ബംഗളൂരു: കര്‍ണാടക നിയമസഭ ഗോവധ നിരോധന ബില്‍ പാസ്സാക്കി. പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും എംഎല്‍എമാരുടെ തീവ്രമായ എതിര്‍പ്പുകളെ അവഗണിച്ചാണ് ഗോവധനിരോധനവും സംരക്ഷണവും 2012 ബില്‍ കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയത്. നിയമസഭയുടെ അവസാനദിനത്തിലാണ് ബില്‍ പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് കാളയുടെ വര്‍ഗത്തില്‍ വരുന്ന ഒരു ജന്തുവിനെയും സംസ്ഥാനത്തിനുള്ളില്‍ വച്ച് അറുക്കാന്‍ കഴിയില്ല.
കാളയെയും പശുവിനെയും കൊല്ലുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. 15 വയസ്സുവരെയുള്ള എരുമകളെ കൊല്ലുന്നതും ഈ നിയമമനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പശു, എരുമ, ആട്, ചെമ്മരിയാട്, മറ്റു ചില മൃഗങ്ങള്‍ എന്നിവയെ കൊല്ലുന്നത് നിരോധിച്ച് ഒരുവര്‍ഷം മുമ്പ് കര്‍ണാടക സര്‍ക്കാര്‍ ബില്‍ പാസ്സാക്കിയിരുന്നു. ഈ ബില്‍ ഇപ്പോഴും ഇന്ത്യന്‍ പ്രസിഡന്റിന്റെ പരിഗണനയിലാണ്. പുതിയ ബില്‍ പശു, കാള, 15 വയസ്സുവരെയുള്ള എരുമ എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതാണെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.
മൃഗസംരക്ഷണ വകുപ്പു മന്ത്രി രേവു നായിക് ബെല്മാഗിയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. 1964ലെ കര്‍ണാടക ഗോവധ നിരോധനവും കന്നുകാലി സംരക്ഷണവും നിയമത്തില്‍ ഭേദഗതി വരുത്തി പശുവിന്റെയും കാളയുടെയും വരിയുടയ്ക്കപ്പെട്ട കാളയുടെയും നിര്‍വചനം വിശദീകരിക്കണമെന്ന് പുതിയ ബില്‍ ശുപാര്‍ശ ചെയ്യുന്നു. ബിജെപിക്ക് ഭൂരിപക്ഷമുള്ള ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ബില്‍ അവതരിപ്പിച്ച് പാസ്സാക്കിയിരുന്നു.
വിഎച്ച്പി രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ മികച്ച പ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ച് കര്‍ണാടക നിയമസഭയെ ബില്‍ പാസ്സാക്കിയതില്‍ അഭിനന്ദിച്ചു. നിയമം കര്‍ശനമായി പാലിക്കുമെന്ന് കരുതുന്നതായും മറ്റു ചില സംസ്ഥാനങ്ങളെ പോലെ അറവുശാലകള്‍ നിര്‍ബാധം പ്രവര്‍ത്തിപ്പിക്കുകയും പശുമാംസം കയറ്റുമതി ചെയ്യുകയും ചെയ്യില്ലെന്ന് കരുതാം. പൗരന്മാര് ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുകയും സംസ്ഥാന പോലീസിനോടൊത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഇനി ഇക്കാര്യത്തില്‍ ദേശീയനിയമം കൊണ്ടുവരാനായി പ്രയത്നിക്കാമെന്നും പ്രവീണ്‍ തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: