പുനലൂര്‍: കര്‍ണാടകയില്‍ നിന്ന് മിനിലോറിയില്‍ കടത്തിക്കൊണ്ടുവന്ന രണ്ട് ടണ്‍ രക്തചന്ദനം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്കിടെ എക്സൈസ് സംഘം പിടികൂടി. ലോറി ക്ലീനറെ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ലോറിക്ക് എസ്കോര്‍ട്ട് വന്നതെന്നു കരുതുന്ന ആഡംബരകാറും സഞ്ചരിച്ചിരുന്ന ഇരട്ടസഹോദരങ്ങളെയും പിടികൂടി.
ഒരുകോടി രൂപയിലധികം വിലമതിക്കുന്ന വെള്ള കളഞ്ഞ് ചെത്തിയെടുത്ത 18 കഷ്ണം രക്തചന്ദനമാണ് പച്ചകരിമ്പ് മറച്ച് കൊണ്ടുവന്നത്. 2000 കിലോ തൂക്കം വരുന്ന ഇത് 40 മുതല്‍ 60 വരെ സെന്റീമീറ്റര്‍ ചുറ്റളവിലുള്ളതും 175 മുതല്‍ 250 വരെ സെന്റീമീറ്റര്‍ നീളമുള്ളതുമാണ്. ക്ലീനര്‍ തമിഴ്നാട്സ്വദേശി എസ്. കുമാറിനെ(50)യാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ വെങ്കിടേഷ് ഓടി രക്ഷപ്പെട്ടതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. മാവേലിക്കര ഇലപ്പക്കുളം ചോലയില്‍ ബംഗ്ലാവില്‍ യാസര്‍ അറാഫത്ത്(35) ഇരട്ട സഹോദരന് ലൂക്ക് ഹക്കിം(35)എന്നിവരാണ് കസ്റ്റഡിയിലാണ്.
ചെക്ക്പോസ്റ്റിലെ എക്സൈസ് സിഐ കെ. രാമചന്ദ്രന്, ഇന്‍സ്പെക്ടര്‍ മധുസൂദനന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിജുകുമാര്‍, ബൈജു, ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് രക്തചന്ദനം പിടികൂടിയത്.
കേരളത്തിലെത്തിച്ച് വിദേശത്തേക്ക് കടത്താന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണെന്നാണ് സൂചന. എക്സൈസ് ചെക്ക്പോസ്റ്റില്‍ പരിശോധിക്കുമ്പോള്‍ മിനിലോറിയില്‍ പിഴുതിട്ട നിലയില്‍ കരിമ്പ് അടുക്കിയിരിക്കുന്നത് കണ്ട് എവിടേക്ക് കൊണ്ടുപോകുന്നുവെന്ന് ചോദിച്ചപ്പോള്‍ ക്ലീനര്‍ പരുങ്ങി മറുപടി പറയാത്തതിനെത്തുടര്ന്നാണ് കരിമ്പ് ഇളക്കി പരിശോധിച്ചത്. പ്ലാറ്റ്ഫോമില്‍ രക്തചന്ദനക്കഷ്ണങ്ങള് അടുക്കിയശേഷം ചെളികുഴച്ച് തേച്ച് മുകളില്‍ പച്ചകരിമ്പ് നിരത്തുകയായിരുന്നു. കരിമ്പ് കുറവായതും നോട്ടത്തില്‍ തന്നെ സംശയം ജനിപ്പിച്ചതായി എക്സൈസ് സിഐ പറഞ്ഞു.
വിവരം റവന്യൂ ഇന്റലിജന്‍സിനെ അറിയിച്ചിട്ടുണ്ട്. രക്തചന്ദനവും ക്ലീനറെയും അവര്‍ക്ക് കൈമാറും. ക്ലീനറെ എക്സൈസ് ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: