കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഒരു സ്കൂളിലെ ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെയുള്ള അധ്യാപകരെ വിദ്യാര്‍ത്ഥിനികള്‍ 24 മണിക്കൂര്‍ ബന്ദികളാക്കി. പ്രീ ബോര്‍ഡ് പരീക്ഷയില്‍ പരാജയപ്പെട്ട 29 വിദ്യാര്‍ത്ഥിനികളാണ് തങ്ങളുടെ ഉത്തരക്കടലാസുകള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരെ ബന്ദികളാക്കിയത്. ഉത്തരക്കടലാസുകള്‍ പുന:പരിശോധിക്കാമെന്ന് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കൗണ്‍സില്‍ നല്കിയ ഉറപ്പിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാല്‍ കൗണ്‍സിലിന്റെ തീരുമാനം ചട്ടലംഘനവും കീഴ്വഴക്കങ്ങള്‍ക്ക് എതിരാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
തെക്കന്‍ കൊല്‍ക്കത്തയിലെ ്യൂഋഷി അരബിന്ദോ ബാലികാ വിദ്യാലയത്തില്‍ തിങ്കളാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. പാസ് മാര്‍ക്ക് നല്കി ബോര്‍ഡ് പരീക്ഷ എഴുതാന്‍ തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാജയപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഘോഷ് ഉള്‍പ്പെടെയുള്ള അധ്യാപകരെ ഘൊരാവോ ചെയ്തത്. 105 വിദ്യാര്‍ത്ഥിനികളാണ് പ്രീ-ബോര്‍ഡ് പരീക്ഷ എഴുതിയത്. ഇവരില്‍ 76 പേര് പാസ്സായി. എന്നാല്‍ 29 പേര് രണ്ടില്‍ കൂടുതല്‍ വിഷയങ്ങളില്‍ തോല്‍ക്കുകയായിരുന്നു. തങ്ങള്‍ക്ക് തെറ്റായ രീതിയിലാണ് മാര്‍ക്ക് നല്‍കിയതെന്നായിരുന്നു പരാജയപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ വാദം. ചില രക്ഷിതാക്കളും വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി എത്തി. സംഭവമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.
തിങ്കളാഴ്ച രാത്രിയിലും അധ്യാപകര്‍ക്ക് സ്കൂള്‍ വിട്ടുപോകാന്‍ കഴിഞ്ഞില്ല. പ്രശ്നത്തില്‍ ഇടപെടണമെന്ന് പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ സ്കൂളിലെത്തിയ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കൗണ്‍സില്‍ പ്രിന്‍സിപ്പലിനോടും മറ്റ് അധ്യാപകരോടും ചര്‍ച്ച നടത്തി. തോറ്റ വിദ്യാര്‍ത്ഥിനികളുടെ ഉത്തരക്കടലാസ് വീണ്ടും പരിശോധിക്കാമെന്ന് കൗണ്‍സില്‍ സെക്രട്ടറി അചിന്ത്യപാല് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രക്ഷോഭം താത്ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കൗണ്‍സിലിന്റെ തീരുമാനത്തോട് അധ്യാപകര്‍ക്ക് യോജിപ്പില്ല. വിദ്യാഭ്യാസരംഗത്തെ അരക്ഷിതാവസ്ഥയാണ് വിദ്യാര്‍ത്ഥിനികളുടെ നടപടി സൂചിപ്പിക്കുന്നതെന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: