ശ്രീനഗര്‍: ജമ്മു-കാശ്മീര്‍ സര്‍ക്കാരില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നത് ഭീകരര്‍. ഭീകര സംഘടനയുമായി മുമ്പ് ബന്ധമുണ്ടായിരുന്ന നിരവധി പേര് ഇത്തരം പദവികള്‍ വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് അല്ലെങ്കില്‍ പോലീസ് സര്‍വീസ് പരീക്ഷ, ഇതിന് പുറമെ കാശ്മീര്‍ പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന ജുഡീഷ്യല്‍ പരീക്ഷകളിലും യോഗ്യത നേടിയതിന് ശേഷമാണ് ഇവര്‍ ഉന്നത പദവിയിലെത്തുന്നത്.
ഈ വര്‍ഷം നടത്തിയ ജുഡീഷ്യറി പരീക്ഷയില്‍ ഒന്നാമതെത്തിയ ഉദ്യോഗാര്‍ത്ഥിയുടെ നിയമനം ഫെബ്രുവരി വരെ തടഞ്ഞതിനെ തുടര്‍ന്നാണ് ഈ വസ്തുത വെളിയില്‍ വന്നത്. സിഐഡി അന്വേഷണത്തിന്റെ ഭാഗമായാണ് നിയമനം തടഞ്ഞത്. ഭീകര ബന്ധമുണ്ടായിരുന്ന നിരവധി പേര് വിവിധ വകുപ്പുകളുടെ തലപ്പത്തുണ്ടെന്നും ഇവര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ് ഈ ഉദ്യോഗാര്‍ത്ഥി ആവശ്യപ്പെട്ടിരിക്കുന്നത്.
നിരവധി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളായ അല്‍ ജിഹാദ് ഭീകര സംഘടനയുടെ ഉപ മേധാവിയായിരുന്ന വ്യക്തിയാണ് ഈ വര്‍ഷം നടത്തിയ ജുഡീഷ്യല്‍ പരീക്ഷയില്‍ ഒന്നാമതായത്. ജസ്റ്റിസ് അഫ്താബ് അലം, രഞ്ജന ദേശായി എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ഡിവിഷന് ബെഞ്ചാണ് ഇയാളുടെ നിയമനം സ്റ്റേ ചെയ്തത്.
വിവിധ വകുപ്പുകളില്‍ ഭീകര ബന്ധം ആരോപിക്കുന്ന നിരവധി പേര് ഉന്നത സ്ഥാനം വഹിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥരും പറയുന്നുണ്ട്. 1996 സിവില്‍ സര്‍വീസ് ബാച്ചില്‍ പെട്ട, നിലവില്‍ ഉത്തര കാശ്മീരിന്റെ ചുമതല നോക്കുന്ന ഉദ്യോഗസ്ഥന് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇയാളുടെ ഇടത് കൈയ്ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതായും പറയുന്നു.
കാശ്മീരിലെ കീഴ്കോടതികളില്‍ ഭീകര ബന്ധം ഉണ്ടായിരുന്ന ഒട്ടനവധി പേര് വിവിധ പദവികള്‍ വഹിക്കുന്നുണ്ട്. ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായി ജോലി നോക്കുന്നവര്‍ ഓഫീസര്‍മാരെ തട്ടിക്കൊണ്ടുപോയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും പറയുന്നു.
മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദിന്റെ ഭാര്യാ സഹോദരനെ തട്ടിക്കൊണ്ടുപോയ ഭീകരരുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥനും മുനിസിപ്പല്‍ കോര്പ്പറേഷനിലുണ്ടെന്ന് അധികൃതര്‍ തന്നെ വെളിപ്പെടുത്തുന്നു.
ഇത്തരത്തില്‍ ആരോപണ വിധേയരായവരെപ്പറ്റിയുള്ള സിഐഡി റിപ്പോര്‍ട്ട് അതാത് ഡിപ്പാര്‍ട്ട്മെന്റുകള്‍ പരിശോധിച്ച ശേഷമാണ് ഇവര്‍ സര്‍വീസില്‍ പ്രവേശിച്ചതെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: