Categories: Kerala

സിപിഎം-കോണ്‍ഗ്രസ്‌ പോര്‌ കണ്ണൂര്‍ സര്‍വ്വകലാശാലക്ക്‌ വിനയാകുന്നു

Published by

കണ്ണൂര്‍: ഉത്തരമലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയ്‌ക്ക്‌ കോണ്‍ഗ്രസ്‌-സിപിഎം കക്ഷികളുടെ പിടിവാശിയും ഇരുസംഘടനകളുടെയും കീഴിലുള്ള അധ്യാപക-അനധ്യാപക യൂണിയനുകളുടെ ചക്കളത്തിപ്പോരും തടസ്സമാകുന്നു. ഒന്നരവര്‍ഷം മുമ്പ്‌ സംസ്ഥാന ഭരണം എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിന്റെ കൈകളിലെത്തിയതോടെയാണ്‌ സര്‍വ്വകലാശാലയില്‍ രാഷ്‌ട്രീയപോര്‌ ശക്തമായത്‌. ഇത്‌ സര്‍വ്വകലാശാലയുടെ അക്കാദമിക്‌ പ്രവര്‍ത്തനങ്ങളിലടക്കം പ്രതിഫലിക്കാനും തുടങ്ങി. സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറും പ്രൊ വൈസ്ചാന്‍സലറും സിന്‍ഡിക്കേറ്റും എല്‍ഡിഎഫ്‌ ഭരണക്കാലത്ത്‌ ഇടതനുകൂല നിലപാടാണ്‌ എടുക്കുന്നതെന്നും പല തീരുമാനങ്ങളും നടപ്പിലാക്കാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമംനടത്താറുണ്ടെന്നും ആരോപിച്ചിരുന്ന യുഡിഎഫ്‌ സംസ്ഥാനഭരണം ലഭിച്ചതോടെ പ്രതികാരമെന്ന നിലയില്‍ എല്‍ഡിഎഫ്‌ ആധിപത്യത്തിനെതിരെ പ്രവര്‍ത്തിക്കാനരംഭിച്ചു. ഇതോടെയാണ്‌ പ്രശ്നങ്ങള്‍ ഉടലെടുത്തത്‌.

ഇടതു ഭരണകാലത്ത്‌ സിന്‍ഡിക്കേറ്റ്‌ യോഗം ചേര്‍ന്ന്‌ ഒരൊറ്റദിവസം കൊണ്ട്‌ തിരക്കിട്ട്‌ നിശ്ചയിച്ച യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.എ.അശോകനെ കഴിഞ്ഞദിവസം കോടതി ഉത്തരവിലൂടെ പിരിച്ചുവിട്ടതോടെ സര്‍വ്വകലാശാലയില്‍ സിപിഎം-കോണ്‍ഗ്രസ്‌ യൂണിയനുകള്‍ തമ്മിലുള്ള പോര്‌ കൂടുതല്‍ ശക്തമായി. കഴിഞ്ഞദിവസം സര്‍വ്വകലാശാല ആസ്ഥാനത്ത്‌ പോലീസ്‌ ബന്തവസ്‌ പോലും ഏര്‍പ്പെടുത്തേണ്ടിവന്നു.

കോണ്‍ഗ്രസ്‌ ആഭിമുഖ്യത്തിലുള്ള കോളേജ്‌ അധ്യാപകസംഘടനയുടെ സംസ്ഥാനനേതാവും യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്‌ അംഗവുമായ ബാലചന്ദ്രന്‍ കീഴോത്ത്‌ നല്‍കിയ ഹര്‍ജിയിലാണ്‌ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രജിസ്ട്രാര്‍ ഡോ.അശോകനെ സ്ഥാനത്ത്‌ നിന്നും വൈസ്ചാന്‍സലര്‍ നീക്കിയത്‌. എല്‍ഡിഎഫ്‌ ഭരണം പോയതോടെ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലെ മുഴുവന്‍ അംഗങ്ങളും യുഡിഎഫ്‌ ബന്ധമുള്ളവരാണ്‌. സിന്‍ഡിക്കേറ്റ്‌ മാറിയ ദിവസം തൊട്ട്‌ സര്‍വ്വകലാശാലയില്‍ രാഷ്‌ട്രീയ പോരും പതിവാണ്‌. ഗവര്‍ണറുടെ പ്രതിനിധിയെയും യുജിസി പ്രതിനിധികളെയും ഇതുവരെ നിയമിച്ചിട്ടില്ലാത്ത സര്‍വ്വകലാശാലയില്‍ രജിസ്ട്രാര്‍ കൂടിയില്ലാതായതോടെ വരും ദിവസങ്ങളില്‍ ഭരണപ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകും.

രജിസ്ട്രാറുടെ നിയമനം നടപടിക്രമങ്ങളും യോഗ്യതാമാനദണ്ഡവും പാലിച്ചല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ റദ്ദ്‌ ചെയ്തത്‌. മൂന്നുമാസത്തിനുള്ളില്‍ പുതിയ രജിസ്ട്രാറെ നിയമിക്കാന്‍ നടപടി കൈകൊള്ളണമെന്ന്‌ കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. നിയമന മാനദണ്ഡം സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്‌ തീരുമാനിക്കുകയും വേണം. ഇതുസംബന്ധിച്ച്‌ സിന്‍ഡിക്കേറ്റ്‌ പുതിയ തീരുമാനം കൈക്കൊള്ളുന്നതോടെ വിവാദംകൊഴുക്കുകയും രാഷ്‌ട്രീയപോര്‌ കൂടുതല്‍ രൂക്ഷമാകുകയും ചെയ്യും. മാത്രമല്ല, രജിസ്ട്രാര്‍ നിയമനത്തിനെതിരെ ഹര്‍ജി നല്‍കിയ കോണ്‍ഗ്രസ്‌ യൂണിയന്‍നേതാവ്‌ രജിസ്ട്രാറുടെ മുന്‍റാങ്ക്ലിസ്റ്റിലുള്ള വ്യക്തിയാണ്‌. മാടായി കോളേജ്‌ മലയാളവിഭാഗം തലവനായ ഇദ്ദേഹമടക്കം പത്തിലധികം പേരുകള്‍ പുതുതായി രജിസ്ട്രാര്‍ സ്ഥാനത്തേക്ക്‌ ഉയര്‍ന്നിട്ടുണ്ട്‌. ഇതില്‍ സമവായം ഉണ്ടാക്കുകയെന്നത്‌ കോണ്‍ഗ്രസ്‌ യൂണിയനുള്ളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ഏതാനും ആഴ്ചകള്‍ക്ക്‌ മുമ്പ്‌ സിന്‍ഡിക്കേറ്റ്‌ യോഗഹാളിലേക്ക്‌ എസ്‌എഫ്‌ഐക്കാര്‍ ഇരച്ചുകയറി ഫര്‍ണിച്ചറടക്കം തകര്‍ത്ത സംഭവത്തില്‍ സിന്‍ഡിക്കേറ്റ്‌ യോഗത്തിന്‌ സംരക്ഷണം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന്‌ ചൂണ്ടിക്കാട്ടി രജിസ്ട്രാറായ അശോകനെ സസ്പെന്റ്‌ ചെയ്തിരുന്നു. ഇതിനെതിരെ അശോകന്‍ സമര്‍പ്പിച്ച ഹര്‍ജി രജിസ്ട്രാര്‍ നിയമനം റദ്ദാക്കി നടപടിയുടെ അടിസ്ഥാനത്തില്‍ തള്ളിയിരുന്നു. അശോകനെ സസ്പെന്റ്‌ ചെയ്തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ തമ്മില്‍ ശക്തമായ വാക്പോര്‌ നടന്നിരുന്നു. കൂടാതെ ഒരുകാലത്ത്‌ ഇടതുപക്ഷ സഹയാത്രികനായിരുന്ന വൈസ്ചാന്‍സലര്‍ സംഭവത്തില്‍ ഏകപക്ഷീയമായി പെരുമാറിയെന്നാരോപിച്ച്‌ ഇടതുയൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

അടുത്തമാസത്തോടെ ഡോ. മൈക്കിള്‍ തരകന്‍ വൈസ്ചാന്‍സലര്‍ സ്ഥാനത്ത്‌ നിന്നും പടിയിറങ്ങും. ഇതോടെ വൈസ്ചാന്‍സലര്‍ സ്ഥാനത്തിനുള്ള കടിപിടി സംസ്ഥാനതലത്തില്‍ തന്നെ യുഡിഎഫ്‌ ഘടകകക്ഷികള്‍ തമ്മില്‍ ആരംഭിക്കും. ഇതിന്റെ തുടക്കമെന്ന നിലയില്‍ മുസ്ലീംലീഗടക്കമുള്ള ഘടകകക്ഷികള്‍ ഈ സ്ഥാനത്തിനായി രഹസ്യനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ വരുംനാളുകളില്‍ അധികാരസ്ഥാനങ്ങള്‍ക്ക്‌ വേണ്ടിയുള്ള പോര്‌ ശക്തമായി തുടരുമെന്ന്‌ തന്നെയാണ്‌. ബിരുദതലത്തിലെ ഗ്രേഡിംഗ്‌ പരിഷ്കാരങ്ങളടക്കം വിവാദമായി മാറിയ യൂണിവേഴ്സിറ്റിയുടെ അക്കാദമിക്‌ രംഗത്തെ പ്രവര്‍ത്തനങ്ങളെ പഠനനിലവാരത്തെ ഈ പോര്‌ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ്‌ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.

>> ഗണേഷ്മോഹന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by