വാഷിങ്ങ്ടണ്‍: ആരോഗ്യപരമായ വ്യാപാരബന്ധം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ഇന്ത്യ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തില്‍ സുരക്ഷയും ഭീകരവാദവുമാണ് മുഖ്യ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണറായ സല്മാന് ബഷീര്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന സമയത്ത് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവുമായി ഇതുസംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇത് നിന്നു പോകുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി യാഷ് കെ.സിന്‍ഹ പറഞ്ഞു.
ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം മേഖലയിലെ വിപണിയുടെ പുരോഗതിക്ക് സഹായകമാവുമെന്നും സിന്‍ഹ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ശരിയായ രീതിയില്‍ വ്യാപാരബന്ധം നടക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. അഭിമത രാഷ്ട്രം എന്ന പദവിക്കുവേണ്ടി ഇന്ത്യ കാത്തിരിക്കുകയാണെന്നും ഈ മാസം അവസാനത്തോടെ ഇതിനുവേണ്ട നടപടികള്‍ പാക്കിസ്ഥാന് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണേഷ്യന്‍ എക്കണോമിക്ക് ഇന്റഗ്രേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരബന്ധം പുനരാരംഭിക്കുന്നതിനുള്ള ഔദ്യോഗിക കാര്യങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. വ്യാപാരം നടത്തേണ്ട വസ്തുക്കളെ ഉള്‍പ്പെടുത്തി ഇന്ത്യ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിലവിലെ വ്യാപാര മാര്‍ഗങ്ങളിലൂടെയല്ലാതെ പുതുതായി വഴി തുറന്നുകൊടുക്കില്ലെന്നാണ് പാക്കിസ്ഥാന് സെനറ്റ് ചെയര്മാന് നയ്യര്‍ ഹുസൈന് ബൊക്കാരി വ്യക്തമാക്കിയത്. വടക്കേ ഇന്ത്യയിലും പാക്കിസ്ഥാന് പഞ്ചാബ് പ്രവിശ്യയിലേക്കും എളുപ്പത്തില്‍ വ്യാപാരം നടത്താനുള്ള മാര്‍ഗം അമൃതസറാണെന്നും ഈ മാര്‍ഗമല്ലാതെ പുതുതായി ഒന്ന് തുറന്നുകൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സാര്‍ക്ക് രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം പുലര്‍ത്താന്‍ ഇന്ത്യ തയ്യാറാണെന്ന് ചടങ്ങില്‍ സംസാരിച്ച വിദേശകാര്യസെക്രട്ടറി രഞ്ചന്‍ മത്തായി പറഞ്ഞു. ഓരോ രാഷ്ട്രങ്ങളോടും ഇന്ത്യക്ക് വ്യക്തമായ നിലപാടുണ്ട്. രാജ്യത്തെ നിയമങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിനെതിരെ ബംഗ്ലാദേശ് രംഗത്തെത്തുകയും ചെയ്തു. പാക്കിസ്ഥാന്റെ തീരുമാനത്തില്‍ വിദ്വേഷമുണ്ടെന്ന് പറഞ്ഞ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ താരിഖ് കമീര്‍ സുരക്ഷാവെല്ലുവിളികള്‍ തന്നെയാണ് മുഖ്യ കാരണമായി ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: