കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്ക് ഇന്ത്യ വിടാന്‍ ഇറ്റലി അയച്ച പ്രത്യേക വിമാനം ഇന്നലെ നെടുമ്പാശേരിയിലെത്തി. പ്രതികളായ നാവികര്‍ക്ക് പ്രത്യേക വിമാനത്തില്‍ ഇറ്റലിക്ക് പറക്കാനുള്ള എല്ലാ അനുമതിയും സൗകര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും ചെയ്തു. ഇന്ത്യക്കാരായ രണ്ടു മത്സ്യത്തൊഴിലാളികളെ അകാരണമായി വെടിവച്ചുവീഴ്ത്തിയ കേസില്‍ കുടുങ്ങിയ പ്രതികള്‍ പതിനൊന്നുമാസമായി എങ്ങിനെയെങ്കിലും നാട്ടിലെത്താന്‍ ആവുംവിധമെല്ലാം പ്രയത്നിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇറ്റലിയുടെ ഭരണസാരഥികളും ഉദ്യോഗസ്ഥരും അഭിഭാഷക വൃന്ദവുമൊക്കെ പ്രതികള്‍ക്കായി അനുരജ്ഞനങ്ങളും അനുനയങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കുകയും ചെയ്തുപോന്നു. ബിഷപ്പുമാരെയും കേന്ദ്രമന്ത്രിമാരെയും സ്വാധീനിക്കാന്‍ അവര്‍ ശ്രമിച്ചു. ചിലര്‍ ആ കെണിയില്‍ വീഴുകയും ചെയ്തു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ അവര്‍ നിസ്സഹായരായി. കേരള ഹൈക്കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും കര്‍ശന നിലപാടെടുത്തതിനാല്‍ ജയിലില്‍ കഴിയേണ്ടിയും വന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഇന്ത്യക്കാര്‍ക്കാകെ അപമാനകരമായി. ഇറ്റലിക്കാര്ക്കുവേണ്ടിയാണോ കേന്ദ്രഭരണമെന്നുപോലും തോന്നിപ്പിക്കുന്ന ലജ്ജാകരമായ നിലപാടാണ് അവര്‍ കോടതിയില്‍ സ്വീകരിച്ചത്. അതുകൊണ്ടുമാത്രമാണ് പ്രതികള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ ഇറ്റലിക്ക് പോകാന്‍ അനുമതി ലഭിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ ഒത്തുകളി ഒരുരാജ്യവും ഒരിക്കലും സ്വീകരിക്കാന്‍ തയ്യാറാവാത്തതാണ്. ഹൈക്കോടതിയില്‍ കേന്ദ്രം പരസ്യമായി സൈനികര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇറ്റാലിയന്‍ അംബാസഡറും കോണ്‍സുലര്‍ ജനറലും പ്രതികള്‍ വിചാരണയ്ക്കായി തിരിച്ചെത്തുമെന്ന് കാണിച്ചു നല്കിയ ഉറപ്പ് ഹൈക്കോടതി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന കേന്ദ്രനിലപാട് കണക്കിലെടുക്കുകയാണെന്നാണ് ജസ്റ്റിസ് പി ഭവദാസന്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. അംബാസഡര്‍ക്കും കോണ്‍സുലാര്‍ ജനറലിനും സൈനികരുടെ തിരിച്ചുവരവു സംബന്ധിച്ച് ഉറപ്പുനല്‍കാന്‍ അധികാരമുണ്ടെന്ന് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് അയച്ച നയതന്ത്ര കത്തില്‍ വ്യക്തമാക്കിയിരുന്നു. സൈനികര്‍ക്ക് ഇന്ത്യ വിടണമെങ്കില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയാണ് വേണ്ടതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളിയത് കേന്ദ്രത്തിന്റെ നിലപാടുമൂലമാണ്.
സൈനികര്‍ക്കുവേണ്ടി ഇറ്റാലിയന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇറ്റാലിയന്‍ പ്രതിരോധമന്ത്രിയുടെ നയതന്ത്രത്തില്നിന്ന് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നാവികരുടെ യാത്രാരേഖകള്‍ വിട്ടുനല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു. സൈനികര്‍ക്ക് ഇന്ത്യ വിടാന്‍ അനുമതി നല്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സൗഹൃദബന്ധം കണക്കിലെടുത്ത് അംബാസഡറും കോണ്‍സുലര്‍ ജനറലും നല്കിയ ഉറപ്പിന് മുന്തിയ പരിഗണന നല്കി തീരുമാനമെടുക്കണമെന്നാണ് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്. ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്കയച്ച നയതന്ത്ര കത്തും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് കൈമാറുകവഴി നാവികരുടെ മോചനമാണ് കേന്ദ്രം ആഗ്രഹിച്ചതെന്ന് വ്യക്തം.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ നാവികരുടെ പാസ്പോര്‍ട്ട് തിരികെ നല്കാന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിടുകയും ചെയ്തു. ജനുവരി 15ന് നാവികര്‍ കോടതിയില്‍ ഹാജരാകണമെന്നും നാവികരെ തിരിച്ച് എത്തിക്കാമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ രേഖാമൂലം ഉറപ്പ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തിരിച്ചെത്താമെന്ന് നാവികരും രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് വ്യവസ്ഥ. നേരത്തെ കൊല്ലം കോടതിയില്‍ ഹാജരാക്കാനെത്തിച്ച ഇറ്റാലിയന്‍ നാവികരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനൊരുങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഇറ്റാലിയന്‍ അധികൃതരുടെ കയ്യേറ്റ ശ്രമവുമുണ്ടായി. ഭാര്യയും ബന്ധുക്കളുമൊത്ത് ക്രിസ്തുമസ് ആഘോഷിക്കാന്‍ അനുവദിക്കണമെന്നായിരുന്നു നാവികരുടെ അഭ്യര്‍ഥന. കേരളം അതിനെ ശക്തമായി എതിര്‍ത്തതും തന്ത്രപരമായ നീക്കമായേ കാണാനാകൂ. കേന്ദ്രം അനുകൂലിക്കുന്ന ഒരു വിഷയത്തെ ചുമ്മാ എതിര്‍ക്കാന്‍ കഴിയുന്ന വിധമല്ല കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ അതിനെ കാണാനാകൂ. കൊലയാളികളെ നാട്ടിലേക്കു പോകാന്‍ അനുവദിച്ചതിനെതിരെ കേരളസര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ലെന്നതുതന്നെ അതിന്റെ സൂചനയാണ്.
പ്രതികള്‍ എറണാകുളം നഗരം വിടരുതെന്ന ജാമ്യവ്യവസ്ഥ ഇളവുചെയ്താണ് കോടതി നടപടി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഉറപ്പ് മാനിക്കുകയാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ഇന്ത്യ വിട്ടാല്‍ വിചാരണയ്ക്കായി മടങ്ങിയെത്തില്ലെന്ന പ്രോസിക്യൂഷന് വാദം കോടതി തള്ളിയത് കേന്ദ്രത്തിന്റെ നിലപാടുമൂലമാണ്.
തിരികെയെത്തിയശേഷം പാസ്പോര്ട്ടുകള് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണം. ആറുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി നല്‍കണം. യാത്രാവേളയിലും ഇറ്റലിയിലും ഇവര്‍ ഇറ്റാലിയന്‍ അധികൃതരുടെ നിരീക്ഷണത്തിലാണെന്നു വ്യക്തമാക്കി അംബാസഡറും കോണ്‍സുലര്‍ ജനറലും വിചാരണക്കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. ഇറ്റലിയിലെ ഇവരുടെ നീക്കങ്ങളും വിശദാംശങ്ങളും മൊബെയില്‍ ഫോണ്‍ നമ്പറും കൊച്ചി സിറ്റി പോലീസ് കമീഷണര്‍ക്കു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുമെന്ന വിശ്വാസം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബക്കാര്ക്കില്ല. വിവിധ ഭാഗത്തുനിന്നും വരുന്ന പ്രതികരണങ്ങളും ഇറ്റലിക്കാരെ സംശയിക്കുംവിധമാണ്.
ഫ്രഞ്ച് ചാരക്കപ്പല്‍ കേസിലെ പ്രതികള്‍ കോടതി അനുമതിയോടെ സ്വന്തം രാജ്യത്തേക്ക് വിട്ടശേഷം വിചാരണയ്ക്കായി തിരികെയെത്തിയില്ലെന്ന സാഹചര്യം നമ്മുടെ മുന്നിലുണ്ട്. ഏതായാലും സായിപ്പിന് മുന്നില്‍ മദാമ്മ വിശ്വസ്തയെന്ന് തെളിയിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ വികാരങ്ങളെ തൃണവല്‍ഗണിക്കുകയാണ് ചെയ്തിരിക്കുന്നത്. മദാമ്മയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നവര്‍ ഭരണം നയിക്കുമ്പോള്‍ നാണക്കേടല്ലാതെ ഇന്ത്യക്കാര്‍ക്ക് മേറ്റ്ന്താണ് കിട്ടാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: