വടക്കഞ്ചേരി: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് കാമുകിയുടെ അമ്മയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. യുവതിക്കും അച്ഛനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ വീട്ടിനു മുന്നിലെ കെട്ടിടത്തില്‍ യുവാവിനേയും കണ്ടെത്തി.
മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ മുടപ്പല്ലൂരിനടുത്ത് പന്തംപറമ്പ് മോഹനന്റെ ഭാര്യ ലത (42) ആണ് കൊല്ലപ്പെട്ടത്. മകള്‍ നിത്യ (22) , അച്ഛന് മോഹനന് (മയില്‍സ്വാമി- 46) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണ്.
ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. വെട്ടേറ്റ് ചോരയില്‍ കുളിച്ചുകിടന്നിരുന്ന മൂന്നു പേരേയും രാവിലെ ബസ് കാത്തുനിന്നവരാണ് കണ്ടത്. ജീവന്റെ തുടിപ്പുകളുണ്ടായിരുന്ന ലതയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുടപ്പല്ലൂര്‍ പടിഞ്ഞാറെതറ മാണിക്യന്റെ മകന് പ്രസാദാണ് കൊല നടത്തിയത്. ഇയാളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുറ്റം അടിയ്ക്കാന്‍ പുറത്തിറങ്ങിയ ലതയെ ഒളിച്ചിരുന്നിരുന്ന യുവാവ് ആദ്യം കൊടുവാള് കൊണ്ട് വെട്ടിവീഴ്ത്തുകായിരുന്നു. ലതയുടെ കരച്ചില് കേട്ട് ഓടിവന്ന ഭര്‍ത്താവിനേയും മകളേയും പിന്നീട് ഇയാള്‍ തുരുതുരാ വെട്ടുകയായിരുന്നു. ലതയുടെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മോപ്പഡില്‍ വീടുകളിലും കടകളിലും സോപ്പു വില്പനയാണ് മോഹനന്റെ തൊഴില്‍. മകന് മണികണ്ഠന് കോയമ്പത്തൂരില്‍ പഠിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: