തൃശൂര്‍ : കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ നാഥനില്ലാത്ത അവസ്ഥ. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ഉത്സവ സീസണായതോടെ നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ബോര്‍ഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവ നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 420 ക്ഷേത്രങ്ങളില്‍ പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവത്തിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ഭൂമിയിലെ ദേവമേളയെന്ന് വിശേഷിപ്പിക്കുന്ന ആറാട്ടുപുഴ പൂരം, ചോറ്റാനിക്കര മകം തൊഴല്‍, ഉത്രാളിക്കാവ് പൂരം, കൊടുങ്ങല്ലൂര്‍ താലപ്പൊലി തുടങ്ങിയ വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവനടത്തിപ്പിന്റെ മുന്നൊരുക്കങ്ങള്‍ ബോര്‍ഡിന് തുടങ്ങാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
ഇവിടെയെല്ലാം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാറുണ്ടെങ്കിലും ബോര്‍ഡ് നിലവിലില്ലാത്തതിനാല്‍ ഇതൊന്നും സാധിച്ചിട്ടില്ല. എല്ലാ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തുശതമാനം വര്‍ദ്ധനവ് ഉത്സവ നടത്തിപ്പിന് ബോര്‍ഡ് അനുവദിക്കുന്ന തുകയില്‍ നല്‍കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ പലക്ഷേത്രങ്ങള്‍ക്കും അനുവദിക്കുന്ന തുകക്ക് ഉത്സവം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.
രൂക്ഷമായ വിലക്കയറ്റവും മറ്റും ഉത്സവ നടത്തിപ്പിനെ സാരമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ബോര്‍ഡിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ തുക അനുവദിക്കാന്‍ സാധിക്കൂ. യുഡിഎഫിലെ പടലപിണക്കം ക്ഷേത്രപ്രവര്ത്തനത്തെ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കൊച്ചിന് ദേവസ്വം ബോര്‍ഡിലെ വിജിലന്‍സ് വിഭാഗവും നിശ്ചലാവസ്ഥയിലാണ്. 420 ക്ഷേത്രങ്ങളിലെ ക്രമക്കേടുകളും മറ്റും കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ മിന്നല്‍ പരിശോധന നടത്താനോ ആകെയുള്ളത് നാല് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മാത്രമാണ്. ഇതില്‍ തന്നെ ചുമതലപ്പെട്ടവര്‍ ആരുമില്ലെന്ന് പറയുന്നു.
ഒരു റിട്ട. എഎസ്ഐക്കാണ് വിജിലന്‍സിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ പല കടമ്പകള്‍ കടന്നുവേണം അംഗീകാരം കിട്ടാന്‍. ഇതില്‍ പ്രധാനപ്പെട്ട കടമ്പ ബോര്‍ഡ് തീരുമാനമാണ്. അതുകൊണ്ടുതന്നെ മരാമത്ത് പണികള്‍ എല്ലാംതന്നെ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ബോര്‍ഡ് ഉദ്യോഗസ്ഥരാകട്ടെ എല്ലാം തന്നെ പുതിയ ഭരണസമിതി വന്നതിന് ശേഷം തീരുമാനമെടുക്കാമെന്ന് പറഞ്ഞ് പുറം തിരിഞ്ഞിരിക്കുകയാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതോടുകൂടി കൊച്ചിന് ദേവസ്വം ബോര്‍ഡിലും നിയമനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളിതുവരെയായിട്ടും സാധിച്ചിട്ടില്ല. കോണ്‍ഗ്രസ്സിനുള്ളിലെ അധികാര വടംവലിയാണ് ബോര്‍ഡ് നിയമനം അനിശ്ചിതമായി നീളുന്നത്. ഉത്സവ സീസണെ അട്ടിമറിക്കുന്ന തരത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ ഭക്തജനപ്രതിഷേധവും ഏറിയിട്ടുണ്ട്.
>> കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: