസ്സിലുള്ള ഓഫീസര്‍മാര്‍ വര്ധിക്കുകയെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുക. പുതുവര്‍ഷത്തില്‍ മലാല യൂസഫ് സഹായും ഇന്ദ്രപ്രസ്ഥത്തിലെ പെണ്‍കുട്ടിയും പോലുള്ളവരുടെ പേരുകള്‍ വേദനയോടെ ഓര്‍ക്കാന്‍ നമുക്ക് കഴിയരുത്. നിയമവും ദൈവവും പ്രപഞ്ചശക്തിയും മാനവസമൂഹത്തെ അതിന് പ്രാപ്തമാക്കട്ടെ എന്ന് ആശിക്കാം. മാനിഷാദ പറയാന്‍ ആരെങ്കിലും തയ്യാറാകുമെന്നും പ്രതീക്ഷിക്കാം.
എന്‍ഡോ സള്ഫാന് വേണോ ജീവിതം വേണോ എന്ന വലിയ ചോദ്യത്തിന്റെ ചൂടില്‍ ഉരുകിത്തീരുന്ന കാസര്‍കോട് ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ വേദന ഇത്തവണ സമകാലിക മലയാളം വാരിക (ഡിസം. 21) നമുക്കു മുമ്പാകെ വെക്കുന്നു. അവരുടെ സമകാലികം പംക്തിയില്‍ മനുഷ്യാവകാശ നിഷേധത്തിന്റെ ഇരകള്‍ എന്നൊരു ഏഴ് പേജ് ലേഖനമുണ്ട്. വാസ്തവത്തില്‍ അതൊരു ലേഖനമല്ല. മനുഷ്യത്വത്തിന്റെ മഹാസംസ്കാരം വിളിച്ചോതുന്ന, കണ്ണ് തുറപ്പിക്കുന്ന അനുഭവമാണ്. കെ. സുജിത് ആണ് അത് നമ്മെ അനുഭവിപ്പിക്കുന്നത്. മനുഷ്യഹൃദയത്തിലേക്ക് പതുക്കെപ്പതുക്കെ കടന്നുചെന്ന് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്ന ഒരു രീതി ആ ലേഖനത്തിലുണ്ട്. എന്താണ് എന്‍ഡോസള്‍ഫാന്‍ എന്ന രാക്ഷസന് മാനവകുലത്തോട് ചെയ്തതെന്ന് അതില്‍ നമുക്ക് കാണാം. ഒരുദാഹരണം നോക്കുക: ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും നടപ്പാക്കാത്തതുമുതല് നിരോധനം നീളുന്നതുവരെ അധികാരവര്‍ഗങ്ങളുടെ കോര്‍പ്പറേറ്റ് ഭക്തിയുടെ മൂര്‍ത്ത രൂപമാണ് ദൃശ്യമാകുന്നത്. അത്തരം ഒട്ടേറെ ദൃശ്യങ്ങളാല്‍ സമൃദ്ധമാണ് ലേഖനം. ആത്മാര്‍ത്ഥതയും വസ്തുനിഷ്ഠാത്മക സമീപനവും ചേര്‍ന്ന ഉള്ളുറപ്പ് ലേഖനത്തിനുണ്ട് എന്ന് പറയാതെ വയ്യ; നന്ദി സുജിത്. ഒരു വിഷയത്തെ സമീപിക്കുമ്പോള്‍ എന്തൊക്കെ ഗൃഹപാഠം ചെയ്യണമെന്ന് താങ്കള്‍ക്കറിയാം.
മനുഷ്യാവകാശത്തെപ്പറ്റി നാം പലതും പറഞ്ഞുവല്ലോ. ഇത്തവണത്തെ കേരളശബ്ദം (ഡിസം. 30) 15 ഉറുപ്പിക കൊടുത്തു വാങ്ങുക. മനുഷ്യാവകാശം എന്താണെന്നും അതില്ലാതാക്കുന്ന മനുഷ്യദ്രോഹികള്‍ ആരെന്നും അറിയണമെങ്കില്‍ അതുവേണം. പുഴുക്കളേ നിങ്ങളറിയുന്നുവോ എങ്ങനെ ഈ ജീവിതം വ്രണമായെന്ന്….? എന്ന വിഷ്ണുമംഗലം കുമാറിന്റെ നാലുപേജ് റിപ്പോര്‍ട്ട് ഹൃദയദ്രവീകരണ ശക്തിയുള്ളതാണ്. കോഴിക്കോട് ജില്ലയിലെ കക്കട്ടിലിനടുത്ത് തണ്ണീര്‍പ്പന്തലിലെ ബാലന്റെയും കുടുംബത്തിന്റെയും ജീവിത യാഥാര്‍ഥ്യമാണ് അതിലുള്ളത്. പോലീസും അധികൃതകേന്ദ്രങ്ങളും ഒരു കുടുംബത്തിന്റെ തലയില്‍ കനല് കോരിയിട്ടതിനെക്കുറിച്ച് വായിക്കുക. മാനവികതയുണ്ടോ എന്നറിയാന്‍ അതിനുശേഷം കണ്ണാടിയിലൊന്നു നോക്കുക.
തൊട്ടുകൂട്ടാന്‍
ഉറക്കം വന്നില്ല
മുറ്റത്തിറങ്ങി
നല്ല നിലാവ്
കുളക്കടവില്‍ ചെന്നു നോക്കി
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു
വെട്ടിത്തിളങ്ങുന്നു
ഒരോട്ടുരുളി
പി.പി. രാമചന്ദ്രന്
കവിത: കഴകം
ഭാഷാ പോഷിണി (ഡിസം.)
>> കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: