യാത്രാവിവരണങ്ങള്‍ എന്നും ആരെയും രസിപ്പിക്കുന്ന സാഹിത്യമേഖലയാണ്. പുതിയ അറിവുകള്‍ നേടാന്‍ ആഗ്രഹമില്ലാതവരുണ്ടോ? കാണാന്‍ കഴിയാത്ത കാഴ്ചകളെക്കുറിച്ച് വായിക്കാനും അറിയാനും താല്പ്പര്യമില്ലാത്തവര് ആരെങ്കിലും ഉണ്ടോ? ഇന്നും മുംബൈ, ദില്ലി, കല്‍ക്കട്ട തുടങ്ങിയ നഗരങ്ങളില്‍ ഉദ്യോഗം വഹിക്കുന്നവര്‍ അവധിക്ക് നാട്ടില്‍ വന്നാല്‍ അവരെ പൊതിയാന്‍ അയല്പക്കത്തുള്ള എല്ലാവരും ഹാജരാവും. ജീവിതം എങ്ങനെ? ഇവിടത്തെപ്പോലെ ആണോ അവിടെയും? കാലാവസ്ഥ, ഭക്ഷണം താമസം ഇതെല്ലം മനസ്സിലാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? ഭാരതത്തില്‍ ജോലി നോക്കുന്നവരോട് ഇത്രയും ആരാധന ആണെങ്കില്‍ വിദേശത്ത് പോയിവരുന്നവരോട് ചോദിക്കാന്‍ നൂറു നൂറു കാര്യങ്ങള്‍ ഉണ്ട് നാട്ടുകാര്‍ക്ക്. ഇത് മനുഷ്യ സഹജമാണ്. തനിക്ക് ഒരിക്കലും നേരിട്ട് പോയി കാണാന്‍ കഴിയാത്ത കാഴ്ചകളെ മറ്റുള്ളവരുടെ വിവരണങ്ങളില്‍ക്കൂടി അറിയാനുള്ള ത്വര എല്ലാവരുടെയും മനസ്സില്‍ കാണും. പക്ഷെ താന്‍കണ്ട ദൃശ്യങ്ങളെ തന്മയത്വത്തോടെ മറ്റുള്ളവര്‍ക്ക് വിശദീകരിക്കാന്‍ എല്ലാവര്ക്കും കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടാണ് ശങ്കരന്‍കുട്ടി പൊറ്റെക്കാടെന്ന എസ്.കെ.പൊറ്റെക്കാട് ഇന്നും അനശ്വരനായി മലയാളിയുടെ മനസ്സില്‍ സ്ഥാനം നേടിയിരിക്കുന്നത്. പൊറ്റെക്കാട് രചിച്ച യാത്രാവിവരണങ്ങള്‍ മലയാളത്തിലെ ക്ലാസ്സിക് കൃതികളാണ്. അദ്ദേഹത്തിന് ശേഷം പലരും യാത്രാ വിവരണങ്ങള്‍ പടച്ചുവിട്ടെങ്കിലും ഒന്നിനും മനസ്സുകളെ സ്വാധീനിക്കാന്‍ ആയില്ല. അതിനു ഒരു അപവാദം ആണ് രാജുറാഫേല്‍ എന്ന പത്രപ്രവര്‍ത്തകന്റെ ഉദ്യമം. ‘ആാംസ്റ്റര്ദാമിലെ സൈക്കിളുകള്‍’ എന്ന യാത്രാവിവരണം ഒരു പുതിയ അനുഭവമാണ്. റേഡിയോ പ്രക്ഷേപണ കലയില്‍ ഉപരിപഠനം നടത്താന്‍ ഹോളണ്ട് എന്ന യൂറോപ്യന്‍ രാജ്യത്തെത്തിയ രാജു ദൈവികമായി തനിക്കു സിദ്ധിച്ച രചനാവാസന പൊതുജനങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരിക്കുകയാണ് ഈ പുസ്തകത്തിലൂടെ.
ഏതാനും മാസങ്ങള്‍ രാജുവുമായി ഒരുമിച്ചു ജോലി ചെയ്യാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി. മലയാളത്തിലെ ഒരു ടിവി ചാനലിലെ സഹപ്രവര്‍ത്തകരായിരുന്നു ഞങ്ങള്‍. രാജു തൃശൂര്‍, പാലക്കാട് ജില്ലകളിലെ വാര്‍ത്താ മേധാവി ആയിരുന്നപ്പോള്‍, ഞാന്‍ ചെന്നൈ നഗരത്തിലായിരുന്നു. പരസ്പരം കാണുന്നത് 2002ലാണ്. ചെന്നൈയില്‍നിന്നും എന്നെ തിരുവനന്തപുരം ഡസ്കിലേക്ക് മാറ്റിയതിനൊപ്പം രാജുവിനെ പാലക്കാട്നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി. വളരെ കുറച്ചു മാത്രമേ ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നുള്ളൂ. കൂടുതല്‍ അടുത്തത്, ചീഫ് എഡിറ്ററോട് എനിക്ക് അല്‍പ്പം മുഷിഞ്ഞു സംസാരിക്കേണ്ടി വന്നതിനെത്തുടര്‍ന്നാണ്. അന്നാണ് എനിക്ക് മനസ്സിലായത് രാജുവും ഞാനും ഒരേ തൂവല്‍ പക്ഷികളാണെന്ന്. അതവിടെ നില്ക്കട്ടെ. രാജു തന്റെ ലണ്ടന്‍ അനുഭവങ്ങള്‍ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഇത് നിങ്ങള്‍ യാത്രാവിവരണം ആയി പ്രസിദ്ധീകരിക്കണം’. ഡെസ്കിലെ ജോലി ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും ഉദാസീനത കാണിച്ചിരുന്ന രാജുവിനെ ഉത്സാഹ ഭാരിതനാക്കാന് എനിക്ക് ആയില്ല. പക്ഷെ രാജു പറഞ്ഞ ഒരു ലണ്ടന്‍ അനുഭവം ചാനല്‍ വെബ്സൈറ്റില്‍ ലേഖന രൂപത്തിലാക്കി ഞാന്‍ പ്രസിദ്ധീകരിച്ചു. ലണ്ടന്‍ നഗരത്തിലെ തെംസ് നദിയുടെ തീരത്ത് തനിക്കു നേരിടേണ്ടി വന്ന അനുഭവം അസ്സല് തൃശൂര്‍ ഭാഷയില്‍ രാജു വിവരിച്ചപ്പോള്‍ അത് നാട്ടുകാരെ അറിയിച്ചില്ലെങ്കില്‍ ഭയങ്കര കുറച്ചിലാണെന്ന് ഞാന്‍ മനസ്സിലാക്കി.
സിഗരറ്റ് പുകച്ചുകൊണ്ട് രാജു തെംസ് നദീതീരത്ത് നടക്കുകയായിരുന്നു. തണുത്തുറഞ്ഞ സായാഹ്നം. നേരെ മുന്നില്‍, താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു സായിപ്പ്. രാജുവിനെ സൂക്ഷിച്ചു നോക്കിയ സായിപ്പ് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചുവത്രേ ‘യു ഫ്രം ഇന്ത്യ?’ കുറച്ചു ഭയം ഉള്ളില്‍ ഉണ്ടായിരുന്നു എങ്കിലും രാജു മറുപടി പറഞ്ഞു. ‘യെ സ് . ഫ്രം ഇന്ത്യ,’.’എടാ കുമാറെ, അയാള്‍ എന്നെ അങ്ങ് കെട്ടിപിടിച്ചു. ഒന്ന് രണ്ട് ഉമ്മയും തന്നു.. ‘ഓ, ഐ ലവ് ഇന്ത്യ, ഗുഡ് കണ്ട്രി ഗുഡ് പീപ്പിള്‍ ..’.. തുടര്‍ന്ന് അയാള്‍ എന്നോട് ചോദിച്ചു ‘ഇവിടെ എന്തെടുക്കുന്നു?’ ഞാന്‍ അയാളോട് പത്രപ്രവര്‍ത്തന പരിശീലന പരിപാടിയെക്കുറിച്ച് വിവരിച്ചു. അയാള്‍ക്ക് വളരെ രസിച്ചു എന്ന് തോന്നി. കുറച്ചു നേരം ഒപ്പം നടന്നതിനു ശേഷം സായിപ്പ് എന്നോട് ചോദിച്ചു ‘ഒരു സിഗരറ്റ് തരുമോ’ എന്ന്. ഇന്ത്യയെ വളരെ അധികം ഇഷ്ടപ്പെടുന്ന സായിപ്പ് അല്ലേ. ഞാന്‍ പോക്കെറ്റില്‍ ഉണ്ടായിരുന്ന സിഗരറ്റ് മുഴുവനും അയാള്‍ക്ക് കൊടുത്തു. പാവം, വലിച്ചു ചാകട്ടെ എന്ന് കരുതി. അയാള്‍ നന്ദി പറഞ്ഞു ഒരു വഴിക്ക് പോയി. കുറെ നേരം കഴിഞ്ഞു ഞാന്‍ നദിയുടെ മറ്റേ അറ്റത്തെത്തിയപ്പോള്‍ നമ്മുടെ സായിപ്പ് അവിടെ ഇരുന്നു ഭിക്ഷ തെണ്ടുന്നു. അയാള്‍ ഒരു ഭിക്ഷക്കാരനാണ്. ഇംഗ്ലീഷില്‍ ഭിക്ഷ തെണ്ടുന്നവര്‍. യൂറോപ്പിലും അമേരിക്കയിലും ഭിക്ഷക്കാര് ഇംഗ്ലീഷില്‍ ആണ് ഇരക്കുന്നത്. നമ്മുടെ പത്രാധിപര്ക്ക്വരെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പറ്റില്ല. രാജു വിവരിച്ചു. ഏതായാലും പത്രാധിപരുടെ ഇംഗ്ലീഷ് അജ്ഞത ഒഴിച്ച് ബാക്കി എല്ലാം ചേര്‍ത്ത് ഞാന്‍ അതൊരു ലേഖനം ആക്കി. സംഗതി വളരെ പേര് വായിച്ചുവെന്നു തോന്നുന്നു. നല്ല പ്രതികരണം കിട്ടി. അധികനാള്‍ കഴിയുന്നതിനുമുമ്പ് ഞാന്‍ ചാനല്‍ വിട്ടു. തിരിച്ചു ചെന്നൈ നഗരത്തില്‍ ഒരു പത്രത്തില്‍ ചേര്‍ന്നു. രാജു തുടര്‍ന്ന് ഹോളണ്ട് പരിശീലനത്തിനും തുടര്‍ന്ന് പാലക്കാട്, കാസര്‍കോഡ് ജില്ലകളിലേക്കും ചേക്കേറി.
ആംസ്റ്റര്‍ഡാം നഗരത്തില്‍ റേഡിയോ പരിശീലനത്തിനെത്തിയ രാജു യാത്രാവിവരണം എഴുതാന്‍ ആലോചിച്ചിരുന്നില്ല എന്നത് പകല്‍പോലെ വ്യക്തം. അവിചാരിതമായുണ്ടായ ഒരു സംഭവമാണ് ഈ യാത്രാവിവരണ ഗ്രന്ഥത്തിന് കാരണമായത്. ഒരു കാര്യം ആദ്യമേ പറയട്ടെ. രാജുവില്‍ ഒരു കഥാകാരന് ഒളിഞ്ഞു കിടക്കുന്നു. അദ്ദേഹം ടിവി വാര്‍ത്തകള്‍ക്കുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ അതിനു തെളിവാണ്. എന്ത് വാര്‍ത്തയും രാജു അവതരിപ്പിക്കുക ഒരു തനതു രീതിയിലാണ്. ഒരു രാജു ടച്ച്. അതാണ് അദ്ദേഹം അവതരിപ്പിക്കുന്ന വാര്‍ത്തകളെ ശ്രദ്ധേയമാക്കുന്നത്. പ്രസ്തുത ചാനലില്‍ ടിവി പരിചയമുള്ള ഏക റിപ്പോര്‍ട്ടര്‍ രാജുവായിരുന്നു. ഓരോ സംഭവത്തിലും വിഷയത്തിലും ഒളിഞ്ഞു കിടക്കുന്ന കൗതുക കഥകള്‍ കണ്ടെത്താനും അതിനു ഒരു നര്‍മ രസം നല്കി അവതരിപ്പിക്കാനും രാജുവിന് പ്രത്യേക കഴിവ് ഉണ്ട്.
പ്രേക്ഷകരുടെ മനസ്സ് മനസ്സിലാക്കിയാണ് രാജു വാര്‍ത്തകള്‍ അവതരിപ്പിക്കുക. ഭാഷയിലും സാഹിത്യത്തിലും തനിക്കുള്ള പ്രാവീണ്യം പ്രേക്ഷകരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് വെച്ചൂര്‍ പശു, പാലക്കാട്ടെ മാന്തോട്ടം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ലളിതമായി സാധാരണക്കാര്‍ക്ക് രുചിക്കുന്ന ഭാഷയില്‍ ഡോക്യുമെന്ററിയും ചിത്രീകരണവും നിര്‍മിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.
ഹോളണ്ട് റേഡിയോ പരിശീലന പരിപാടിയുടെ ഭാഗമായി ഒരു ഡോക്യുമെന്ററി നിര്‍മിക്കാന്‍ അധികൃതര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആംസ്റ്റര്‍ഡാം നഗരത്തിനു ചിത്രകാരന് വാന്‍ഗോഗുമായുള്ള ബന്ധം അടിസ്ഥാനമാക്കി ഒരു റേഡിയോ ചിത്രീകരണം ആണ് രാജു മനസ്സില്‍ കണ്ടത്. പക്ഷെ അവിചാരിതമായി അദ്ദേഹത്തിന് ഒരു വിഷയം വീണു കിട്ടുന്നു. ആംസ്റ്റര്‍ഡാം നഗരം കാണാനായി സുഹൃത്തുക്കളോടൊപ്പം ഇറങ്ങിത്തിരിച്ച രാജുവിന് ഒരു വസ്തുത മനസ്സിലായി. സൈക്കിള്‍ ഒഴിവാക്കി ആംസ്റ്റര്‍ഡാം നഗരത്തില്‍ ഒരു ഒറ്റ ഫോട്ടോ ഫ്രെയിം പോലും ലഭിക്കില്ല. നഗരവാസികളുടെ പ്രിയപ്പെട്ട വാഹനമാണ് സൈക്കിള്‍. ഒരു കോടി അറുപതു ലക്ഷം ജനങ്ങള്‍ ഉള്ള ഹോളണ്ടില്‍ ഒരു കോടി മുപ്പതു ലക്ഷം സൈക്കിളുകള്‍. ആംസ്റ്റര്‍ഡാം നഗരത്തില്‍ മാത്രം 28 ലക്ഷത്തില്‍ കൂടുതല്‍ സൈക്കിളുകള്‍. ജനസംഖ്യയോ? 26 ലക്ഷം മാത്രം.
ഇത് രാജുവിന് മാത്രമല്ല പരിശീലനത്തിനെത്തിയ എല്ലാവര്ക്കും പുതിയ അറിവായിരുന്നു. എന്തിനധികം പറയുന്നു? റേഡിയോ നെതര്ലെണ്ട്് ഉദ്യോഗസ്ഥരും ഈ വിവരം മനസ്സിലാക്കിയത് രാജു പറയുമ്പോഴാണ്. വാന്‍ഗോഗിനു സലാം കൊടുത്ത് രാജു ആംസ്റ്റര്‍ഡാമിന്റെ സൈക്കിള്‍ മാഹത്മ്യത്തെക്കുറിച്ചാക്കി തന്റെ ഡോക്യുമെന്ററി പരിപാടി. സംഗതി ക്ലിക്ക് ആയി എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. റേഡിയോ നിലയത്തില്‍ രാജുവായി താരം. അതെല്ലാം ചേര്‍ത്ത് രാജു രചിച്ച ഗ്രന്ഥമാണ് ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍.
ഇങ്ങനെ ഒരു പുസ്തകം എഴുതാന്‍ രാജുവിനെ പ്രേരിപ്പിച്ചത് സൈക്കിളുകളും രാജുവും തമ്മിലുള്ള ആത്മബന്ധവും പ്രകൃതി യോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ആണ്. ഫാഷനുവേണ്ടി പരിസ്ഥിതി വാദിയായ ആളല്ല രാജു. മറ്റാരും ശ്രദ്ധിക്കാതെ പോയ വെച്ചൂര്‍ പശുക്കള്‍ രാജുവിനെ ആകര്‍ഷിച്ചത് ഈ മനുഷ്യ സ്നേഹം ഒന്നുകൊണ്ടാണ്.
ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍ ഒരു വാഗ്ദാനം ആണ്. ഇനിയും രാജുവിന് കൂടുതല്‍ കൃതികള്‍ രചിക്കാന്‍ ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. രാജു വീണ്ടും വീണ്ടും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടവരട്ടെ എന്നാണ് ഈയുള്ളവന് പ്രാര്‍ത്ഥിക്കുന്നത്. തന്റെ നിരീക്ഷണപാടവം, നര്‍മ ബോധം, ആത്മാര്‍ത്ഥത തുടങ്ങിയ ഗുണങ്ങള്‍ മാത്രം മതി രാജു മലയാളത്തിലെ മറ്റൊരു പൊറ്റെക്കാട് എന്ന പദവിയിലെത്താന്‍.
>> കുമാര്‍ ചെല്ലപ്പന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: