ന്യൂദല്‍ഹി: ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ നില അല്പം മെച്ചപ്പെട്ടു. എന്നാല്‍ അപകടനില തരണംചെയ്തിട്ടില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ പൂര്ണബോധവതിയാണ്.
അവരുടെ അപാരമായ ധൈര്യമാണ് തങ്ങളെ അതിശയപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എന്നാല്‍ അണുബാധയേല്‍ക്കാതെ നോക്കുകയാണ് ഇപ്പോഴത്തെ ദൗത്യം. ശേഷം മാത്രമേ മറ്റുചികിത്സ നല്‍കാനാവൂ. ഡോ.അഷ്ഠാനി പറഞ്ഞു. ഉപകരണങ്ങളുടെ സഹായമില്ലാതെ സ്വയം ശ്വസിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞത് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി അമ്മയോട് ജീവിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന് എഴുതി കാണിച്ചതായി സഹോദരന് വ്യക്തമാക്കി. ബുധനാഴ്ച അഞ്ചാമത്തെ ശസ്ത്രക്രിയ നടത്തിയിരുന്നു. ദേഹമാസകലം മുറിവുകളും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. മുഖത്താകെ കടിച്ചുപറിച്ചതു പോലെയാണ്. വയറ്റില്‍ ബൂട്സിട്ട് ചവിട്ടിയ അടയാളങ്ങളുമുണ്ട്. ചില ആന്തരികാവയവങ്ങള്‍ക്ക് ഭേദമാക്കാനാകാത്തവിധം കേടുപറ്റിയിട്ടുണ്ട്. വന്‍കുടലില്‍ ക്ഷതമേറ്റിട്ടുണ്ട്. ബുധനാഴ്ച രണ്ടുമണിക്കൂര്‍നീണ്ട ശസ്ത്രക്രിയയില്‍ കുടലിന്റെ ചില ഭാഗങ്ങള്‍ നീക്കം ചെയ്തു. സ്വമേധയാ കേസെടുത്ത ദില്ലി ഹൈക്കോടതി സിറ്റി പോലീസ് കമ്മീഷണറോട് വിശദീകരണം തേടി. സ്ത്രീകളുടെ ജീവനും മാനത്തിനും സുരക്ഷ നല്കാന് എന്തു നടപടി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. കേസിലെ ആറാമത്തെ പ്രതി ഇപ്പോഴും പിടിയിലായിട്ടില്ല. 5 പേര് റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: