കൊച്ചി: കൊച്ചിയുടെ സ്വന്തം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എറണാകുളം സരിത തിയേറ്ററിലെ നിറഞ്ഞ സദസില്‍ വര്‍ണാഭമായ തുടക്കം. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് കൊളുത്തിയ തിരി രാജ്യാന്തര ചലച്ചിത്ര ലോകത്തേക്കുള്ള കൊച്ചിയുടെ പ്രവേശന പ്രഖ്യാപനമായി. ഇനിയുള്ള ഏഴു ദിവസം കൊച്ചിയുടെ ചലച്ചിത്ര സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് തൊണ്ണൂറോളം ചിത്രങ്ങള്‍ അഞ്ചു വേദികളിലായി പ്രദര്‍ശിപ്പിക്കും. ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി എന്റര്‍ടെയിന്‍മെന്റ് സൊസൈറ്റിയുടെ ഉദ്ഘാടനം എക്സൈസ് മന്ത്രി കെ.ബാബു നിര്‍വഹിച്ചു. മുഖ്യ പ്രഭാഷണം മേയര്‍ ടോണി ചമ്മണിയും ആദ്യ പ്രദര്‍ശന ചിത്രമായ പാച്ചയുടെ അവതരണം നടന് മമ്മുട്ടിയും നിര്‍വഹിച്ചു. വിഖ്യാത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന് മക്ബല്ബഫും അമ്മയും ഭാര്യയും മൂന്ന് മക്കളും മേളയുടെ പ്രത്യേക ക്ഷണിതാക്കളായി ചടങ്ങില്‍ നിറഞ്ഞു നിന്നു. ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം സ്വന്തം അമ്മയുമായുള്ള മക്ബല് ബഫിന്റെ കൂടിക്കാഴ്ചക്കും കൊച്ചി വേദിയായി.
കൊച്ചിയുടെ മാറുന്ന മുഖമാണ് മേളയിലൂടെ ലോകത്തിന് നല്കുന്നതെന്ന്് മമ്മുട്ടി പറഞ്ഞു. കള്‍ച്ചറല്‍ ടൂറിസത്തിന്റെ കേന്ദ്രമാകാന്‍ യോജിച്ച സ്ഥലമാണ് കൊച്ചി.
സരിത, സവിത, സംഗീത, ശ്രീധര്‍, ചില്‍ഡ്രന്‍സ് തിയേറ്റര്‍ എന്നീ അഞ്ച് തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. 2012ലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പാക്കേജാണ് കൊച്ചി രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രത്യേകത. ഈ വര്‍ഷം ബര്‍ലിന്‍, ബുസാന്‍, ഹോങ്കോങ്ങ്, കാന്‍, വെന്നീസ്, ടൊറാന്റോ തുടങ്ങി വിഖ്യാതമായ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ചലച്ചിത്രങ്ങളും, മികച്ച പ്രകടനം നടത്തി നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ചിത്രങ്ങളും മേളയിലുണ്ട്.
ഒരാഴ്ച നീളുന്ന മേളയില്‍ നോര്‍വെ, മൊറോക്കോ, അര്‍ജന്റീന, ഫ്രാന്‍സ്, റുമേനിയ, പോളണ്ട്, ഇറ്റലി, ജര്‍മനി, കൊളംബിയ, ഓസ്ട്രിയ, ബെല്‍ജിയം, ചൈന, ചെക്ക് റിപ്പബ്ലിക്, അമേരിക്ക, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇതോടൊപ്പം നൂറു വര്‍ഷത്തെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളുടെയും, തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെയും മലയാളത്തിലെ നവാഗത സിനിമകളുടെ പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിനു ശേഷം ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏറെ പ്രശംസ നേടിയ ഹെക്ടര്‍ ഫെരേരിയോയുടെ ബൊളീവിയന്‍ ചിത്രമായ ‘പാച്ച’യുടെ പ്രദര്‍ശനം സരിത തീയേറ്ററില്‍ നടന്നു.
ചടങ്ങില്‍ എം.എല്‍.എമാരായ ഡൊമിനിക്ക് പ്രസന്റേഷന്, ബെന്നി ബെഹ്നാന്, ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ജി.സി.ഡി.എ ചെയര്മാന് എന്‍.വേണുഗോപാല്‍, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ഫെസ്റ്റിവല്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ചീഫ് കോ-ഓഡിനേറ്റര്‍ മുന്‍ ജില്ല കളക്ടറുമായ കെ.ആര്. വിശ്വംഭരന്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: