ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് ഖദിം ഹുസൈന് നൂറിയും രണ്ട് പോലീസ് ഉദ്യോഗസ്ഥരും അക്രമികളുടെ വെടിയേറ്റുമരിച്ചു. തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ക്വാറ്റയില്‍ ഇന്നലെ രാവിലെ ആയിരുന്നു ആക്രമണം. ഇരുചക്രവാഹനത്തിലെത്തിയ അക്രമികള്‍ നൂറിയേയും ഒപ്പമുണ്ടായിരുന്ന പോലീസുകാരേയും വെടിവെക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസുകാരനു സാരമായി പരിക്കേറ്റു. സുന്നി-ഷിയ ആക്രമണങ്ങള്‍ പതിവായ മേഖലയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട സര്‍ക്കാര്‍ വക്താവ് ഷിയ വിഭാഗത്തില്‍പ്പെട്ടിരുന്ന ആള് ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അതേസമയം, പാക്കിസ്ഥാനിലെ ജമൃദ് ജില്ലയിലെ ഖൈബര്‍ ഗോത്രമേഖലയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 16 പേര് കൊല്ലപ്പെട്ടു. 50 ലധികം പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. രാവിലെയാണ് സംഭവം. ജമൃദ് ഖൈബര്‍ ഏജന്‍സിക്ക് സമീപം ബസ് സ്റ്റോപ്പിലാണ് സ്ഫോടനം ഉണ്ടായത്. ബസ് സ്റ്റോപ്പിനടുത്തായി നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഉണ്ടായിരുന്ന ഉഗ്രസ്ഫോടന ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പാക്ക് സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ കെട്ടിടത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. എന്നാല്‍ ഇവരെ ലക്ഷ്യം വെച്ചാണോ ആക്രമണം ഉണ്ടായതെന്ന് വ്യക്തമല്ല.
കൊല്ലപ്പെട്ടവരില്‍ അഞ്ച് അഫ്ഗാന് വനിതകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. 20 ഓളം വാഹനങ്ങള്‍ അഗ്നിക്കിരയായി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച്ച പെഷവാറിലെ വിമാനത്താവളത്തിനുനേര്‍ക്ക് റോക്കറ്റാക്രമണം ഉണ്ടായിരുന്നു. ഇതില്‍ അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ 11 ഭീകരരെയും വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: