ഏതാണ്ട് രണ്ടു വര്‍ഷം മുമ്പ് കോഴിക്കോട് നഗരത്തിലെ ഹൃദയഭാഗത്ത് നടന്ന ഒരു സംഭവത്തില്‍ പോലീസുകാര്‍ കാണിച്ച നികൃഷ്ടതക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉചിതമായ നടപടി സ്വീകരിച്ചിരിക്കുന്നു. ഇന്നത്തെ അന്തരീക്ഷത്തില്‍ തികച്ചും സ്വാഗതാര്‍ഹമാണ് കമ്മീഷന്റെ ഉത്തരവ്. ഇത് മനസ്സാക്ഷിയുള്ളവര്‍ക്ക് ആശ്വാസം മാത്രമല്ല ആത്മവിശ്വാസവുംപകരുന്നു. 2010 മാര്‍ച്ചില്‍ കോഴിക്കോട്ടെ മാവൂര്‍ റോഡിലെ ഒരു ഹോട്ടലില്‍ ടോയ്ലറ്റില് ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സംഭവമാണ് ഒച്ചപ്പാടിനും തുടര്‍ന്നുള്ള നടപടിക്കും ഇടയാക്കിയത്. ടോയ്ലറ്റില് പോയ പെണ്‍കുട്ടിക്ക് സംശയം തോന്നിയതിനെതുടര്‍ന്ന് മൊബെയില്ക്യാമറകണ്ടെത്തുകയായിരുന്നു. പരിശോധിച്ചപ്പോള്‍ മോശമായ ദൃശ്യങ്ങള്‍ അതില്‍ പകര്‍ത്തിയതായി മനസ്സിലായി. ഉടനെതന്നെ അവര്‍ ബന്ധുവായ രാഹുലിനെ വിവരം അറിയിച്ചു. തുടര്ന്നുണ്ടായസംഭവവികാസങ്ങളാണ് നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷത്തിന് ഇടവെച്ചത്. സംഭവം അന്വേഷിച്ചെത്തിയപോലീസിന് തുടക്കം മുതല്‍ ഹോട്ടല്‍ ഉടമയെയും ജോലിക്കാരെയും രക്ഷിച്ചെടുക്കാനായിരുന്നു തത്രപ്പാട്. കാക്കിയിട്ടാല്‍ കാണിക്കേണ്ട മര്യാദയ്ക്കപ്പുറത്ത് സ്വന്തം താല്പര്യങ്ങളുടെ തൊപ്പിയണിയാനായിരുന്നു പോലീസിനുതാല്പര്യം. അതുപ്രകാരം പരാതിക്കാരിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയും അരിശം തീരും വരെ മര്‍ദ്ദിക്കുകയും ചെയ്തു. ടോയ്ലറ്റില് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ ക്യാമറ പരാതിക്കാരിയുടേതെന്ന നിലപാടിലായിരുന്നു കുപ്രസിദ്ധി ഏറെയുള്ള നടക്കാവ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍.
തങ്ങളുടെ നിരപരാധിത്വം എത്ര ശ്രമിച്ചിട്ടും പോലീസുകാര്‍ മനസ്സിലാക്കുന്നില്ല എന്ന ബോധ്യത്തിനൊടുവില് രാഹുലിനെ ബലംപ്രയോഗിച്ച് ജീപ്പ്പില്‍ കയറ്റി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. കാരണമില്ലാതെ ലോക്കപ്പിലിടുകയും അതിഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടതോടെയാണ് ജീവച്ഛവമായ രാഹുല്‍ പുറത്തിറങ്ങിയത്. പോലീസ് സേനയ്ക്ക് മൊത്തം അപമാനം വരുത്തിയ സംഭവമായിരുന്നു അത്. സമയാസമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം സൗജന്യമായി കിട്ടുന്നതിന്റെ കടപ്പാടാണ് വാദിയുടെ നേരെ കാക്കിപ്പട തീര്‍ത്തത്. തികച്ചും ഹോട്ടലുകാരുടെ ഗുണ്ടാപ്പടയായി നടക്കാവ് സ്റ്റേഷനിലെബന്ധപ്പെട്ട പോലീസുകാര്‍ അധപ്പതിച്ചു പോയി എന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത മനുഷ്യാവകാശ കമ്മീഷന് നടത്തിയവിലയിരുത്തല് വാസ്തവത്തില്‍ സേനയുടെ കണ്ണുതുറപ്പിക്കാന്‍ പോന്നതാണ്. പോലീസ് വേഷം അണിഞ്ഞാല്‍ മനുഷ്യരില്‍ നിന്ന് വിഭിന്നമായ ഒരു വ്യക്തിത്വം തങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്ന് കരുതുന്ന പോലീസുകാര്‍ സേനയില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇക്കാര്യത്തെക്കുറിച്ച് സേനയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് വ്യക്തമായ ബോധ്യം ഉണ്ടാവേണ്ടതാണ്. അതേപോലെ തന്നെ ആഭ്യന്തര വകുപ്പിനും ഉത്തരവാദിത്തം ഉണ്ടാവണം. വാദിക്കെതിരെ ചാടിവീഴുകയും അക്രമിക്ക് ഒത്താശ ചെയ്യുകയും എന്ന സമീപനം ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ലെന്ന് മാത്രമല്ല അങ്ങേയറ്റം അപകടകരവുമാണ്.
രാഹുലിനെ സ്റ്റേഷന് ലോക്കപ്പില്‍ അന്യായമായി പൂട്ടിയിട്ടതും കൊടിയ മര്‍ദ്ദനം അഴിച്ചുവിട്ടതും മനുഷ്യാവകാശലംഘനത്തിന്റെ ഉത്തമഉദാഹരണമായാണ് മനുഷ്യാവകാശ കമ്മീഷന് വിലയിരുത്തിയത്. പ്രൊബേഷനിലുളള എസ്.ഐ. സാധാരണ പോലീസ് ഓഫീസറുടെ ജോലി നിര്‍വഹിച്ചതും കമ്മീഷന് ഗൗരവമായെടുത്തിട്ടുണ്ട്. അതു കൊണ്ടാണ് ജുഗുപ്സാവഹമായ സ്ഥിതിഗതികളിലേക്ക് കാര്യങ്ങള്‍ തെന്നിത്തെറിച്ചു പോയതെന്നും കമ്മീഷന് വിലയിരുത്തുന്നു. പരിചയസമ്പന്നനായ സീനിയര്‍ ഓഫീസറെക്കൊണ്ട് ഗൗരവമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.യഥാര്‍ത്ഥ പോലീസ് ഓഫീസര്‍മാരുടെ കര്‍ത്തവ്യവും ഉത്തരവാദിത്വവും ബോധ്യമില്ലാത്തവരെ ക്രമസമാധാനപാലനത്തില്‍ ഉള്‍പ്പെടുത്തരുത്. പരിചയമില്ലാത്ത ഓഫീസര്‍മാരുടെ മനുഷ്യത്വരഹിതമായ സമീപനം മൂലമുള്ളപോലീസ് മൃഗീയത അങ്ങനെയേ ഒഴിവാക്കാനാവൂ എന്നും കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ അറിഞ്ഞും അറിയാതെയും നടമാടുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അനവധിയാണ്. മനുഷ്യാവകാശം എന്താണെന്നു പോലും അറിയാത്ത ഓഫീസര്‍മാര്‍ ക്രമസമാധാനപാലനത്തിനും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും ഇറങ്ങിത്തിരിച്ചാല്‍ എന്താവും ഫലം? നിരപരാധികളും നിസ്സഹായരും സഹായത്തിനുവേണ്ടി ആരെ അഭയം പ്രാപിക്കും? ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം എന്ന നിലയില്‍ നിന്നും വന്‍കിടക്കാരുടെയും ഉന്നതരുടെയും സ്വാധീനവലയത്തില്‍നിന്നും മോചനം നേടണമെന്ന താല്പര്യം പോലീസ് സേനയ്ക്ക് ഉണ്ടാവേണ്ടതല്ലേ? അല്ലെങ്കില്‍ ഗുണ്ടാപ്പടയുടെ ഔദ്യോഗികനാമധേയമായി പോലീസ് മാറില്ലേ?
കോഴിക്കോട്ടെ ഒളിക്യാമറ കേസില്‍ നഗ്നമായ മനുഷ്യാവകാശ ലംഘനം നടത്തിയ രണ്ട് എസ്.ഐ മാര്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ വിധി. ഈ തുക ഇവരുടെ ശമ്പളത്തില്‍ നിന്ന് വസൂല്ചെയ്യണമെന്നാണ് ഉത്തരവ്. വാസ്തവത്തില്‍ ഈ തുക വാദികള്‍ അനുഭവിച്ചവേദനയുടെയും അപമാനത്തിന്റെയും വ്യാപ്തിവെച്ചുനോക്കുമ്പോള് ഒന്നുമല്ലെന്ന് മനസ്സിലാവും. എന്നാലും ഇത്തരമൊരു ഉത്തരവ് സാധാരണക്കാരിലുണ്ടാക്കുന്ന ആത്മവിശ്വാസം ചില്ലറയല്ല. തുകയുടെ മൂല്യത്തെക്കാള്‍ അതിന്റെ സത്തിനാണ് വില.
മനുഷ്യാവകാശ കമ്മീഷന് ഉത്തരവിന്റെ പകര്‍പ്പ് കേരളത്തിലെ ഓരോ പോലീസ് സ്റ്റേഷനിലും എത്തിക്കാന്‍ ആഭ്യന്തരവകുപ്പ് ശ്രദ്ധിക്കണം. ക്രമസമാധാനപാലനത്തിലാണ് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാവുന്നത്. കാക്കിയിട്ടു കഴിഞ്ഞാല്‍ ഏതു പ്രജയേയും അസഭ്യം പറയാനും അടിച്ച് എല്ലൊടിക്കാനും അവകാശമുണ്ട് എന്നു കരുതുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശരിയായ കാഴ്ചപ്പാടുകിട്ടാന് ഇത്തരം വിധികള്‍ ഒട്ടൊന്നുമല്ല പ്രയോജനപ്പെടുക. തങ്ങളുടെ അന്യായമായ പ്രവൃത്തികൊണ്ട് ചോരയും കണ്ണീരും വീഴ്ത്തേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് പോലീസുകാര്‍ തന്നെയാണ്. അത്തരം ശ്രദ്ധ അവര്‍ക്കുണ്ടാവാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഈദൃശ ഉത്തരവുകള്‍ ഏറെ പ്രയോജനം ചെയ്യും. അക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളത്.
പീഡനപര്‍വം
സ്ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ സകല സീമകളും ലംഘിച്ച് മുന്നേറുകയാണെന്ന് തോന്നുന്നു. നിത്യേനെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യാതെ മാധ്യമങ്ങള്‍ പുറത്തിറങ്ങുന്നില്ല. ഏറ്റവും ഒടുവില്‍ ന്യൂദല്‍ഹിയില്‍ ഓടുന്ന ബസ്സിലാണ് ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിരിക്കുന്നത്. എവിടെവെച്ചും എന്തും ചെയ്യാം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ദല്‍ഹി പൊതുവെ പലതിനും കുപ്രസിദ്ധിയുള്ള നഗരമാണ്.സ്ത്രീകളുടെസുരക്ഷയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. വനിതാമുഖ്യമന്ത്രി ഭരിച്ചതുകൊണ്ടോ കേന്ദ്ര ഭരണകക്ഷിയുടെ ചെയര്‍ പേഴ്സണും, സ്പീക്കറുംവനിതകളായതുകൊണ്ടോ മാത്രം സ്ത്രീകള്‍ സുരക്ഷിതരാണെന്ന് പറയുക വയ്യ. ഇത്തരം സംഭവങ്ങള്രാജ്യത്തിന് അപമാനമാണ്. ലോകത്ത് ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുന്നതാണിത്. സ്ത്രീകള്‍ സുരക്ഷിതമായും സന്തോഷത്തോടെയും വസിക്കുന്നിടത്തു മാത്രമേ ശാന്തിയും സമാധാനവും കളിയാടുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഇതൊക്കെ വെറും വാക്കുകളായി പോകുന്നു. ഇത് മാറിയേമതിയാവൂ. കര്‍ക്കശമായ നടപടികളും മാര്‍ഗങ്ങളും കണ്ടെത്തി നടപ്പാക്കിയെങ്കിലേ ഇതവസാനിപ്പിക്കാനാവൂ. ഭരണകൂടം ആലസ്യത്തില്‍ നിന്നുണര്‍ന്ന് ജാഗ്രതപാലിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: