തൃശൂര്‍ : എഫ്സിഐ ഗോഡൗണില്‍ പഴക്കം ചെന്ന അരിയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചത് നാലായിരം കിലോ അലുമിനിയം ഫോസ്ഫേറ്റ്. 2009 ജൂണ്‍ മുതല്‍ 2011 ജൂണ്‍ വരെയുള്ള കാലയളവില്‍ ഏകദേശം 20000 ടണ്‍ അരിയിലാണ് മാരക വിഷാംശമായ അലുമിനിയം ഫോസ്ഫേറ്റ് പ്രയോഗിച്ചത്. ഇതിനു പുറമെ മാലാത്തിയോണ്‍ 200 ലിറ്ററും ന്യുവാന്, എക്കാലക്സ് എന്നിവ 150 ലിറ്ററും പ്രയോഗിച്ചു. ഡെല്‍ട്ടാ മെട്രിന് 700 കിലോയാണ് ലായനിയാക്കി അരിയില്‍ തളിച്ചിരിക്കുന്നത്. മാരക വിഷാംശങ്ങളടങ്ങിയ അരിയാണ് പിന്നീട് റേഷന്‍കടകള്‍ വഴി സാധാരണക്കാര്‍ക്കായി എഫ്സിഐ അധികൃതര്‍ നല്‍കിയത്.
മാരക വിഷാംശപ്രയോഗം തൊഴിലാളികളുടെ ജീവനും ഭീഷണിയായിരിക്കുകയാണ്. 150ലേറെ പേര് ജോലി ചെയ്യുന്ന മുളംകുന്നത്തുകാവ് എഫ്സിഐ ഗോഡൗണില്‍ ഇതിനോടകം മൂന്നുപേര്‍ കാന്‍സര്‍ രോഗം ബാധിച്ച് മരിച്ചതായി പറയുന്നു. ഇപ്പോള്‍ ഒരു സ്ത്രീ തൊഴിലാളി അടക്കം രണ്ടുപേര്‍ കാന്‍സര്‍ ബാധിതരാണ്. ഇതിനുപുറമെ പത്തോളം പേര് രോഗബാധിതരുമാണെന്നും പറയുന്നു. ഇതില്‍തന്നെ രണ്ടുപേരുടെ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞവരാണ്. നിരവധി തൊഴിലാളികള്‍ ത്വക്ക് രോഗത്തിനും അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മാരകമായ വിഷാംശം തളിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ടെങ്കിലും പഴയ കുറുവ, ജയ അരികളിലാണ് വിഷാംശം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. രണ്ടുവര്‍ഷത്തിലധികം പഴക്കമുള്ള ടണ്‍ കണക്കിന് അരി സ്റ്റോക്കുള്ളപ്പോള് അത് വിതരണം ചെയ്യാന്‍ നടപടി എടുക്കാതെ സ്വകാര്യ മില്ലുടമകളുടെ ഗോഡൗണുകളില്‍ പത്തുദിവസം മാത്രം പഴക്കമുള്ള അരി വിതരണം നടത്തുവാന്‍ ഏറെ വര്‍ഷമായി അനുമതി നല്‍കുന്നതായും പറയുന്നു. ഇത് എഫ്സിഐയുടെ ഫിഫോ നിയമത്തിന്റെ ലംഘനമാണെന്നും പറയപ്പെടുന്നുണ്ട്.
അങ്കമാലി, കൊച്ചി, ചിങ്ങവനം എന്നീ എഫ്സിഐ ഗോഡൗണുകളില്‍ നിന്നും ഇടുക്കി ജില്ലയിലെ അറക്കുളം എഫ്സിഐ ഡെപ്പോയിലേക്ക് സ്ഥിരമായി അരി നീക്കം ചെയ്തുവരുന്നുണ്ട്. മുളംകുന്നത്തുകാവ് എഫ്സിഐയിലാകട്ടെ വര്‍ഷങ്ങള്‍ പഴക്കം ചെല്ലുംതോറും കീടങ്ങള്‍ കയറി അരി പൊടിയായി നശിക്കുകയാണ്. ഇതിനെ തടയിടുന്നതിനാണ് കീടനാശിനി പ്രയോഗം നടത്തുന്നത്.
ഇത്തരം വിഷാംശം കലര്‍ത്തിയ അരി കയറ്റിറക്ക് നടത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് തലചുറ്റല്‍, ഛര്‍ദ്ദി, ശരീരമാകെ ചൊറിഞ്ഞ് തടിക്കുക, ചുമ, ശ്വാസംമുട്ട് എന്നിവ അനുഭവപ്പെടാറുള്ളതായും പറയുന്നുണ്ട്. ഇതിനെതിരെയൊന്നും യാതൊരു നടപടികളും സ്വീകരിക്കാന്‍ എഫ്സിഐ അധികൃതരോ സംസ്ഥാന സര്‍ക്കാരോ തയ്യാറാകുന്നില്ല.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: