ന്യൂദല്‍ഹി: സ്ത്രീകള്‍ ഒറ്റയ്ക്ക് രാത്രി പുറത്തിറങ്ങാന്‍ പാടില്ല, വിനോദങ്ങള്‍ കുറയ്ക്കണം… സ്ത്രീകള്‍ക്കുള്ള ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ അലിഖിത പൊതുചട്ടമാണിത്. കുറച്ച് നാള് മുമ്പ് ഒരു പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായപ്പോള്‍ നടത്തിയ മുഖ്യമന്ത്രിയുടെ ഈ വിവാദ പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ പൊട്ടിത്തെറികളുണ്ടാക്കി. ദല്‍ഹിയിലെ ഹെഡ്ലൈന്‍സ് ടുഡേ വാര്‍ത്താ ചാനലിലെ ന്യൂസ് പ്രൊഡ്യൂസര്‍ മലപ്പുറംകാരി സൗമ്യ വിശ്വനാഥിനെ നടുറോഡില്‍ വെടിവെച്ച് കൊന്ന സംഭവത്തിലാണ് മുഖ്യമന്ത്രി പെണ്‍കുട്ടികള്‍ക്കും സ്്ത്രീകള്‍ക്കും വിനോദങ്ങള്‍ പാടില്ലെന്ന മുന്നറിയിപ്പ് നല്‍കിയത്.
പിന്നീട് പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം നാളിതു വരെ ദല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ വര്ദ്ധിപ്പിച്ചിട്ടേയുള്ളുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ തലസ്ഥാനത്തെ മലയാളി പെണ്‍കുട്ടികളും ഭീതിയിലാണ്.
ഉത്തര്‍ പ്രദേശ്, ഹരിയാന, ബീഹാര്‍, അസാം, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമേ തെക്കേന്ത്യയില്‍ നിന്നും നിരവധി പെണ്‍കുട്ടികളാണ് ഇവിടെ ബി.പിഒ, നഴ്സിങ് തുടങ്ങിയ മേഖലയില്‍ ജോലിക്കായി എത്തുന്നത്. നഴ്സിങ് മേഖലയില്‍ ഇവിടെ ജോലി ചെയ്യുന്നവരില്‍ 90 ശതമാനം പേര് മലയാളികളാണ്. വര്‍ദ്ധിച്ചു വരുന്ന ഈ അതിക്രമങ്ങള്‍ ഇവരേയും അസ്വസ്ഥരാക്കന്നുണ്ട്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് റൂമിലേക്ക് മടങ്ങാന്‍ തന്നെ പേടിയാകുന്നു. നോയ്ഡ ഫോര്‍ട്ടിസ് ആശുപത്രിയിലെ നഴ്സായ നീന മാത്യു ജന്മഭൂമിയോട് പറഞ്ഞു. വാഹന സൗകര്യവുമില്ല. പിന്നെ അധികൃതര്‍ അറിയാതെ നഴ്സിങ് സ്റ്റേഷനില്‍ തന്നെ തല ചായ്ക്കും. നേരം പുലരുമ്പോള്‍ തന്നെ മടങ്ങും. സ്വന്തമായി വാഹനം പിടിച്ച് താമസിക്കുന്ന ഇടം പറ്റാന്‍ സാമ്പത്തിക ശേഷി ഇവരെ അനുവദിക്കുന്നില്ല.
ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ എന്നീ രാജ്യത്തെ നാലു മെട്രോകളെ അപേക്ഷിച്ച് പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യതലസ്ഥാനത്ത് തന്നെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011ല്‍ 572 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്. മുംബൈയില്‍ 239 ആയിരുന്നു കണക്ക്. അതും ദല്‍ഹിയെ അപേക്ഷിച്ച 20 ലക്ഷം പേര് മുംബൈയില്‍ കൂടുതലുണ്ടായിട്ടും. ബാംഗ്ലൂരിനാണ് മൂന്നാം സ്ഥാനം. 96 കേസുകള്‍ 2011 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചെന്നൈയില്‍ 76 ഉം കൊല്‍ക്കത്തയില്‍ 47 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ നാലു സംസ്ഥാനങ്ങള്‍ ഒന്നിച്ചെടുത്താലും ദല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കൊപ്പം വരില്ല.
അനധികൃത ക്യാബ് സര്‍വീസുകളും രേഖകളില്ലാതെ ഓടുന്ന ചാര്‍ട്ടട് ബസുകളും പൊതു പാര്‍ക്കുകളിലെ സുരക്ഷാ വീഴ്ച്ചയും സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രധാന കവലകളിലും നിരത്തുകളിലും സിസിടിവികള്‍ ധാരാളമുണ്ടെങ്കിലും പരിശോധനയില്‍ വരുന്ന വീഴ്ച്ച കുറ്റകൃത്യങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ അനാസ്ഥയും ഇതിനു കാരണമാവുന്നുണ്ട്. അനധികൃത സര്‍വീസുകള്‍ കണ്ടെത്തുന്നതിനായി ക്രമമായ പരിശോധനകളൊന്നും ഇവരുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.
2010 ല്‍ ജഗോരിയും ഐക്യരാഷ്ട്രസഭയുടെ വനിതാ വിഭാഗവും ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ 69 ശതമാനം പുരുഷന്മാരും 54 ശതമാനം സ്ത്രീകളും ഇത്തരം സംഭവങ്ങള്‍ കണ്ടാല്‍ പോലും പ്രതികരിക്കാതെ ഒഴിഞ്ഞു മാറുന്നതായി കണ്ടെത്തി.
ഒടുവിലുണ്ടായ ഈ സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്ക്രിയത്വത്തിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ക്കാണ് ദല്‍ഹി ഇന്നലെ സാക്ഷ്യം വഹിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സംഭവം നടന്ന വസന്ത് വിഹാറിലെ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. മഹിപാല്‍പൂര്‍, മുനീര്‍ക്ക ആര്.കെ.പുരം എന്നീ സ്ഥലങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തകരും ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രകടനം നടത്തി. ചിലയിടങ്ങളില്‍ മൂന്നു മണിക്കൂറോളം ഗതാഗതം സ്ഥംഭിപ്പിച്ചു.
ഗസിയാബാദ്, നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ് എന്നീ പ്രദേശങ്ങളിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാരാണ് ഇത്തരം കേസുകളില്‍ പ്രതികളാവുന്നവരില്‍ ഏറെയും.
>> ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: