തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന, ഭീകരബന്ധം, ധനസ്രോതസ്, സംസ്ഥാനാന്തരബന്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നതിന് കേരളസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി വിവിധ സംഘടനാ നേതാക്കള്‍ക്ക് ഉറപ്പ് നല്കി. ഇതുസംബന്ധിച്ച് നിവേദനം നല്കിയ മത്സ്യപ്രവര്‍ത്തക സംഘം ഉപാദ്ധ്യക്ഷന്‍ എന്‍.പി.രാധാകൃഷ്ണന്, മാറാട് അരയ സമാജം സെക്രട്ടറി ടി. മുരുകേഷ്, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലകൃഷ്ണന്കുട്ടി മാസ്റ്റര്‍, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, കെപിഎംഎസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി തുറവൂര്‍ സുരേഷ്, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ട്രഷറര്‍ കെ.പി.നാരായണന്, കേരള ക്ഷേത്രസംരക്ഷണസമിതി സെക്രട്ടറി സി.കെ.കുഞ്ഞ്, പട്ടികജാതി സംയുക്ത സമിതി ജനറല്‍ സെക്രട്ടറി തഴവാ സഹദേവന് തുടങ്ങിയ നേതാക്കള്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ ആവശ്യം നേടിയെടുക്കുന്നതിന് അന്തിമ സമരത്തിന് തയ്യാറാകണമെന്നും ചൂണ്ടിക്കാട്ടി. മാറാട് കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യാത്തതില്‍ നേതാക്കള്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. പ്രഗത്ഭനായ മുതിര്‍ന്ന അഭിഭാഷകനെ സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണം. കേസിന്റെ നടത്തിപ്പില്‍ ഉദാസീനത സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത്. യാതൊരു തടസവുമില്ലെങ്കില് മാറാട് കൊലക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം നടത്താമെന്ന് 2003ല്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി ഹിന്ദു സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നതാണ്. സര്‍ക്കാര്‍ ഒട്ടും വൈകാതെ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: