കൊച്ചി: ഭര്‍ത്താവിന്റെ അസുഖം മാറ്റാമെന്ന് വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും കള്ളപ്രമാണം ചമച്ചും 25 കോടി രൂപ വിലമതിക്കുന്ന അഞ്ചര ഏക്കര്‍ ഭൂമി ക്രൈസ്തവ സഭയിലെ ധ്യാന ഗുരുക്കന്മാര് തട്ടിയെടുത്തതായി പരാതി.
ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് നെല്ലിക്കലും ഫാ.ആന്റണി മണിയങ്ങാടിയും ചേര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പിന്റെ ഒത്താശയോടെ ഭൂമി തട്ടിയെടുക്കുകയായിരുന്നുവെന്ന് എരുമേലി അറയ്ക്കല്‍ തോമസിന്റെ ഭാര്യ മോണിക്ക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജോയിന്റ് ക്രിസ്ത്യന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. 40 വര്‍ഷം താനും ഭര്‍ത്താവും രാവും പകലുമില്ലാതെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടാണ് എരുമേലിക്കടുത്ത് അഞ്ചര ഏക്കര്‍ സ്ഥലം വാങ്ങിയത്. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ സ്വന്തം നാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയണമെന്ന ആഗ്രഹത്തിലാണ് നാട്ടിലേയ്ക്ക് തിരിച്ച് വന്നത്. തന്റെ ഭര്‍ത്താവ് തോമസ് അറയ്ക്കല്‍ കാഞ്ഞിരപ്പിള്ളി രൂപതാ ബിഷപ്പിന്റെ പിതൃസഹോദരന്റെ മകനാണ്. ഭര്‍ത്താവിന് അസുഖംമൂലം സംസാരിക്കുവാന്‍ പറ്റാത്ത രീതിയില്‍ കിടപ്പിലാണ്. ഈ സാഹചര്യത്തിലാണ് ക്രൈസ്തവ ഭക്തയായ തന്നെ വൈദികര്‍ സമീപിച്ച് ധ്യാനകേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയത്. ധ്യാന കേന്ദ്രത്തില്‍ എത്തി തന്നെക്കൊണ്ട് അനുഭവ സാക്ഷ്യം നിര്‍ബന്ധപൂര്‍വം പറയിപ്പിക്കുകയും തീരുന്നതിന് മുമ്പ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് നെല്ലിക്കല്‍ മൈക്ക് പിടിച്ചെടുത്ത് മോണിക്ക തന്റെ എല്ലാ സ്വത്തുക്കളും ധ്യാനകേന്ദ്രത്തിന് വാഗ്ദാനം ചെയ്യുകയാണെന്നും അവരുടെ ഭര്‍ത്താവിന്റെ രോഗം മാറി സംസാര ശേഷി വീണ്ടെടുക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ എല്ലാവരും ഹല്ലേലുയ പ്രെയ്സ് ദ് ലോഡ് എന്ന് പറഞ്ഞ് ആര്‍ത്ത് വിളിച്ചു. താന്‍ പറയാത്ത കാര്യം ഫാ.ജോര്‍ജ്ജ് നെല്ലിക്കല്‍ പറഞ്ഞപ്പോള്‍ താന്‍ സ്തംഭിച്ച് പോയതായും മോണിയ്ക്ക പറഞ്ഞു. ധ്യാനകേന്ദ്രം ഡയര്കടര്മാരുടെ നിര്‍ബന്ധവും മസ്തിഷ്ക്ക പ്രക്ഷാളനവും മൂലം അഞ്ചര ഏക്കറില്‍നിന്നും അന്‍പത് സെന്റ് സ്ഥലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. താന്‍ വിദേശത്ത് പോകുന്നതിന് തൊട്ട് മുമ്പ് ബ്ലാങ്ക് മുദ്ര പത്രവുമായി രജിസ്ട്രാറേയും കൂട്ടി വീട്ടിലെത്തി ഭര്ത്താവിനെക്കൊണ്ടും തന്നെക്കൊണ്ടും ഒപ്പിടുവിക്കയായിരുന്നു. പിറ്റേദിവസം തന്നെ ഭര്‍ത്താവിന് സംസാരശക്തി തിരിച്ച് കിട്ടുമെന്ന് പറഞ്ഞു. പിന്നീട് ആധാരം നല്‍കാത്ത സാഹചര്യത്തില്‍ പകര്പ്പെടുത്തപ്പോഴാണ് അഞ്ചര ഏക്കര്‍ ഭൂമി തട്ടിയെടുത്ത ചതി മനസ്സിലായത്. ഇത് തിരിച്ച് ചോദിച്ചപ്പോള്‍ ബിഷപ്പും ധ്യാന അച്ഛന്മാരും അവഹേളിക്കുകയായിരുന്നു. ഈ ചതിക്കെതിരെ 29 ന് വൈകിട്ട് മൂന്നിന് കാഞ്ഞിരപ്പിള്ളി രൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതുകൊണ്ട് ഫലമില്ലെങ്കില്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിലേക്കും പിഒസിയിലേയ്ക്കും സര്‍ക്കാര്‍ സെക്രട്ടറിയേറ്റിലേയ്ക്കും സമരം വ്യാപിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
ജോയിന്റ് ക്രിസ്ത്യന്‍ പ്രസിഡന്റ് ലാലന് തരകന്, ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ട്, ഇന്ദുലേഖ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: