കൊച്ചി: കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷിക്കുന്നു. 2013 ജനുവരി 12 മുതല്‍ 2014 ജനുവരി 12 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷങ്ങള്‍ ഭാരതത്തിലും വിദേശത്തും നടക്കും. മാതാ അമൃതാനന്ദമയി അദ്ധ്യക്ഷയായി അഖിലഭാരതീയ ആഘോഷസമിതി രൂപീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
പ്രശസ്ത സാഹിത്യകാരന് സി.രാധാകൃഷ്ണന് അദ്ധ്യക്ഷനും അഡ്വ.സി.കെ.സജിനാരായണന്‍ ജനറല്‍ സെക്രട്ടറിയും പി.എന്‍.ഈശ്വരന് ജനറല്‍ കണ്‍വീനറുമായി 150 അംഗ സംസ്ഥാന ആഘോഷ സമിതിയും രൂപീകരിച്ചു. ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഒരുലക്ഷം സന്നദ്ധ പ്രവര്‍ത്തകര്‍ സ്വാമി വിവേകാനന്ദന്റെ കന്യാകുമാരിയിലെ ധ്യാനാരംഭ ദിനമായ ഡിസംബര്‍ 25 ന് പ്രതിജ്ഞയെടുക്കും. ജനുവരി 12 ന് പഞ്ചായത്ത്-നഗര തലങ്ങളില്‍ ആയിരത്തൊന്ന് ശോഭായാത്രകള്‍ നടക്കും. തിരുവനന്തപുരത്ത് മഹാശോഭായാത്രയും നടക്കും. 2013 മാര്‍ച്ചില്‍ വിവേകാനന്ദ സന്ദേശവുമായി കേരളത്തിലെ 20 ലക്ഷം വീടുകളില്‍ സമ്പര്‍ക്കം നടത്തും. ഇതിലൂടെ വിവേകാനന്ദ സാഹിത്യത്തിന്റെ പത്ത് ലക്ഷം പുസ്തകങ്ങളും പ്രചരിപ്പിക്കും. സ്വാമിജിയുടെ ചിക്കാഗോ പ്രസംഗദിവസം വിശ്വസാഹോദര്യ ദിനമായി ആചരക്കുന്നതിനോടനുബന്ധിച്ച് 2013 സപ്തംബര്‍ 11 ന് നഗരങ്ങളില്‍ കൂട്ടയോട്ടം നടത്തും. യുവാക്കള്‍, സ്ത്രീകള്‍, വനവാസികള്‍, ചിന്തകന്മാര് എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് ചര്‍ച്ചകളും സെമിനാറുകളും നടക്കും. ഗ്രാമീണ മേഖലയില്‍ പുത്തനുണര്‍വേകാന്‍ ‘ഗ്രാമായണം’ പരിപാടികളും നടക്കും. ഗ്രാമങ്ങളില്‍ വിവേകാനന്ദോദ്യാനങ്ങള് നിര്‍മിക്കുന്നതു കൂടാതെ തിരുവനന്തപുരം, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വാമി വിവേകാനന്ദ പ്രതിമകളും സ്ഥാപിക്കും. ആഘോഷങ്ങളുടെ സമാപനമായി 2014 ജനുവരിയില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വന്‍ റാലികളും സമാപന പൊതുയോഗങ്ങളും നടക്കും. സംസ്ഥാന ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ പി.എന്‍.ഈശ്വരന്, ഇ.എന്‍.നന്ദകുമാര്‍ (പ്രസാധക സമിതി സംസ്ഥാന സമിതിയംഗം), രാജേഷ് ചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: