തിരുവനന്തപുരം: ബാംഗ്ലൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതിയായി കര്ണ്ണാടകജയിലില് കിടക്കുന്ന പിഡിപി നേതാവ് അബ്ദുള്‍നാസ്സര്‍ മദനിക്കുവേണ്ടി നിയമസഭയില്‍ ഭരണ, പ്രതിപക്ഷ മുറവിളി. മദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സിപിഎമ്മിലെ എം.എ.ബേബി കൊണ്ടുവന്ന സബ്മിഷനെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാപേരും പിന്തുണയ്ക്കുകയായിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണ്ണാടക പോലീസിന്റെ പിടിയിലായ മദനിയ്ക്കുവേണ്ടി ഒരിടവേളയ്ക്കു ശേഷമാണ് ഇരുകൂട്ടരും രംഗത്തു വരുന്നത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട മദനി ഒന്‍പതര വര്‍ഷം ജയിലില്ക്കിടന്നെന്നും ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഇപ്പോള്‍ ജയിലിലായ മദനിക്ക് നീതി നിഷേധിക്കുകയാണെന്നും ബേബി വാദിച്ചു. മദനിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞ ബേബി മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നു പരാതിപ്പെടുകയും ചെയ്തു. ഹൃദ്രോഗവും ഇടുപ്പെല്ല് വേദനയും പ്രമേഹവും അലട്ടുന്ന മദനിയുടെ കണ്ണുകള്‍ക്ക് കാഴ്ചശക്തി കുറഞ്ഞിട്ടുമുണ്ടെന്നുമാണ് ബേബി വിവരിച്ചത്.
മദനി വിചാരണ നടക്കുന്നത് ജയിലിന്റെ മുകള്‍ നിലയില്‍ സ്ഥാപിച്ചിട്ടുള്ള കോടതിയിലാണ്. കര്‍ശനമായ ജയില്‍ ചട്ടങ്ങള്‍ക്ക് വിധേയമായിമാത്രമേ ഇവിടേക്ക് വക്കീലന്മാര്ക്കു പോലും പ്രവേശനമുള്ളൂ. അതിനാല്‍ നല്ല വക്കീലന്മാരുടെ സേവനം മദനിക്ക് നിഷേധിക്കപ്പെടുകയാണ്. മുസ്ലീം സമുദായത്തോട് വൈരാഗ്യ ബുദ്ധിയോടെയാണ് അന്വേഷണ ഏജന്‍സികള്‍ പെരുമാറുന്നതെന്നും ബേബി അഭിപ്രായപ്പെട്ടു. വിചാരണയുടെ പേരില്‍ വര്‍ഷങ്ങളോളം ജയിലില്‍ പിടിച്ചിടുന്ന സംഭവങ്ങള്‍ നിരവധിയാണ്. മാരകമായ രോഗങ്ങള്‍ ബാധിച്ചു ജയിലില്‍ കഴിയുന്ന മദനിയുടെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അടിയന്തരമായി വിദഗ്ധ ചികിത്സ നല്കാന് കേരളാ സര്‍ക്കാര്‍ ഇടപെടണമെന്നും ബേബി ആവശ്യപ്പെട്ടു.
മദനിയുടെ മാതാപിതാക്കള്‍ തന്നെ വന്നുകണ്ടിരുന്നെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പൗരന് ന്യായമായി ലഭിക്കേണ്ട ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. മാനുഷിക പരിഗണന നല്‍കണമെന്നായിരുന്നു കോവൂര്‍കുഞ്ഞുമോന്റെ ആവശ്യം.
വിചാരണയില്ലാതെ ഒരാളെ ദീര്‍ഘനാള്‍ ജയിലില്‍ അടയ്ക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ അടച്ചപ്പോഴും ഇതേ സമീപനമാണ് തങ്ങള്‍ സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മറ്റൊരു സംസ്ഥാനത്ത് ജയിലില്‍ കിടക്കുമ്പോള്‍ ഇടപെടാന്‍ വളരെ പരിമിതിയുണ്ട്. കര്‍ണ്ണാടകയിലേക്ക് ആഭ്യന്തര സെക്രട്ടറി കത്തയച്ചിരുന്നു. അവിടെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന മറുപടി ലഭിച്ചു. ചികിത്സ ലഭ്യമായെന്ന് ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: