പ്രശ്നത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാനം മുഴുവന്‍ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചത് നല്ല കാര്യം തന്നെ. എന്നാല്‍ ഇതിന്റെ പ്രയോജനം ലഭിക്കാന്‍ കടമ്പകള്‍ ഏറെ കടക്കണമെന്നാണ് അനുഭവം. സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അവശതകളും കണക്കിലെടുത്ത് നടപടിയെടുക്കാന്‍ താല്പര്യം കാണിക്കാത്ത ഭരണം കേന്ദ്രത്തില്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണഅതോറിറ്റിയാണ് സംസ്ഥാനം മൊത്തത്തില്‍ വരള്ച്ചാബാധിതപ്രദേശമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. നേരത്തെ മഴക്കുറവ് പരിഗണിച്ച് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിരുന്നു. കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുന്നത് കണക്കിലെടുത്താണീ തീരുമാനം. ജില്ലകളില്‍ 31ന് മുമ്പ് യോഗംചേര്‍ന്ന് വരള്‍ച്ച വിലയിരുത്തും. ജനുവരി ആദ്യം കേന്ദ്രസര്‍ക്കാരിന് സഹായം ആവശ്യപ്പെട്ട് വിശദമായ നിവേദനം നല്‍കും. നിയോജകമണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. മണ്ഡലാടിസ്ഥാനത്തിലും അവലോകയോഗംചേരും.
കാര്ഷികവിളകള്ക്കുണ്ടായിരിക്കുന്ന നാശം 30ന് മുമ്പ് പ്രത്യേകം കണക്കാക്കും.കുടിവെള്ളപദ്ധതികള്‍ക്ക് ആവശ്യമായ സഹായം ജലവിഭവവകുപ്പും തയ്യാറാക്കും. വെള്ളക്ഷാമമുള്ള സാഹചര്യത്തില്‍ കുടിവെള്ളം വിതരണംചെയ്യാന്‍ സ്ഥാപിച്ച പമ്പുകള്‍ അടിയന്തരമായി നന്നാക്കും. ഇതിന് വേണ്ട ഫണ്ടനുവദിക്കും. പണിപൂര്‍ത്തിയായ കുടിവെള്ളജലസേചനപദ്ധതികള് പ്രവര്‍ത്തനസജ്ജമാക്കാന്‍ വേഗം നടപടി സ്വീകരിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ജലസ്രോതസ്കൂട്ടാന് താല്‍ക്കാലിക തടയണസ്ഥാപിക്കാം.വരള്ച്ചാനിരീക്ഷണത്തിനായി സംസ്ഥാനദുരന്ത സാധ്യതാഅപഗ്രഥന സെല്ലിനെ ചുമതലപ്പെടുത്തി. ഇതൊക്കെ അടിയന്തരമായി കേരളം ചെയ്യാന്‍പോകുന്ന കാര്യങ്ങള്‍. കഴിഞ്ഞ വര്‍ഷംതന്നെ ഇക്കൊല്ലം കടുത്ത വരള്‍ച്ച ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഒരുതരത്തിലുള്ള മുന്നൊരുക്കവും കേരളം നടത്തിയിട്ടില്ലെന്നുവേണം കാണാന്‍.
കേരളത്തിന് വിപുലമായ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താന്‍ ഇത്തരുണത്തില്‍ പരിമിതികളുണ്ട്. കേന്ദ്രമാണ് ഇതിനുവേണ്ടി കാര്യമായി പ്രതികരിക്കേണ്ടത്. വരള്ച്ചാപ്രദേശമായി പ്രഖ്യാപിച്ചനാല്ജില്ലകള്ക്കിതേവരെ കേന്ദ്രസര്‍ക്കാര്‍ സഹായമൊന്നും കിട്ടിയിട്ടില്ലെന്ന് കൂടിയറിയുമ്പോള്‍ കേന്ദ്രത്തിന്റെ ‘ജാഗ്രത’ എത്രത്തോളമെന്ന് വ്യക്തമാകും. 1998 കോടിയുടെ നഷ്ടം കണക്കാക്കി കേന്ദ്രത്തിന് നിവേദനവും നല്‍കിയിരുന്നു. ഇത് കേന്ദ്രസംഘത്തിന്റെ നിര്‍ദ്ദേശാനുസൃതം പുതുക്കി നല്കി. കൂടുതല്‍ വൈദ്യുതിമേഖലയിലെ നഷ്ടമാണിതിലൂള്പ്പെടുന്നത്. ഒക്ടോബറില്‍ ഈ ജില്ലകളില്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു.എന്നാല്‍ ഇതേവരെ സഹായം ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ റവന്യൂമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. മുന്‍ വര്‍ഷത്തിലും 50 ശതമാനം മഴ കുറഞ്ഞത് കണക്കാക്കിയാണ് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട് ജില്ലകളെ വരള്‍ച്ചബാധിതപ്രദേശമായി പ്രഖ്യാപിച്ചിരുന്നത്. പ്രകൃതിക്ഷോഭമുണ്ടായ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകള്‍ക്കായി കേന്ദ്രസഹായംതേടിയിട്ടുണ്ട്. അനുകൂലമായ ഒരു മറുപടിയും കേരളത്തിന് ഇനിയും ലഭിച്ചിട്ടില്ല. കണക്ക് തയ്യാറാക്കി നിവേദനം കൊടുത്ത് കേരളം അനന്തമായി കാത്തിരിക്കുകയാണ്.
വേഴാമ്പലിനെപ്പോലെ. വരള്‍ച്ചയായാലും കാലവര്ഷക്കെടുതിയായാലും സംസ്ഥാനത്തിന്റെ സഹായാഭ്യര്‍ത്ഥനയെ തൃണവല്‍ഗണിക്കുന്നത് കേന്ദ്രത്തിന്റെ ശീലമാണ്. നിവേദനവുമായി കേരളസംഘം ദല്‍ഹിയിലെത്തി ബന്ധപ്പെട്ടവരെ കണ്ട് മടങ്ങും. കേന്ദ്രം പഠനസംഘത്തെ അയയ്ക്കുന്നതാണ് രസകരം. വരള്‍ച്ച ദുരന്തം കാണാന്‍ കാലവര്‍ഷം തിമിര്‍ത്തുപെയ്യുമ്പോഴും കാലവര്‍ഷക്കെടുതി കാണാന്‍ വേനല്‍ച്ചൂടിലും പഠനസംഘം എത്തും. അവരുടെ റിപ്പോര്‍ട്ട് എന്താകുമെന്ന് പറയേണ്ടതില്ലല്ലൊ. അതുകൊണ്ടാണ് പറയുന്നത് പ്രഖ്യാപനം കൊണ്ട് കാര്യമില്ല. കിട്ടേണ്ടത് വാങ്ങണം. അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കണം. അതിനുള്ള ഇഛാശക്തി ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: