കൊച്ചി: ഹൈന്ദവ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ നടക്കുന്ന ധര്‍മ്മരക്ഷാ സമ്മേളനം വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യാ മാര്‍ഗ്ഗദര്‍ശി അശോക് സിംഗാള്‍ ഉദ്ഘാടനംചെയ്യും.
ഈ മാസം 23 ന് വൈകിട്ട് ആറിന് എറണാകുളം ടിഡിഎം ഹാളി (വിവേകാനന്ദ നഗര്‍) ലാണ് സമ്മേളനം. ചടങ്ങില്‍ ധര്‍മ്മരക്ഷാ നിധി സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
ഹിന്ദുക്കളുടെ ധാര്‍മ്മികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി സേവന സന്നദ്ധ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് ധര്‍മ്മരക്ഷാ നിധി. ജനുവരിയില്‍ നടത്തുന്ന നിധിസമാഹരണം വഴി പിന്നോക്ക മേഖലകള്‍ തെരഞ്ഞെടുത്ത് വികസനപ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തും. ഇതിനായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് വിഎച്ച്പി ഭാരവാഹികള്‍ പറഞ്ഞു.
ഇന്ന് രാത്രിയാണ് അശോക് സിംഗാള്‍ എറണാകുളത്തെത്തുക.
നാളെ രാവിലെ ആലുവയില്‍ നടക്കുന്ന സന്യാസിസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. സന്യാസിമാരുടെ ഉന്നത സഭയായ മാര്‍ഗദര്‍ശക് മണ്ഡലിന്റെ സംസ്ഥാനതല സമ്മേളനം ധര്‍മ്മസംരക്ഷണത്തിനായി വിപുലമായ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കും. ആലുവ അദ്വൈതാശ്രമത്തിന് സമീപം കേശവസ്മൃതിയില്‍ രാവിലെ 11 ന് തുടങ്ങുന്ന സമ്മേളനം ഉച്ചകഴിഞ്ഞ് മൂന്നുവരെയുണ്ടാകും. സംസ്ഥാനത്തെ നൂറില്‍പ്പരം ആശ്രമങ്ങളില്നിന്നുമുള്ള ഇരുന്നൂറോളം സന്യാസിശ്രേഷ്ഠന്മാര് പ്രതിനിധികളായി പങ്കെടുക്കും.
കഴിഞ്ഞ ജൂണില്‍ എറണാകുളത്ത് നടന്ന സന്യാസിസമ്മേളനത്തിലെ തീരുമാനങ്ങള്‍ ഇവിടെ വിലയിരുത്തുകയും ഹൈന്ദവ സമാജത്തിന്റെ വര്‍ത്തമാന സാഹചര്യങ്ങള്‍ അവലോകനവും ചെയ്യും.
ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ പ്രയാഗില്‍ നടക്കുന്ന ദേശീയസമ്മേളനത്തിന്റെ മുന്നോടിയായാണ് ഈ സമ്മേളനം. പ്രയാഗ് പ്രതിനിധികളെ നിശ്ചയിക്കുന്നതും ഈ സമ്മേളനത്തിലാണ്.
ഹൈന്ദവ സമൂഹം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ധര്മ്മരക്ഷാസമ്മേളനവും നിധിസമാഹരണവും പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
മുസ്ലീം-ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും സൗജന്യവും നല്കുന്ന സംസ്ഥാനസര്‍ക്കാര്‍ ഹിന്ദുക്കളെ അവഗണിക്കുകയാണ്. അവരുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ഭരണകൂടത്തിന് താല്പര്യമില്ല. സര്‍ക്കാരിന് കോടികള്‍ വരുമാനമുണ്ടാക്കുന്ന ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിന് പോലും തയ്യാറാകാത്തത് ഇതിനുദാഹരണമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പത്രസമ്മേളനത്തില്‍ വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന്, ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, ജില്ലാ സെക്രട്ടറി എസ്. സജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: