മട്ടാഞ്ചേരി: നഗരസഭാ പരിധിയിലുള്ള താല്‍ക്കാലിക വ്യാപാരകേന്ദ്രങ്ങളുടെ നിയന്ത്രണവും പിരിവും കൊച്ചി കാര്‍ണിവല്‍ കമ്മറ്റി ഏറ്റെടുത്തത് വിവാദമാകുന്നു. നഗരസഭാ പരിധിയിലുള്ള സ്ഥലങ്ങളില്‍ ഉത്സവകാലങ്ങളില്‍ കച്ചവടകേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്നത് കോര്‍പ്പറേഷനാണ്. ഇതിനായി നഗരസഭ നിശ്ചിത തുകയും ഈടാക്കാറുണ്ട്.
ഫോര്‍ട്ടുകൊച്ചി പ്രദേശത്തും വെളി മൈതാനിയിലും കാര്‍ണിവലുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന വ്യാപാരകേന്ദ്രങ്ങളില്‍നിന്ന് 20,000 രൂപ മുതലാണ് കമ്മറ്റി ഈടാക്കിയിരിക്കുന്നത്. ഇപ്രകാരം 20 ഓളം കച്ചവടക്കാര്‍ ഇതിനകം തുക നല്‍കിയതായാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ ലക്ഷങ്ങളാണ് നഗരസഭക്ക് നഷ്ടമായിരിക്കുന്നത്. നഗരസഭാ പരിധിയില്‍ കാര്‍ണിവല്‍ കമ്മറ്റി നടത്തിയ വ്യാപാരകേന്ദ്ര പിരിവിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ നഗരസഭാ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: