കൊച്ചി: കരളോളം സ്നേഹം നല്കിയ ചെറിയമ്മ റെയ്നിക്കും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പം അന്തനീലിമയിലേക്ക് പറന്നുയരുമ്പോള്‍ സ്വാതികൃഷ്ണക്ക് സന്തോഷം അടക്കാനായില്ല. ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത സ്വപ്നതുല്യമായ യാത്രയെക്കുറിച്ച് പറയുവാന്‍ വാക്കുകളില്ല. വളരെ സന്തോഷമുണ്ട്, സ്വാതി കൃഷ്ണ പറഞ്ഞു. എയര്‍ ഇന്ത്യയും റോട്ടറി ക്ലബും വിവിധ സംഘടനകളും ചേര്‍ന്ന് വൈകല്യമുള്ള കുട്ടികള്‍ക്കും അനാഥകുട്ടികള്ക്കുമായി വിംഗ്സ് ഓഫ് ലൗ എന്ന പേരില്‍ നടത്തിയ സൗജന്യ വിമാനയാത്രയിലാണ് സ്വാതിക്കും അവസരം ലഭിച്ചത്.
കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം സാധാരണനില വീണ്ടെടുത്ത് സ്കൂള്ജീവിതത്തിലേക്ക് മടങ്ങിവന്ന സ്വാതിയെയും കരള്‍ സ്വാതിക്കായി പകുത്തുനല്‍കിയ ചെറിയമ്മ റെയ്നിയെയും ആകാശസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സംഘാടകര്‍ ശ്രമിക്കുകയായിരുന്നു. യാത്രയിലെ മറ്റ് കുട്ടികള്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് ‘ആര്‍ദ്രമീ ധനുമാസരാവുകളില്‍ ഒന്നില്‍ ആതിര വരുംപോകുമല്ലേ സഖീ’ എന്ന കവിത മനോഹരമായി ആലപിച്ച് കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതിയിലായിരുന്നു സ്വാതി. യാത്രയില്‍ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ഫുട്ബോള്‍ താരം ഐ.എം. വിജയനില്‍നിന്നും സിനിമാതാരം സുരേഷ്ചന്ദ്രയില്നിന്നും ഓട്ടോഗ്രാഫ് തനിക്കും കൂട്ടുകാരികള്ക്കുംവേണ്ടി എഴുതിവാങ്ങി. സ്വാതിയെയും റെയ്നിയെയും കാണുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും വിജയനും സുരേഷ്ചന്ദ്രയും പ്രകടിപ്പിച്ചു. ഓപ്പറേഷന് കാലഘട്ടത്തില്‍ സ്വാതിക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നതായി സുരേഷ്ചന്ദ്ര പറഞ്ഞു. കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്വാതി.
കരള്‍ദാന ഓപ്പറേഷനുശേഷം ഇപ്പോള്‍ പൂര്‍ണമായും സുഖംപ്രാപിച്ചതായും ജോലിക്ക് പോകുന്നുണ്ടെന്നും റെയ്നി പറഞ്ഞു. ചെറിയ പനി കഴിഞ്ഞ ദിവസം വന്നെങ്കിലും ഇംഗ്ലീഷ് മരുന്ന് കഴിച്ചാല്‍ കരളിന് പ്രശ്നമുണ്ടാകുമെന്നതിനാല്‍ പനിക്കൂര്ക്കിലയിട്ട വെള്ളവും മറ്റ് കഴിച്ച് മാറി. അടുത്തമാസം പരിശോധനക്കായി അമൃതയില്‍ പോകണം. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും റെയ്നി പറഞ്ഞു.
ഇന്നലെ രാവിലെ 11.30 ഓടെയാണ് എയര്‍ ഇന്ത്യയുടെ എ വണ്‍ 2012 ജംബോ 747-400 വിമാനം കുരുന്നുകളുമായി പറന്നുയര്‍ന്നത്. വിവിധ അനാഥാലയങ്ങളില്‍നിന്നും മറ്റ് ബധിര മൂക വിദ്യാലയങ്ങളില്നിന്നുമുള്ള 320 വിദ്യാര്‍ത്ഥികള്‍, 110 ഒഫീഷ്യല്‍സ്, 25 വിമാനത്തിലെ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്നപ്പോള്‍ ആഹ്ലാദാരവങ്ങളാല്‍ കുരുന്നുകള്‍ കയ്യടിച്ചു. വിമാനത്തിന്റെ ജാലകങ്ങളിലൂടെ ആകാശക്കാഴ്ചകള്‍ മതിവോളം നുകര്‍ന്നു. തിരുവനന്തപുരം, കന്യാകുമാരിയും വിവേകാനന്ദപ്പാറയും വട്ടമിട്ട് കറങ്ങ 12.55 ന് വിമാനം നെടുമ്പാശ്ശേരിയില്‍ റണ്‍വേയില്‍ തൊട്ടപ്പോഴും ആഹ്ലാദാരവങ്ങള്‍ ഉയര്‍ന്നു. യാത്രയില്‍ പാട്ടുപാടിയും കഥാപ്രസംഗം നടത്തിയും ചിത്രം വരച്ചും യാത്ര ചരിത്രമാക്കി മാറ്റുകയായിരുന്നു കുട്ടികള്‍.
എയര്‍ഹോസ്റ്റസുമാര്‍ എല്ലാവര്ക്കും ലഡുവും മിഠായിയും നല്കി. സിനിമാതാരങ്ങളായ സുരേഷ്ചന്ദ്രയും സാജന് പള്ളുരുത്തി, ഫുട്ബോള്‍ താരം ഐ.എം. വിജയനും ഭാര്യയും കുട്ടികള്‍ക്കൊപ്പം ആഹ്ലാദം പങ്കുവെച്ചു. വയനാട് പൂക്കോട്ട് ഏകലവ്യ വിദ്യാലയത്തില്‍നിന്നുള്ള എട്ട് ആദിവാസി വിദ്യാര്‍ത്ഥികളും യാത്രക്കായി എത്തിയിരുന്നു.
എയര്‍ ഇന്ത്യ കസ്റ്റമര്‍ റിലേഷന്‍സ് ജനറല്‍ മാനേജര്‍ ഹാര്പ്രീറ്റ് എ.ഡി. സിംഗും എത്തിയിരുന്നു. മനോജ് മാത്തൂര്‍ ആയിരുന്നു ക്യാപ്റ്റന്‍. ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ എ.എം. പാല്‍ക്കിവാല, ഫ്ലൈറ്റ് സൂപ്പര്‍വൈസര്‍ ബാലകൃഷ്ണന് എന്നിവരും യാത്രക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: