കെയ്റോ: ഈജിപ്തില്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ രാജി നല്കി. പ്രസിഡന്റ് മുഹമ്മദ് മുര്‍സി അടുത്തിടെ നിയമിച്ച തലാത് ഇബ്രാഹീം അബ്ദള്ളയാണ് പരമോന്നത നീതിന്യായ കൗണ്‍സിലിന്റെ മേധാവിസ്ഥാനത്തുനിന്നും രാജി നല്‍കിയത്. മുര്‍സിയുടെ ഭരണഘടനാഭേദഗതിയില്‍ ഹിതപരിശോധന നടക്കുന്നതിനിടെയാണ് രാജി. ശനിയാഴ്ചയാണ് രണ്ടാം ഘട്ട ഹിതപരിശോധന നടക്കുക.
അബ്ദള്ളയുടെ രാജി ആവശ്യപ്പെട്ട് ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാജി വെയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലായിരുന്നു ഇവര്‍. കഴിഞ്ഞ അഞ്ചിന് പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം മുര്‍സി അനുകൂലികളും പ്രതിപക്ഷവും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ നിരുപാധികം വിട്ടയച്ച ജനറല്‍ പ്രോസിക്യൂഷന് അംഗം മുസ്തഫാ ഖാത്തറെ കയ്റോയില്‍ നിന്ന് അപ്പര്‍ ഈജിപ്തിലേക്ക് മാറ്റാന്‍ അബ്ദള്ള നടത്തിയ ശ്രമമാണ് പ്രതിഷേധത്തിനിടയാക്കിയത്.
അറസ്റ്റിലായ 137 പേരെയും മുസ്തഫാ ഖാത്തര്‍ നിരുപാധികം വിട്ടയയ്ക്കുകയായിരുന്നു. ജുഡീഷ്യറിക്ക് ഉപരിയായി അധികാരങ്ങള്‍ കവര്‍ന്നെടുത്ത് മുര്‍സി വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരേ പ്രതിഷേധിച്ചവരും സര്‍ക്കാര്‍ അനുകൂലികളും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: