തൃശൂര്‍ : സാംസ്കാരിക മന്ത്രിക്കെതിരെയും സാഹിത്യ അക്കാദമിക്കെതിരെയും കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്ത്. സാംസ്കാരിക വകുപ്പിന്റെ കീഴ്വഴക്കങ്ങളേയും മറ്റും മന്ത്രി അട്ടിമറിച്ചതായും പുനഃസംഘടന പോലും ഒരു വര്‍ഷത്തിനു ശേഷം നടത്തിയ സാംസ്കാരിക മന്ത്രി തന്റെ വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് കാണിച്ച് കോണ്‍ഗ്രസ്സുകാരനായ ആര്.ഐ. ഷംസുദ്ദീന് ചെയര്‍മാനായ അങ്കണം സാംസ്കാരിക വേദിയാണ് മന്ത്രിക്കെതിരെയും അക്കാദമിക്കെതിരെയും രംഗത്ത് വന്നിരിക്കുന്നത്.
കേരള സാഹിത്യ അക്കാദമിയുടെ പ്രോജക്ട് നടത്തുവാന്‍ തുനിഞ്ഞപ്പോള്‍ ഭരണസമിതിയുടെ അംഗീകാരമില്ലാതെ ഏറ്റെടുത്തതായും എന്നാല്‍ അതിനുശേഷം കാണിക്കേണ്ട യാതൊരു മര്യാദയും മന്ത്രി കാണിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ചിട്ടുള്ള കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വിശ്വമലയാളമഹോത്സവവുമായി ബന്ധപ്പെട്ട് മന്ത്രിയും കൂട്ടരും എടുത്ത നടപടികള്‍ തികച്ചും നാണക്കേടുണ്ടാക്കുന്നതാണെന്നും പറയുന്നു. വിശ്വമലയാള മഹോത്സവത്തില്‍ പങ്കെടുത്ത രാഷ്ട്രപതിക്ക് ഉപഹാരം നല്കാന് പോലും അക്കാദമി പ്രസിഡണ്ടിനെ അനുവദിക്കാതിരുന്നതും ശരിയായ നടപടിയല്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനുശേഷം അക്കാദമിയുടെ ഭരണസമിതിപോലും ചേര്‍ന്നിട്ടില്ല.
വിശ്വമലയാള മഹോത്സവം അജണ്ട വെച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍വാഹക സമിതിയോ, ജനറല്‍ കൗണ്‍സിലോ ചേര്‍ന്നിട്ടില്ലെന്നും ആര്.ഐ.ഷംസുദ്ദീന് ആരോപിച്ചു. എന്നാല്‍ ഇത് സാംസ്കാരിക വകുപ്പാണ് സംഘടിപ്പിക്കുന്നതെന്നാണ് ഭരണസമിതിയുടെ മറുപടി. എന്നാല്‍ സാംസ്കാരിക വകുപ്പാകട്ടെ പരിപാടിയുടെ നടത്തിപ്പ് അക്കാദമിയുടെ തലയിലും കെട്ടിവെച്ചിട്ടുണ്ട്. ഇതുപോലെതന്നെയാണ് ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാര്യത്തിലും സംഗീത നാടക അക്കാദമിയിലും ലളിതകലാ അക്കാദമിയിലും നടക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: