ചേര്‍ത്തല: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ചരിത്ര നിയോഗമാണെന്നും ഗുണപരമായ സാമൂഹ്യമാറ്റത്തിന് ഉൗര്‍ജവും കരുത്തും പകരാന്‍ ഈ ഐക്യത്തിന് കഴിയുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
എസ്എന്‍ഡിപിയുടെ 107-ാമത് വാര്‍ഷിക പൊതുയോഗ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വെള്ളാപ്പള്ളിയാണ് ഇന്നലെ ചേര്‍ത്തലയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് രൂപംകൊണ്ടതാണ് ഈ ഐക്യം. വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും ഇരുസമുദായങ്ങള്ക്കുമുണ്ടാകാം. അവയെ പരസ്പരം മനസിലാക്കിയും മാനിച്ചും മുന്നോട്ടുപോകുകതന്നെ ചെയ്യും. വിയോജിക്കുവാനുള്ളതിനേക്കാള് യോജിക്കുവാനുള്ള തലങ്ങള്‍ ഏറെയാണ്. സമുദായാംഗങ്ങള്‍ ആഗ്രഹിക്കുന്നതും ഇരുസമുദായങ്ങളുടെയും യോജിച്ച പ്രവര്‍ത്തനമാണ്.
പെട്ടെന്ന് പൊട്ടിമുളച്ച ആശയമല്ല എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് സാമൂഹ്യനീതിയും സാമാന്യനീതിയും നിഷേധിക്കുന്ന സാഹചര്യങ്ങളാണ് കുറേ വര്‍ഷങ്ങളായി ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോള്‍ ഇത് ഏറെ പ്രകടമായി. ന്യൂനപക്ഷ സമുദായങ്ങള്‍ സംഘടിച്ച് ഭരണത്തെ സ്വാധീനിക്കാനും നിയന്ത്രിക്കുവാനും കരുത്തുള്ള ശക്തിയായി മാറി. വോട്ട് ബാങ്കുകള്‍ മാത്രം കാണുന്ന ഭരണാധികാരികള്‍ക്ക് ഇവര്‍ക്ക് മുന്നില്‍ വഴങ്ങേണ്ടിവന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് ഭൂരിപക്ഷ സമുദായമാണ്.
തെറ്റുതിരുത്തി നീതി നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഈ തിരിച്ചറിവ് ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യത്തിന് കാരണമായി. ഇതിന്റെ ആദ്യപടിയാണ് നായരീഴവ ഐക്യം.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഐക്യം യാഥാര്‍ഥ്യമായത്. യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമായി നയരേഖ അംഗീകരിക്കുകയും ഒപ്പിട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്. ഐക്യം ഊട്ടിയുറപ്പിക്കാന്‍ സംവരണ കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിലനിന്നിരുന്ന കേസ് ഇരുകൂട്ടരും പിന്‍വലിച്ചു. മുന്നോട്ടുപോകുവാനും ലക്ഷ്യം നേടുവാനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ചരിത്ര നിയോഗമാണെന്നും പ്രവര്‍ത്തകരെ വെള്ളാപ്പള്ളി റിപ്പോര്‍ട്ടിലൂടെ ഓര്‍മപ്പെടുത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: