ചലച്ചിത്രോത്സവ നാളുകളിലൊന്നില്‍ തിരുവനന്തപുരത്തെ രാജവീഥികളിലൊന്നിലൂടെ സായാഹ്ന സവാരിക്കിറങ്ങിയപ്പോഴാണ് ഈ കുറിപ്പിന് കാരണമായ ചിന്തകള്‍ മനസ്സിലുണര്‍ന്നത്. സ്വച്ഛന്ദ സുന്ദരമാണ് തിരുവനന്തപുരത്തെ വീതിയേറിയ തെരുവീഥികള്‍. സി.വി.രാമന് പിള്ളയുടെ തിളക്കമാര്‍ന്ന കഥാപാത്രങ്ങള്‍ ഇന്നും അവിടെ ജീവിച്ചിരിപ്പുള്ളതായി തോന്നും ചരിത്രമുറങ്ങുന്ന ആ തെരുവുകളിലൂടെ നടക്കുമ്പോള്‍. ആയിരത്തി അഞ്ഞൂറ് വര്‍ഷത്തെ ചരിത്രം അവകാശപ്പെടുന്ന തിരുവനന്തപുരം പഴമയും പ്രൗഢിയും നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വം ചില ഇന്ത്യന്‍ നഗരങ്ങളിലൊന്നാണ്. പുരാണ പ്രസിദ്ധമാണ് സ്യാനന്ദുരപുരി. അടിക്കടിയുണ്ടാവുന്ന രാഷ്ട്രീയ ശക്തി പ്രകടനങ്ങളോ പ്രക്ഷോഭ പരിപാടികളോ ഈ ഭരണ സിരാകേന്ദ്രത്തിന്റെ ശാന്തി കവരാറില്ല. എന്തിനേയും ഉള്‍ക്കൊള്ളാന്‍ ഈ മഹാനഗരത്തിന് സാധിക്കുമെന്നത് സവിശേഷമായൊരു സത്യമാണ്. നഗരത്തിന്റെ മാറിലും മറവിലും കുമിഞ്ഞു കൂടിയിട്ടുള്ള മാലിന്യമാണ് ഇന്ന് തിരുവനന്തപുരത്തിന് തീരാകളങ്കമായിത്തീര്ന്നിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ചീഞ്ഞുനാറുന്നു. ശുദ്ധിക്കും ശുചിത്വത്തിനും ഒരുകാലത്ത് ലോകപ്രസിദ്ധി തന്നെ ആര്‍ജിച്ചിരുന്ന നഗരം. അതിവേഗം ബഹുദൂരം മുന്നോട്ട് പോവുന്നുവെന്ന് അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരുവര്‍ഷം പിന്നിടുന്ന തിരുവനന്തപുരത്തെ ഈ നാറുന്ന പ്രശ്നം പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നത് ഒരു കഴിവ് കേടായി മാത്രമേ കാണാനാവൂ.
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുനിന്നും എത്തിയ നൂറ് കണക്കിന് പ്രതിനിധികള്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി തലസ്ഥാനനഗരിയുടെ ദുരവസ്ഥ കണ്ടിട്ട്. ഇതിനുമുമ്പും നിരവധി തവണ തിരുവനന്തപുരത്ത്എത്തിയിട്ടുള്ളവരാണവര്. അവരില്‍ പലരും എന്നെപ്പോലെ തിരുവനന്തപുരത്തെ സ്നേഹിക്കുന്നവരാണെന്ന് അവരുമായുള്ള സംസാരത്തില്‍നിന്ന് വ്യക്തമായി. ഒരു ‘പാവം നഗര’മാണ് അവര്‍ക്ക് തിരുവനന്തപുരം. സഹവസിക്കാന്‍ അത്ര നന്നല്ലെങ്കിലും വസിക്കാന്‍ അനുയോജ്യം (ideal to live in, but not to live with) എന്നാണ് തിരുവനന്തപുരം വിരോധികള്‍ പോലും തലസ്ഥാന നഗരിയെ വിശേഷിപ്പിച്ചിരുന്നത്.
പറഞ്ഞുവരുന്നത് തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തൊരിടത്ത് സായാഹ്ന സവാരിക്കിടയില്‍ ഞാനും അന്നവിടെ ഉണ്ടായിരുന്നവരും പെട്ടെന്ന് അനുഭവിച്ച വാഹനങ്ങളുടെ തിക്കിനേയും തിരക്കിനേയും കുറിച്ചാണ്. സ്വാഭാവികമായിരുന്നില്ല ആ തിരക്ക്. ഒരു ഭീകരാവസ്ഥയെന്ന് തോന്നിക്കുന്ന വിധത്തില്‍ പാഞ്ഞെത്തിയ പോലീസ് വാഹനങ്ങളുടെ നീണ്ട നിരയാണ് മറ്റ് വാഹനങ്ങള്‍ക്കും വഴി നടത്തക്കാര്‍ക്കും വിനയായത്. മുന്നോട്ട് നീങ്ങാനാവാതെ നില്‍ക്കുമ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ചത്. ആ പ്രദേശത്ത് ഗവര്‍ണറെത്തുന്നു എന്നായിരുന്നു അപ്പോള്‍ കിട്ടിയ വിവരം. കേരളത്തിന് പുറത്തു നിന്നെത്തിയ കേരളീയനല്ലാത്ത ഒരു ഗവര്‍ണര്‍ തന്റെ ഭാര്യയുടെ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ആ സംഘര്‍ഷത്തിന് കാരണം.
ഗവര്‍ണര്‍ മലയാളിയല്ലെങ്കിലും ഭാര്യ മലയാളിയാണ്. മാത്രമല്ല പൂര്‍വാശ്രമം പോലീസിലായിരുന്ന കാലത്ത് കൂടുതല്‍ കാലവും അദ്ദേഹം ചിലവഴിച്ചത് കേരളത്തിലായിരുന്നത്രെ. ഗവര്‍ണര്‍ പദവിയിലെത്തിയത് പോലീസ് സര്‍വീസില്‍ നിന്നായതിനാലാവാം മുന്‍ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ അത്യുത്സാഹത്തോടെയും അമിതാവേശത്തോടെയും മറുനാടന്‍ ഗവര്‍ണര്‍ക്ക് ആതിഥ്യമരുളി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. ഗവര്‍ണര്‍ ബന്ധുഗൃഹം സന്ദര്‍ശിച്ച് മടങ്ങുന്നതുവരെ ആ പ്രദേശത്ത് പ്രശ്നമായിരുന്നു.
കോളനിവാഴ്ചയുടെ പേക്കോലങ്ങളാണ് ഗവര്‍ണര്‍മാരെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും, റിപ്പബ്ലിക് ദിനത്തോടും മറ്റും അനുബന്ധിച്ച് രാജ്ഭവനുകളില്‍ സംഘടിപ്പിക്കുന്ന ‘അതോമി’ല്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സംബന്ധിച്ചിട്ടുള്ളപ്പോഴൊക്കെ ആ തോന്നല്‍ ശക്തമായിട്ടുണ്ട്. കോടികളാണ് പൊതുഖജനാവില്‍നിന്ന് ഗവര്‍ണര്‍മാരെ നിലനിര്‍ത്തുന്നതിനായി ചിലവിടുന്നത്. ഇന്ത്യയിലെ രാജ്ഭവനുകളില്‍ പലതും അഴിമതിയുടേയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടേയും കൂത്തരങ്ങുകളാണ്. അപൂര്‍വമായി മാത്രമേ അവ പുറത്ത് വരാറുള്ളൂ. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഗവര്‍ണര്‍മാരെ വിശുദ്ധ പശുക്കളായാണ് പരിഗണിക്കുന്നത്. മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിന്റെ ചിലവും അതിഥി സല്‍ക്കാരത്തിനായി മന്ത്രിമാര്‍ മുടക്കുന്ന തുകയുമൊക്കെ ഇടയ്ക്കിടെ നിയമസഭയിലും ലോക്സഭയിലും ചോദ്യോത്തരങ്ങളായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അവ വാര്‍ത്തയും ആവാറുണ്ട്. എന്നാല്‍ രാജ്ഭവനുകള്‍ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിത മേഖലയാണ്. രാജ്ഭവനുകളിലെ ചിലവുകളുടെ ‘ഓഡിറ്റ്’പോലും വസ്തുനിഷ്ഠമോ സത്യസന്ധമോ അല്ല എന്നത് പരസ്യമായ രഹസ്യമാണ്. ബ്രിട്ടീഷ് രാജിന്റെ സൃഷ്ടിയാണ് ഗവര്‍ണര്‍ പദവിയെങ്കിലും ബ്രിട്ടീഷ് ഭരണകാലത്ത് ഗവര്‍ണര്‍മാര്‍ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു.
അന്യസംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ദല്‍ഹി സന്ദര്‍ശിക്കണമെങ്കില്‍ പോലും ഉന്നതങ്ങളില്‍നിന്നുള്ള ക്ഷണവും പ്രത്യേകാനുമതിയും നിര്‍ബന്ധമായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഗവര്‍ണര്‍മാര്‍ ഇന്ന് അധികസമയവും അന്യ സംസ്ഥാനങ്ങളിലൊ വിദേശരാജ്യങ്ങളിലൊ യാത്രയിലാണ്. പലപ്പോഴും പ്രത്യേക ഹെലികോപ്ടറിലും വിമാനത്തിലുമൊക്കെയാണ് ഇത്തരം യാത്രകള്‍. അനാവശ്യമായി എത്ര ചിലവഴിക്കാനും ഇവരില്‍ പലര്‍ക്കും മടിയില്ല. പലപ്പോഴും ആരോടോ പ്രതികാരം ചെയ്യുന്നപോലെയാണ് രാജ്ഭവനില്‍ ഗവര്‍ണര്‍മാര്‍ പണം ദുര്‍വ്യയം ചെയ്യുന്നത്. ഒരുപക്ഷെ, മുമ്പ് രാഷ്ട്രീയ ജീവിതത്തില്‍ അനുഭവിച്ച യാതനകള്‍ക്കും വേദനകള്‍ക്കും കണക്ക് തീര്‍ക്കുന്നതാവാം. അല്ലെങ്കില്‍ ഗവര്‍ണര്‍ പദവി നല്കി രാഷ്ട്രീയ വനവാസത്തിനയച്ചതിന്റെ നൈരാശ്യം കൊണ്ടാവാം ഇങ്ങനെ പ്രതികാര വാഞ്ഛയോടെ പ്രവര്‍ത്തിക്കുന്നത്.
നിത്യനിതാന്ത ജാഗ്രത പുലര്‍ത്തുന്ന നമ്മുടെ ദൃശ്യമാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ അപൂര്‍വമായേ രാജ്ഭവനുകളുടെ ഉള്ളറകളിലേക്ക് കടന്ന് ചെല്ലാറുള്ളൂ. ഒരിക്കല്‍ അങ്ങനെ കടന്നു ചെന്നപ്പോഴാണ് ഒരു കോണ്‍ഗ്രസ് കടല്‍ക്കിഴവന്‍ ഗവര്‍ണറുടെ കാമലീലകള്‍ വിവാദമായത്. മറ്റൊരവസരത്തില്‍ ഒരു കേന്ദ്രഭരണ പ്രദേശത്തെ ലെഫ്ടനന്റ് ഗവര്‍ണറുടെ സാമ്പത്തിക ഇടപാടുകളും വിവാദമായിട്ടുണ്ട്. ലൈംഗിക വിവാദത്തില്‍പ്പെട്ടത് എന്‍.ഡി.തിവാരിയും സാമ്പത്തിക ഇടപാടില്‍ ആരോപണ വിധേയനായത് ഇക്ബാല്‍ സിംഗുമായിരുന്നു. കേരളത്തിലെ രാജ്ഭവന് ആരോപണ വിധേയമായത് ഒരിക്കല്‍ മാത്രമാണ്. കുവൈറ്റ് യുദ്ധത്തിന്റെ നാളുകളില്‍ പെട്രോളിന് ക്ഷാമമുണ്ടായപ്പോള്‍ തിരുവനന്തപുരത്തെ രാജ്ഭവന് അനുവദിച്ചിരുന്ന പെട്രോള്‍ പുറത്ത് കരിഞ്ചന്തയില്‍ വിറ്റ് ചില ഉദ്യോഗസ്ഥര്‍ പണമുണ്ടാക്കിയതിനെ തുടര്‍ന്നാണത്. മലയാളികളായ ഗവര്‍ണര്‍മാരില്‍ ഒരാളെങ്കിലും ഇക്കാര്യത്തില്‍ പിന്നിലായിരുന്നിട്ടില്ല. അവരിലൊരാള്‍ ബിനാമി ഇടപാടുകളിലൂടെ ഒരു ദ്വീപസമൂഹം മൊത്തം തന്റെ സ്വന്തം സാമ്രാജ്യമാക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. പൊതുവേ രാഷ്ട്രീയ വനവാസമാണ് ഗവര്‍ണര്‍ പദവിയെങ്കിലും ഇദ്ദേഹം ഇടക്കാലത്ത് മടങ്ങിയെത്തി കേരള രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാവുകയും പിന്നെ ഹൈക്കമാന്റിലുള്ള പിടി കാരണം വീണ്ടും ഗവര്‍ണറായി വിരാജിക്കുകയും ചെയ്യുന്നു. പണ്ടൊക്കെ ഒരു നേതാവ് ഗവര്‍ണറായി നിയമിതനായാല്‍ അതോടെ രാഷ്ട്രീയഭാവി അവസാനിക്കുകയോ അവസാനിപ്പിക്കുകയോ ആയിരുന്നു പതിവ്. പണ്ട് മുഖ്യമന്ത്രിയായിരുന്ന പിഎസ്പി നേതാവ് പട്ടം താണുപിള്ളയെ അങ്ങനെയാണ് കേരളത്തില്‍നിന്ന് പഞ്ചാബ് ഗവര്‍ണറാക്കി നാട് കടത്തിയത്. അതോടെ പട്ടം എന്ന രാഷ്ട്രീയ നേതാവും പിഎസ്പി എന്ന രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തില്‍ ഇല്ലാതെയായി. കോണ്‍ഗ്രസ് നേതാക്കളായ കെ.കെ.വിശ്വനാഥനേയും കെ.എം.ചാണ്ടിയേയും ഗവര്‍ണര്‍മാരാക്കി രാഷ്ട്രീയ വനവാസത്തിന് അയയ്ക്കുകയായിരുന്നു പാര്‍ട്ടി ഹൈക്കമാന്റ്. മലയാളിയായ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് നല്കിയതും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നുള്ള നിര്‍ബന്ധിത അവധിയാണ്. പക്ഷെ മദാമ്മ കനിഞ്ഞാല്‍ ശങ്കരനാരായണനും കേരള രാഷ്ട്രീയത്തിലേക്ക് ഇനിയും മടങ്ങിവരാവുന്നതേയുള്ളൂ. ഇടക്കാലത്ത്, അദ്ദേഹം മുഖ്യമന്ത്രി ആവുമെന്നൊക്കെ ഒരു കിംവദന്തി ഇവിടെ പ്രചരിക്കുകയും ചെയ്തിരുന്നു. സോണിയ കനിഞ്ഞതിനാലാണല്ലൊ മുമ്പ് ഗവര്‍ണറായിരിക്കെ ആരോപണ വിധേയയായ വ്യക്തി രാഷ്ട്രപതിയായത്. രാജസ്ഥാനില്‍ ഗവര്‍ണറായിരിക്കെ ഒരു പണമിടപാട് സ്ഥാപനത്തിന് രൂപം നല്‍കിയെന്നും അടുത്ത ബന്ധുക്കള്‍ക്ക് വന്‍ വായ്പകള്‍ നല്‍കിയശേഷം ആ സ്ഥാപനം അടച്ചുപൂട്ടിയെന്നും ആയിരുന്നു ആരോപണം. കൊലക്കേസില്‍ പ്രതിയായ സഹോദരനെ സംരക്ഷിച്ചു എന്നത് മറ്റൊരു ആരോപണം. തെരഞ്ഞെടുക്കപ്പെട്ടതിന്റെ തൊട്ടടുത്തനാള്‍ ലണ്ടനിലെ ‘ഗാര്ഡിയന്’ പത്രം ഈ പശ്ചാത്തലം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗവര്‍ണര്‍മാര്‍ കാലാകാലങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ള രാഷ്ട്രീയവിവാദങ്ങള്‍ വേറെ. അത് ആരംഭിച്ചത് കേരളത്തിലാണ്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ വിദ്യാഭ്യാസ ബില്ലിനെതിരെ കുത്തിത്തിരിപ്പുകള്‍ നടത്തിയ അന്നത്തെ കേരള ഗവര്‍ണര്‍ കെ.രാമകൃഷ്ണ റാവു. ഏറ്റവുമൊടുവില്‍ കര്‍ണാടകത്തിലും ചില രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് സൂത്രധാരനായി. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടേയോ മുന്നണിയുടെയോ ചട്ടുകങ്ങള്‍ മാത്രമായി ഗവര്‍ണര്‍ അധഃപതിക്കുമ്പോഴാണ് ഇങ്ങനെയുള്ള അസംബന്ധ നാടകങ്ങള്‍ അരങ്ങേറുന്നത്. ഭരണഘടന ശുപാര്‍ശ ചെയ്യുന്ന യോഗ്യതയും അര്‍ഹതയും അവഗണിച്ചുകൊണ്ട് രാഷ്ട്രീയ ഭിക്ഷാംദേഹികളെ പുനരധിവസിപ്പിക്കാനുള്ള ലാവണങ്ങളായി ഗവര്‍ണര്‍ പദവി പരിഗണിക്കപ്പെടുമ്പോള്‍, അത് രാഷ്ട്രത്തിന്റെ ഫെഡറല്‍ ഘടനയ്ക്കും സ്വഭാവത്തിനും ഭീഷണി ഉയര്‍ത്തും. സ്വതന്ത്ര ഇന്ത്യയില്‍ സംസ്ഥാന ഭരണത്തലവന്മാരായ ഗവര്‍ണര്‍മാരെ തെരഞ്ഞെടുപ്പിലൂടെയല്ല നാമനിര്‍ദ്ദേശത്തിലൂടെയാണ് നിയോഗിക്കപ്പെടേണ്ടതെന്ന് ഭരണഘടനാശില്‍പ്പികള്‍ തീരുമാനിച്ചപ്പോള്‍, അവര്‍ക്ക് ചില അടിസ്ഥാന യോഗ്യതകളും അവരെ നിയമിക്കുന്നതിന് ചില മാനദണ്ഡങ്ങളും കൂടി നിര്‍ദ്ദേശിച്ചിരുന്നു. അവയാകെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഗവര്‍ണര്‍മാര്‍ നിയമിതരാവുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച് പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിച്ച സര്‍ക്കാരിയ കമ്മീഷന് അടിവരയിട്ടതും അനുയോജ്യനും അര്‍ഹനുമായ വ്യക്തിയെ മാത്രമേ ഗവര്‍ണറായി നിയമിക്കാവൂ എന്നതിനാണ്.
>> ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: