ന്യൂദല്‍ഹി: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടയില്‍ ബിജെപി നേതാവും അഭിനേത്രിയുമായ സ്മൃതി ഇറാനിയെ കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ സഞ്ജയ് നിരുപം വ്യക്തിപരമായി അധിക്ഷേപിച്ചതില്‍ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിരുപമിനെതിരെ സ്മൃതി ഇറാനി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തതായി ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുജറാത്തില്‍ നരേന്ദ്രമോഡി നേടിയ ഹാട്രിക് വിജയത്തെ തുടര്‍ന്ന് ഒരു വാര്‍ത്താ ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് സഞ്ജയ് നിരുപം സ്മൃതി ഇറാനിയെ വ്യക്തിപരമായി അവഹേളിച്ചത്. നിങ്ങള്‍ നാല് ദിവസം മുമ്പാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ആ നിങ്ങളിപ്പോള്‍ രാഷ്ട്രീയ വിശകലന വിദഗ്ധയായിരിക്കുന്നു. കുറച്ച് നാള് മുമ്പ് വരെ ടിവി ചാനലുകളില്‍ നൃത്തം ചെയ്യുകയായിരുന്ന നിങ്ങളിപ്പോള്‍ തെരഞ്ഞെടുപ്പ് വിഷയത്തില്‍ പാണ്ഡിത്യം നേടിയ ആളായി മാറിയിരിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളാണ് നിരുപം സ്മൃതിക്കെതിരെ നടത്തിയത്.
യുവാക്കള്‍ക്കിടയില്‍ ചട്ടമ്പിത്തരം പ്രോത്സാഹിപ്പിക്കുന്നതില്‍ നിരുപമിനെപ്പോലുള്ളവര് ഉത്തരവാദികളാണെന്ന് രാജ്യസഭാംഗം കൂടിയായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇദ്ദേഹത്തിന്റെ പെരുമാറ്റം വളരെ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അത് വാക്കുകള്‍ക്കൊണ്ട് വിവരിക്കാന്‍ സാധിക്കില്ലെന്നും ബിജെപി അംഗങ്ങള്‍ ആരോപിച്ചു. നിരുപമിനൊപ്പം ഒരു ചാനല്‍ ചര്‍ച്ചകളിലും ബിജെപി വക്താക്കളാരും പങ്കെടുക്കില്ലെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
നിരുപമിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്മൃതിയോട് സഞ്ജയ് നിരുപം ക്ഷമചോദിക്കാന്‍ തയ്യാറകണമെന്നും അല്ലാത്ത പക്ഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: