കോട്ടയം : 60000 മെട്രിക് ടണ്‍ അരി മൊത്തവ്യാപാരികള്‍ ഏറ്റെടുത്തു കഴിഞ്ഞതായും 19 രൂപ 50 പൈസ നിരക്കില്‍ റേഷന്‍ കടകളിലൂടെ ഇന്ന് മുതല്‍ വിതരണം ആരംഭിക്കുമെന്നും ഉള്ള ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും അരി എഫ്സിഐയില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ ഏറ്റെടുത്തിട്ടില്ലെന്നും ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍, സംസ്ഥാന സെക്രട്ടറി ജി. രാധാകൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിലക്കയറ്റത്തിന്റെ പേരില്‍ റേഷന്‍ മൊത്ത-ചില്ലറ ഡിപ്പോകളില്‍ പോലീസ് നടത്തുന്ന അനാവശ്യ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് 14000 റേഷന്‍ കടകളും 311 അരി മൊത്ത വ്യാപാര ഡിപ്പോകളും, 320 മണ്ണെണ്ണ മൊത്തവ്യാപാരികളും ഇന്നലെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചതോടെ റേഷന്‍ മേഖല പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഹോള്‍സെയില്‍ വ്യാപാരികള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സ്റ്റോക്കെടുക്കുന്നില്ല. റീട്ടെയില്‍ വ്യാപാരികള്‍ ജനുവരി ഒന്ന് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് ജനുവരി അവസാനവാരം സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്നും ബേബിച്ചന് മുക്കാടന്‍ പറഞ്ഞു.
ഭക്ഷ്യ സബ്സിഡിക്ക് സര്‍ക്കാര്‍ അനുവദിച്ച 750 കോടി രൂപ നഷ്ടപ്പെട്ടുവെങ്കില്‍ ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ വസതി പോലീസ് റെയ്ഡ് ചെയ്യണമെന്നും മുക്കാടന്‍ ആവശ്യപ്പെട്ടു.
സബ്സിഡി നല്‍കിയിട്ടും വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉത്തരവാദി ഭക്ഷ്യമന്ത്രിയാണ്. മന്ത്രിയുടെ പാര്‍ട്ടിയില്‍പെട്ട സംസ്ഥാന ഭാരവാഹികളുടെ വീടുകളില്‍ പരിശോധന നടത്തിയാല്‍ പണംപോയ വഴി കണ്ടെത്താന്‍ കഴിയും.
റേഷന്‍ റെയ്ഡ് സംഘത്തില്‍ നിന്നും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കണം. സിവില്‍സപ്ലൈസ് സീനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പരിശോധനാ സംഘത്തിലുള്ള രണ്ട്പേര് നാല് തവണ കൈക്കൂലിവാങ്ങിയതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ടവരാണ്. 200 ല്‍ അധികം റേഷന്‍ കടകള്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കടകള്‍ സസ്പെന്റ് ചെയ്ത ശേഷം ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതിന്റെ മറവില്‍ ഒരു കോടി രൂപയുടെ പണപ്പിരിവ് നടത്താനാണ് ഭക്ഷ്യവകുപ്പിന്റെ രഹസ്യനീക്കമെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: